ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ നാം ഒരു പുതിയ ഭാവിയുടെ തുടക്കമിടാൻ പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഇന്ത്യയെന്ന് ലക്ഷ്യം നിറവേറ്റാനുള്ള ദൃഢനിശ്ചയത്തോടെയാണ് തങ്ങൾ പുതിയ മന്ദിരത്തിലേക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റ് പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പഴയ മന്ദിരത്തിൽ അവസാന പ്രത്യേക സമ്മേളനം ചേർന്നപ്പോൾ വികാര നിർഭര നിമിഷമെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നൽകിയ ഇവിടെ വച്ച് വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പഴയ മന്ദിരത്തിൽ നിന്നും പുതിയ മന്ദിരത്തിലേക്ക് അംഗങ്ങൾ ഇന്ന് പ്രവേശിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബോധ്യത്തോടെയാണ് രാജ്യം ഉണർന്നത്. ഇന്ത്യ ഒരു പുതിയ ഊർജ്ജത്താൽ നിറഞ്ഞിരിക്കുന്നു. ഈ ബോധത്തിനും ഊർജ്ജത്തിനും രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ കഴിയും.

1947ൽ ഇവിടെ വച്ചാണ് ബ്രിട്ടീഷുകാർ അധികാര കൈമാറ്റം നടത്തിയത്. ആ ചരിത്ര നിമിഷത്തിന്റെ സാക്ഷിയാണ് സെൻട്രൽ ഹാളെന്നും മോദി ചൂണ്ടിക്കാട്ടി. മുത്തലാഖ് നിരോധനത്തിനടക്കം ഇവിടം സാക്ഷിയായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാലായിരം നിയമങ്ങൾ ഈ മന്ദിരത്തിൽ നിർമ്മിച്ചു. ജമ്മു കാശ്മീർ പുനഃസംഘടനക്കും ഇവിടം സാക്ഷിയായി. എതിർശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാൻ ജമ്മു കശ്മീർ പുനഃസംഘടന കൊണ്ടുവന്നത്. ഇന്ന് അവിടെ സമാധാനം പുലരുന്നു. പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യസഭ അധ്യക്ഷന്റെയും ലോക്‌സഭ സ്പീക്കറുടേയും നേതൃത്വത്തിലാണ് പ്രത്യേക സമ്മേളനം ചേർന്നത്. സെൻട്രൽ ഹാളിൽ എത്തിയ ഉടൻ പ്രധാനമന്ത്രി പ്രതിപക്ഷ അംഗങ്ങളോട് സംവദിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ തൊഴിലില്ലായ്മ, ജിഡിപിയടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി നിലപാടെടുത്തു. സമൂഹത്തിൽ സൗഹൃദവും, സാഹോദര്യവും പുലരണമെന്നും അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.

പുതിയ മന്ദിരം സ്വയംപര്യാപ്ത ഇന്ത്യയുടെ പ്രതീകമെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഈ ഘട്ടത്തിലെങ്കിലും കേന്ദ്രസർക്കാരിന് ജവഹർലാൽ നെഹ്‌റുവിനെ ഓർമ്മിക്കാനായല്ലോയെന്നായിരുന്നു മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞത്. കൃത്യമായ ആസൂത്രണമില്ലാതെയാണ് ഫോട്ടോ സെഷൻ നടത്തിയതെന്ന് ബിനോയ് വിശ്വം എംപി കുറ്റപ്പെടുത്തി. എത്ര എംപിമാർ പാർലമെന്റിൽ ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും സജ്ജീകരണങ്ങൾ കൃത്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു എംപി കുഴഞ്ഞു വീണു. ഇതെല്ലാം സംഭവിച്ചത് പുതിയ പാർലമെന്റിന്റെ ആദ്യ ദിനത്തിലാണ്. ആരാണ് ഇതിന് ഉത്തരവാദിയെന്നും ബിനോയ് വിശ്വം ചോദിച്ചു.

ഗണേശ ചതുർഥിനാളായ ഇന്ന് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ഇന്ന് പ്രഥമ സമ്മേളനം ചേരും. പഴയ മന്ദിരത്തോട് അംഗങ്ങൾ ഗുഡ്ബൈ പറഞ്ഞ് പുതിയ മന്ദിരത്തിലേക്ക് അംഗങ്ങൾ പ്രവേശിക്കുന്നത്. ഒന്ന് ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ പുതിയൊരു ചരിത്രം കൂടി ആരംഭിക്കുന്നു.