ന്യൂഡൽഹി: ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ജമ്മുകശ്മീർ നിയമസഭയിൽ എസ്സി/ എസ്ടി സംവരണം കൊണ്ടുവരുമെന്നും പാക് അധിനിവേശ കശ്മീരിൽ നിന്നും കുടിയേറിയവർക്കും സഭയിൽ സീറ്റ് മാറ്റിവെക്കുമെന്നും ബിൽ അവതരണ വേളയിൽ അദ്ദേഹം വ്യക്തമാക്കി. 

ജമ്മു കശ്മീർ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവർക്കായി സംവരണം ചെയ്യുമെന്ന് അമിത് ഷാ വ്യക്തമാക്കി. പാക് അധിനിവേശ കശ്മീരിൽ നിന്നെത്തിയവർക്ക് ജമ്മു കശ്മീർ നിയമ സഭയിൽ ഒരു സീറ്റ് മാറ്റിവെക്കും. കശ്മീരിലേക്ക് കുടിയേറിയ വിഭാഗത്തിൽപ്പെട്ടവർക്ക് 2 സീറ്റുകളും ഇനി മുതൽ സഭയിലുണ്ടാകും. 9 സീറ്റുകൾ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കും നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ജമ്മുകശ്മീർ നിയമസഭയി എസ് സി എസ്ടി സംവരണം കൊണ്ടുവരുന്നത്.

സർക്കാർ ഉദ്യോഗ തലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക അധസ്ഥിത വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന വ്യവസ്ഥകളും ജമ്മുകശ്മീർ സംവരണ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൊഫണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടക്കം സാമ്പത്തികമായും സാമൂഹികപരമായും പിന്നാക്കം നിൽ്ക്കുന്നവരെയും ബില്ലിൽ പരിഗണിച്ചിട്ടുണ്ട്.

ഇന്ന് ജമ്മുകശ്മീരിനെ സംബന്ധിച്ച് രണ്ട് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയിൽ അവതരിപ്പിച്ചത്. ജമ്മുകശ്മീർ റിസർമേഷൻ ബിൽ. ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബിൽ എന്നിവയാണ് അവതരിപ്പിച്ചത്. ലോക്സഭയിൽ പാസാകുന്ന ബിൽ പ്രതിപക്ഷത്ത് നിന്നുള്ള പാർട്ടികളുടെ അടക്കം പിന്തുണയോടെ പാസാകുമെന്നാണ് ഭരണകക്ഷി പ്രതീക്ഷിക്കുന്നത്.

രൂക്ഷമായ വാക്‌പോരാണ് ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബിൽ അവതരിപ്പിക്കുമ്പോൾ നടന്നത്. ബില്ല് ചർച്ചയ്ക്ക് എടുത്തപ്പോൾ സഭയിൽ അമിത് ഷാ യും അധിർ രഞ്ജൻ ചൗധരിയും തമ്മിലാണ് വാക്പോര് നടന്നത്. കശ്മീരിലെ ജവഹർലാൽ നെഹ്‌റുവിന്റെ പങ്കിനെ കുറിച്ച് ചർച്ച ചെയ്യാൻ അധിർ രഞ്ജൻ ചൗധരി വെല്ലുവിളിക്കുകയും ഇത് അമിത് ഷാ ഏറ്റെടുക്കുകയും ചെയ്തു. പാക് അധീന കശ്മീർ നെഹ്‌റുവിന്റെ അബദ്ധമെന്ന് അമിത് ഷാ വിമർശിച്ചു. കശ്മീരിനെ കേന്ദ്ര സർക്കാർ ഖാപ് പഞ്ചായത്താക്കി മാറ്റിയെന്നും വാഗ്ദാനം ചെയ്ത തൊഴിൽ പോലും ജമ്മുകശ്മീരിൽ നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അധിർ രഞ്ജൻ ചൗധരി വിമർശിച്ചു.

ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ചിലർക്ക് ജാതി രാഷ്ട്രീയം കളിക്കാൻ മാത്രമാണ് താത്പര്യം. മോദി സർക്കാർ പിന്നോക്ക വിഭാഗക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കും. 1.5 ലക്ഷത്തോളം പേരാണ് ഭീകരപ്രവർത്തനം കൊണ്ട് ജമ്മുകശ്മീരിൽ ദുരിതം അനുഭവിച്ചുകൊണ്ടിരുന്നത്. ഭീകരപ്രവർത്തനം കശ്മീരിൽ വർധിച്ചപ്പോഴും കോൺഗ്രസ് സർക്കാർ ശ്രദ്ധ നൽകിയില്ല. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ജമ്മുകശ്മീർ നിയമസഭയിലെ ഒരു സീറ്റ് പാക് അധീന കാശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവർക്കായി സംവരണം ചെയ്യും.

ജമ്മു കശ്മീരിൽ 2023 ന് ശേഷം ഒരു കല്ലേറ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. നെഹ്‌റുവിന്റെ കാലത്ത് ജമ്മുകശ്മീരിൽ സംഭവിച്ചത് അബദ്ധങ്ങളാണ്. അനുച്ഛേദം 370 നീക്കിയതോടെ ജമ്മു കശ്മീർ സുരക്ഷിതമായി. അമിത് ഷായും പ്രതിപക്ഷവും തമ്മിൽ നെഹ്‌റുവിനെ കുറിച്ചുള്ള പരാമർശങ്ങളിൽ തർക്കമുണ്ടായി. എന്നാൽ താൻ നെഹ്‌റു പറഞ്ഞതാണ് പരാമർശിക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത പരാമർശങ്ങളാണ് അമിത് ഷാ നടത്തുന്ന് ഡിഎംകെ എംപി എ രാജ വിമർശിച്ചു. നെഹ്‌റുവിന്റേത് ചരിത്രപരമായ അബദ്ധങ്ങളെന്ന അമിത് ഷായുടെ പരാമർശത്തിൽ വീണ്ടും ബഹളം ഉണ്ടായി. അമിത് ഷായ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ പ്രതിപഷേധിക്കുകയും പിന്നാലെ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നെഹ്‌റുവിന് അബദ്ധമെന്ന് പറഞ്ഞപ്പോൾ ഇത്രയും ബഹളം എങ്കിൽ ഹിമാലയൻ അബദ്ധമെന്ന് പറഞ്ഞിരുന്നെങ്കിൽ പ്രതിപക്ഷ എംപിമാർ രാജിവെച്ചേനെയെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.