ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണബിൽ അവതരിപ്പിക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ബിൽ മറ്റന്നാൾ ലോക്‌സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതിനിടെ, പുതിയ പാർലമെന്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ ഉദ്യോഗസ്ഥർ പരീക്ഷിച്ചു.

അതേസമയം, രാജ്യസഭ വൈസ് ചെയർപേഴ്‌സൺ പാനലിൽ ഇനി മുതൽ 50% പ്രാതിനിധ്യം വനിത എം പിമാർക്ക് നൽകിയെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. 8 അംഗ പാനലിൽ 4 പേർ വനിതകളാണ്. ബിജെപിയുടെ 3 അംഗങ്ങളെയും, ബിജെഡിയുടെ ഒരംഗത്തെയും ഉൾപ്പെടുത്തി പാനൽ പുനഃസംഘടിപ്പിച്ചെന്ന് ഉപരാഷ്ട്രപതി അറിയിച്ചു.

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കമായതോടെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി നിലവിലെ പാർലമെന്റ് മന്ദിരത്തോട് വിടപരാനൊരുങ്ങുകയാണ് എംപിമാർ. മന്ദിരത്തിന്റെ പ്രൗഢമായ പൈതൃകത്തോടുള്ള ആദരവ് അർപ്പിക്കാൻ ചൊവ്വാഴ്ച ലോക്സഭയിലേയും രാജ്യസഭയിലേയും എല്ലാ അംഗങ്ങളും പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രത്യേക യോഗം ചേരും.

യോഗത്തിനു മുമ്പ് മന്ദിരത്തിനു മുന്നിൽ അംഗങ്ങൾ ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും ലോക്സഭ സെക്രട്ടറിയേറ്റ് അറിയിച്ചിട്ടുണ്ട്. യോഗത്തിനു ശേഷമാകും പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് അംഗങ്ങൾ പ്രവേശിക്കുക. ചൊവ്വാഴ്ച രാവിലെ 9.30 മുതലാകും എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കൽ. എല്ലാ അംഗങ്ങളും സന്നിഹിതരാകണമെന്ന് സെക്രട്ടറി ജനറൽ അഭ്യർത്ഥിച്ചിട്ടുണ്ട്. തുടർന്നാകും 11 മണിയോടെ സെൻട്രൽ ഹാളിലെ ചടങ്ങ്.

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാനം ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.75 വർഷത്തെ യാത്രക്കിടയിൽ നിരവധി ചരിത്ര സംഭവങ്ങൾക്ക് പഴയ പാർലമെന്റ് മന്ദിരം സാക്ഷിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമ്മിച്ചു.

പുതിയ തലമുറക്കുള്ള ചരിത്ര പഠനം കൂടിയായ പഴയ മന്ദിരം എക്കാലവും പ്രചോദനമാകും. പാർലമെന്റ് പടിക്കെട്ടുകളെ നമസ്‌കരിച്ചാണ് താൻ ആദ്യമായി പാർലമെന്റിലേക്ക് കയറിയത്. പഴയ മന്ദിരവുമായുള്ള അത്രയേറെ വൈകാരിക അടുപ്പമുണ്ട്. എന്നാൽ ഈ മന്ദിരത്തോട് വിട ചൊല്ലാൻ സമയമായിരിക്കുന്നു. പുതിയ പാർലമെന്റിന് വേണ്ടി വിയർപ്പൊഴുക്കിയത് രാജ്യത്തെ പൗരന്മാരാണെന്നും മോദി ഓർമ്മിച്ചു.

ചന്ദ്രയാൻ3 ന്റെയും ജി20 സമ്മേളനത്തിന്റെയും വിജയപ്പൊലിമയിലാണ് രാജ്യം. ചന്ദ്രയാൻ വിജയം ശാസ്ത്രജ്ഞന്മാരുടെ പ്രയത്‌നത്തിന്റെ വിജയമാണ്. ജി 20 ഉച്ചകോടി ഇന്ത്യയുടെ ശക്തി വെളിവാക്കുന്നതായി. ഈ വിജയം എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. നവംബർ വരെ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണ്. ഈ അവസരം രാജ്യം ഫലപ്രദമായി വിനിയോഗിക്കും. ആഫ്രിക്കൻ യൂണിയനെ ജി20 യിൽ ഉൾപ്പെടുത്തിയ തീരുമാനം ചരിത്രപരമായി.

ഒരു പാർട്ടിക്കോ, ഒരു വ്യക്തിക്കോ അവകാശപ്പെട്ടതല്ല ജി20യുടെ വിജയം രാജ്യത്തെ എല്ലാവരുടെയും വിജയമാണ്. വനിത എം പിമാർ പാർലമെന്റിന്റെ അഭിമാനമാണ്. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുപത്തിയഞ്ചാം വയസിൽ എം പിയായ വ്യക്തിയാണ്. എം പിമാർ കുടുംബാംഗങ്ങളെ പോലെയാണ് പെരുമാറുന്നത്. കൊവിഡിനോട് പോരാടിയാണ് എം പിമാർ അക്കാലത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തത്. നെഹ്‌റു, വാജ്‌പേയി,മന്മോഹൻ സിങ് തുടങ്ങിയവരെല്ലാം പാർലമെന്റിന്റെ അഭിമാനം ഉയർത്തി പിടിച്ചവരാണ്.

2001 ൽ പാർലമെന്റ് ആക്രമണമുണ്ടായതും പ്രധാനമന്ത്രി അനുസ്മരിച്ചു. പാർലമെന്റ് ആക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല. തീവ്രവാദ ആക്രമണത്തെയും ഈ മന്ദിരം നേരിട്ടു. വെടിയുണ്ടയേറ്റ് ഈ മന്ദിരത്തെ സംരക്ഷിച്ചവരെ ധീരജവാന്മാരെ പ്രധാനമന്ത്രി അനുസ്മിച്ചു.

പാർലമെന്റ് കെട്ടിടവുമായുള്ള തങ്ങളുടെ ഓർമകളും അനുഭവങ്ങളും നിറഞ്ഞ കൈയെഴുത്ത് കുറിപ്പുകൾ പങ്കുവച്ചാണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പത്ത് വനിത എംപിമാർ പഴയ കെട്ടിടത്തോട് ഗുഡ്ബൈ പറഞ്ഞത്.

ഞായറാഴ്ചയാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയർമാനുമായ ജഗ്ദീപ് ധൻകർ ദേശീയ പതാക ഉയർത്തിയത്. പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിനായി പുതിയ തിരിച്ചറിയൽ കാർഡുകൾ പാർലമെന്റ്ംഗങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്.