ന്യൂഡൽഹി: രാജ്യത്തെ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ 'പുറത്താക്കൽ' പരമ്പര തുടരുന്നു. ലോക്‌സഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച രണ്ട് എംപിമാരെ കൂടി ഇന്ന് സസ്‌പെന്റ് ചെയ്തു. എഎം ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് സസ്‌പെന്റ് ചെയ്തു. പോസ്റ്റർ ഉയർത്തി സഭയിൽ പ്രതിഷേധിച്ചതിനാണ് നടപടി.

സ്പീക്കറുടെ ചേംബറിൽ കയറിയും ഡെസ്‌കിൽ കയറി ഇരുന്നും പ്രതിഷേധം നടത്തിയ ഇരുവരും പേപ്പറുകൾ വലിച്ചു കീറി എറിഞ്ഞു. മൂന്നു മണിക്കൂർ നീണ്ട നാടകീയ നീക്കങ്ങൾക്കു ശേഷമാണ് സസ്‌പെൻഷൻ ഉത്തരവിട്ടത്. ഇതോടെ കേരളത്തിൽ നിന്നുള്ള 20 ൽ 18 എംപിമാരും സസ്‌പെൻഷനിലായി. ആകെ 143 എംപിമാരാണ് ഇരുസഭകളിലുമായി സസ്‌പെൻഷനിലായത്.

ഇനി കേരളത്തിൽ നിന്ന് ലോക്‌സഭയിൽ രാഹുൽ ഗാന്ധിയും എംകെ രാഘവനും മാത്രമാണ് ബാക്കിയുള്ളത്. രാജ്യസഭയിൽ എളമരം കരീം അബ്ദുൾ വഹാബ് എന്നിവരാണ് നടപടി നേരിടാത്തവർ. ലോക്‌സഭയിൽ നിന്ന് മാത്രം ഇതുവരെ 97 എംപിമാർ സസ്‌പെൻഷനിലായി.

എംപിമാരുടെ കൂട്ട സസ്‌പെൻഷനെ വിമർശിച്ച് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്ര ശേഖർ ആസാദ് രംഗത്ത് വന്നു. സുരക്ഷാ വീഴ്ച പോലെ തന്നെ ഗൗരവതരമാണ് കൂട്ട സസ്‌പെൻഷനുമെന്ന് പറഞ്ഞ അദ്ദേഹം മോദിക്ക് ഇതും ചരിത്രപരമെന്ന് അവകാശപ്പെടാമെന്നും പരിഹസിച്ചു. ജനാധിപത്യം ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും ചന്ദ്ര ശേഖർ ആസാദ് കുറ്റപ്പെടുത്തി.

ഇന്നലെ ലോകസഭയിൽ നിന്ന് 49 എംപിമാരെയാണ് സ്പീക്കർ സസ്‌പെന്റ് ചെയ്തത്. മുതിർന്ന നേതാക്കളായ ഫറൂഖ് അബ്ദുള്ള, മനീഷ് തിവാരി ഉൾപ്പെടെയുള്ളവരെയും കേരളത്തിൽ നിന്നുള്ള കെ സുധാകരൻ, ശശി തരൂർ , അടൂർ പ്രകാശ്, അബ്ദു സമദ് സമദാനി എന്നിവരെയും സസ്‌പെന്റ് ചെയ്തു. ഇതോടെ ആകെ സസ്‌പെൻഷനിലായ എംപിമാരുടെ എണ്ണം 141 ആയി ഉയർന്നിരുന്നു.

ഇതിൽ 95 പേർ ലോക്‌സഭയിൽ നിന്നും 46 പേർ രാജ്യസഭയിൽ നിന്നുമാണ്. തനിക്ക് സസ്‌പെൻഷനുണ്ടാകുമെന്ന് ട്വിറ്ററിൽ പ്രവചിച്ച ശേഷമായിരുന്നു തരൂരിന് എതിരായ നടപടി.

പാർലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായ ആറുദിവസങ്ങളിലായി നടത്തുന്ന പ്രതിഷേധങ്ങൾക്കിടയിലാണ് കൂട്ടസസ്പെൻഷൻ നടപടി. ഇതുവരെ 143 എംപിമാരെയാണ് ഇരുസഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്തത്.