ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾക്ക് അംഗീകാരം നൽകാൻ ആവില്ലെന്ന് ബിജെപി എം പി സുശീൽ മോദി. സ്വവർഗ്ഗ വിവാഹത്തിൽ കേന്ദ്രം സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് ബിജെപി എംപിയുടെ വിമർശനം. സാമൂഹിക പ്രാധാന്യമുള്ള വിഷയം രണ്ട് ജഡ്ജിമാർക്ക് ഇരുന്ന് തീരുമാനിക്കാനാകില്ല. രാജ്യത്തിന്റെ സാംസ്‌കാരിക ധാർമികതക്കെതിരായ ഒരു ഉത്തരവും കോടതി നൽകരുതെന്നും സുശീൽ മോദി ആവശ്യപ്പെട്ടു.

സ്വവർഗ ബന്ധങ്ങൾ സ്വീകാര്യമാണെങ്കിലും, അത്തരം വിവാഹങ്ങൾ അനുവദിക്കുന്നതിലൂടെ വിവാഹമോചനം, ദത്തെടുക്കൽ പ്രശ്നങ്ങൾ തുടങ്ങിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് അദ്ദഹം പറഞ്ഞു.എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.ഏതൊരു നിയമവും രാജ്യത്തിന്റെ പാരമ്പര്യങ്ങളുമായും സംസ്‌കാരങ്ങളുമായും ഇണങ്ങിച്ചേരണം. ഇന്ത്യൻ സമൂഹം എന്താണെന്നും ജനങ്ങൾ അത് അംഗീകരിക്കാൻ തയ്യാറാണോ എന്നും നാം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്വവർഗ ബന്ധങ്ങൾ ഇന്ന് കുറ്റകരമല്ലാതാക്കിയിരിക്കുന്നു. എന്നാൽ വിവാഹം ഒരു പവിത്രമായ ആചാരമാണ്. സ്വവർഗ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നതും എന്നാൽ അവർക്ക് നിയമപരമായ പദവി നൽകുന്നതിലും വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വവർഗ വിവാഹത്തിൽ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും സുശീൽ് മോദി അഭിപ്രായപ്പെട്ടു. സ്വവർഗ വിവാഹം നിയമപരമാക്കുന്നതിലൂടെ ഒരുപാട് നിയമങ്ങളും മാറ്റേണ്ടതായി വരും. വിവാഹമോചന നിയമം, പ്രത്യേക വിവാഹ നിയമം, ദത്തെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്, അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയെ പാശ്ചാത്യ രാജ്യം പോലെയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'ഇടതുപക്ഷക്കാരും ലിബറൽ വാദികളുമായ ആളുകളുമായി എനിക്ക് സംവാദം നടത്താൻ കഴിയില്ലെന്നും ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നല്കിയത്. അറ്റോണി ജനറലിനും കോടതി പ്രത്യേക നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം പ്രതികരണം തേടിയാണ് നോട്ടീസ്. പത്തു വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.