ന്യൂഡൽഹി: ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ അടിയന്തര പ്രമേയ നോട്ടീസിനെ ചൊല്ലി പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ'യിൽ ഭിന്നത. ആലുവ കൊലപാതകവുമായി ബന്ധപ്പെട്ട് ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ ആണ് നോട്ടീസ് നൽകിയത്. ഇതിൽ ഇടത് എംപിമാർ എതിർപ്പ് അറിയിച്ചതോടെയാണ് 'ഇന്ത്യ'യിലെ ഭിന്നത പുറത്തുവന്നത്.

മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ നീക്കത്തിന് ഇത് തടസ്സമാകുമെന്ന് ഇടത് എംപിമാർ അറിയിച്ചു. മറ്റുനടപടികൾ മാറ്റിവെച്ച് ആലുവ കൊലപാതകം ചർച്ച ചെയ്യേണ്ടതില്ല. ബെന്നി ബഹനാന്റെ നീക്കം പ്രതിപക്ഷ ധാരണയ്ക്ക് വിരുദ്ധമെന്നും ഇടതുപക്ഷം ആരോപിച്ചു. എന്നാൽ നോട്ടീസ് നൽകിയ ബെന്നി ബഹനാന്റെ പ്രവൃത്തി വ്യക്തിപരമായ തീരുമാനമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.

പ്രതിപക്ഷം ഒന്നടങ്കം മണിപ്പൂർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടത്തുമ്പോഴാണ് ബെന്നി ബഹനാൻ ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. നോട്ടീസ് അംഗീകരിക്കപെട്ടില്ലെങ്കിലും പ്രതിപക്ഷം ഓറ്റകെട്ടായി മണിപ്പൂർ വിഷയം ഉയർത്തി കൊണ്ടുവരുമ്പോൾ ഇതിൽ നിന്നു വിഭിന്നമായി ബെന്നി ബഹനാൻ നൽകിയ അടിയന്തരപ്രമേയ നോട്ടീസിനെതിരെയാണ് ഇപ്പോൾ ഇടതുപക്ഷം രംഗത്തെത്തിയിരിക്കുന്നത്. അടിയന്തരപ്രമേയത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെ ഇത് ബെന്നി ബഹനാന്റെ വ്യക്തി താല്പര്യമാണെന്നും കോൺഗ്രസിൽ അത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്നും കെ.സി വേണുഗോപാൽ പ്രതികരിക്കുകയായിരുന്നു.

വിഷയത്തിൽ സംസ്ഥാന സർക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ദേശീയ തലത്തിൽ വിഷയം ചർച്ചയാക്കാൻ കോൺഗ്രസ് എംപി ശ്രമം നടത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 217 മരണങ്ങൾ സംഭവിച്ചു. 30,000 ഓളം ആക്രമണക്കേസുകളുണ്ടായി. 9,000 ഓളം കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായി. ഈ വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനാണ് തീരുമാനമെന്ന് ബെന്നി ബെഹ്നാൻ പറഞ്ഞൂ.

ആലുവയിൽ പകൽ സമയത്ത് ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. കേരളത്തിലെത്തുന്ന തൊഴിലാളികൾക്കൊപ്പം ക്രിമിനലുകളും എത്തുന്നുണ്ട്. പൊലീസ് നിഷ്‌ക്രീയമാണ്. പോക്സോ, കൊലപാതക കേസുകളിൽ പെട്ട ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഒരു പ്രതികരണവും നടത്താൻ ശ്രമിച്ചിട്ടില്ലെന്നത് നിർഭാഗ്യകരമാണ്. ശക്തമായ നടപടി സ്വീകരിച്ച് ക്രിമിനലുകളുടെ മനസ്സിൽ ഭയമുണ്ടാക്കാൻ കഴിയണമെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു.എന്നാൽ വിവാദ വിഷയത്തിൽ നിന്നും പിൻവാങ്ങാനാണ് ഇടത് എംപിമാർ താൽപര്യം കാണിച്ചത്.

അതിനിടെ, മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ മറുപടി നൽകിയ ശേഷം മാത്രം മതി ചർച്ചയെന്ന പ്രതിപക്ഷ നിലപാടിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ഭരണപക്ഷം വിമർശിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയാൻ എഴുന്നേറ്റപ്പോൾ പ്രതിപക്ഷ തടസ്സപ്പെടുത്തിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അദ്ദേഹം പറയുന്നത് കേൾക്കാൻ പോലും അവർ തയ്യാറായില്ല. പ്രധാനമന്ത്രി എഴുന്നേറ്റപ്പോൾ അവർ ഒച്ചവെച്ച് ബഹളം വെയ്ക്കുകയായിരുന്നുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.