- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കെ റെയിലിനായി ഭൂമി ഏറ്റെടുക്കാൻ റെയിൽവേ മന്ത്രാലയം ഉപദേശമോ നിർദ്ദേശമോ നൽകിയിട്ടില്ല; കേന്ദ്ര അനുമതി ലഭിക്കും മുമ്പ് ഭൂമി ഏറ്റെടുക്കൽ പ്രവർത്തനം തുടങ്ങി; നടപടികൾ അനധികൃതമെന്ന് കേന്ദ്രസർക്കാർ; ലോക്സഭയിൽ ഹൈബി ഈഡന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: കെ റെയിൽ നിർമ്മിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അനധികൃതമെന്ന് കേന്ദ്രസർക്കാർ. കെ റെയിലിനായി ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ നടത്താൻ കേരളാ റെയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് റെയിൽവേ മന്ത്രാലയം ഉപദേശമോ നിർദ്ദേശമോ നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കി.
ലോക്സഭയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി. കേന്ദ്രാനുമതി വേണ്ട പദ്ധതിക്ക് അനുമതി ലഭിക്കും മുമ്പ് ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. ഇതിനായി കേരള സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്കു മാറ്റി നിയമിച്ചതായാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി മറുപടി നൽകി.
റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി വേണ്ട പദ്ധതിക്ക് ആദ്യം അനുമതി, പിന്നീട് പദ്ധതി നിർവഹകണം എന്ന രീതിക്കു പകരം ആദ്യം തന്നെ അനുമതിയില്ലാതെ പദ്ധതി നിർവഹകണം തുടങ്ങുക എന്ന രീതിയാണ് കേരള സർക്കാർ പിന്തുടർന്നതെന്നത് ഉത്തരത്തിൽനിന്നു വ്യക്തമാണെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.
ഒരു പദ്ധതിയുടെ നിർവഹകണത്തിൽ പിന്തുടരുന്ന സാധാരണ രീതികൾക്കു വിരുദ്ധമായായിരുന്നു സംസ്ഥാന സർക്കാരിന്റെ നടപടികൾ. കേന്ദ്ര റെയിൽവേ ബോർഡ് കെ റെയിൽ സംബന്ധിച്ചു വ്യക്തതയില്ലാത്ത കാര്യങ്ങൾ വിശദീകരിക്കണമെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിശദീകരണം കെആർഡിസിഎൽ ദക്ഷിണ റെയിൽവേയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. സമാനമായ ചോദ്യങ്ങൾക്ക് കെ. മുരളീധരൻ എംപിയും നോട്ടീസ് നൽകിയിരുന്നു.
സിൽവർലൈൻ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കെ റെയിൽ അധികൃതർ റെയിൽവേ ബോർഡിന് സമർപ്പിച്ചിരുന്നു. റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങളാണ് സമർപ്പിച്ചത്. ഇവ പരിശോധിച്ച് ദക്ഷിണ റെയിൽവേ തുടർനടപടിക്ക് നിർദ്ദേശം നൽകും.
അതേസമയം, കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. റെയിൽവെ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് കെ. സുരേന്ദ്രന്റെ പ്രതികരണം. പ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കുമെന്നും സിൽവർലൈൻ അടഞ്ഞ അധ്യായമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ