ന്യൂഡൽഹി: മണിപ്പുർ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' പ്രതിഷേധം കടുപ്പിക്കുന്നതിനിടെ അവിശ്വാസ പ്രമേയത്തിന്മേൽ ലോക്സഭയിൽ ഈ മാസം  8,9 തീയതികളിൽ  ചർച്ച ചെയ്യും. പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യിലെ പാർട്ടികൾ എല്ലാവരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്.

എൻഡിഎയിലും പ്രതിപക്ഷ സഖ്യത്തിലും ഇല്ലാത്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിന്റെ ബിജെഡിയും സർക്കാരിനെ പിന്തുണച്ചേയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് സഭാ കക്ഷി ഉപനേതാവും അസമിൽ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്പീക്കർ ഓം ബിർള അവതരണാനുമതി നൽകുകയും ചെയ്തിരുന്നു.

ബിആർഎസ് വേറിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല. കോൺഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ ബിആർഎസ് പിന്തുണയ്ക്കുമോ എന്നത് വ്യക്തമല്ല.

മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്.

മൺസൂൺ സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതൽ പ്രതിപക്ഷം പാർലമെന്റിൽ മണിപ്പുർ വിഷയം ഉന്നയിക്കുന്നുണ്ട്. വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി പറയുമെന്ന് ഭരപക്ഷം അറിയിച്ചെങ്കിലും പ്രധാനമന്ത്രി വിശദമായി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

2014-ൽ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തെ അവിശ്വാസ പ്രമേയത്തെയാണ് നേരിടാൻ പോകുന്നത്. 2018-ലായിരുന്നു ആദ്യത്തേത്. തെലുങ്കുദേശം പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ വൻഭൂരിപക്ഷത്തിൽ മോദി സർക്കാർ പരാജയപ്പെടുത്തിയിരുന്നു.