- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുന്ന ബജറ്റ്; പ്രതിഫലിക്കുന്നത് യുവ ഭാരതത്തിന്റെ യുവ അഭിലാഷങ്ങൾ; 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന ഉറപ്പ് ബജറ്റ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇടക്കാല ബജറ്റ് യുവ ഭാരതത്തിന്റെ യുവ അഭിലാഷങ്ങളാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനവുമായ ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റ്. യുവാക്കൾ, വനിതകൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് ഈ ബജറ്റ് ശക്തി പകരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുകയും വികസിത ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പ് ഈ ബജറ്റ് നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റിന് ശേഷം രാജ്യത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ നാല് സുപ്രധാന സ്തംഭങ്ങളായ യുവാക്കൾ, ദരിദ്രർ, സ്ത്രീകൾ, കർഷകർ എന്നിവരുടെ ശാക്തീകരണമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഈ ബജറ്റ് 2047- ഓടെ വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഉറപ്പാണ്. നിർമ്മലാ സീതാരാമനെയും ധനകാര്യ മന്ത്രാലയത്തിലെ ഉദ്യേഗസ്ഥരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു
യുവ ഭാരതത്തിന്റെ യുവ അഭിലാഷങ്ങളാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ ദിശയിൽ രണ്ടു പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി പറഞ്ഞു - ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് രൂപീകരിക്കുക, സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് വർധിപ്പിക്കുക എന്നിവയാണ് അവ. ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട് മൂലധനച്ചെലവ് 11,11,111 കോടി എന്ന റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
40,000 റെയിൽവേ കോച്ചുകൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്താനുള്ള തീരുമാനവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഇതു വിവിധ റെയിൽവേ റൂട്ടുകളിലെ കോടിക്കണക്കിന് യാത്രക്കാർക്ക് സുഖകരമായ യാത്ര ആസ്വദിക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരേയും ഉൾക്കൊള്ളുന്നതും പുതുമയുള്ളതുമാണ് ഇടക്കാല ബജറ്റ്. ദരിദ്രരുടെയും ഇടത്തരക്കാരുടെയും ശാക്തീകരണത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ബജറ്റ് ഊന്നൽ നൽകുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും പാവപ്പെട്ടവർക്കായി ഇതിനകം നാല് കോടിയിലധികം വീടുകളാണ് കേന്ദ്രസർക്കാർ നിർമ്മിച്ചത്. ദരിദ്രർക്കായി രണ്ട് കോടി വീടുകൾ കൂടി നിർമ്മിക്കുമെന്നത് ബജറ്റിലെ സുപ്രധാന പ്രഖ്യാപനമാണ്.
''ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പാവപ്പെട്ടവരെ വലിയ തോതിൽ സഹായിച്ചു. അങ്കണവാടി, ആശാ പ്രവർത്തകർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഈ ബജറ്റിൽ, ദരിദ്രരെയും മധ്യവർഗത്തിൽപ്പെട്ട ആളുകളെയും ശാക്തീകരിക്കുന്നതിനും അവർക്ക് വരുമാനമുണ്ടാക്കാനുള്ള പുതിയ വഴികൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ട്.'' പ്രധാനമന്ത്രി പറഞ്ഞു.
യുവജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ടാണ് ഗവേഷണത്തിനായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് നീക്കിവെച്ചത്. ധനക്കമ്മി നിയന്ത്രണവിധേയമാക്കാൻ മൂലധനച്ചെലവ് 11.11 ലക്ഷം കോടി രൂപയായി ഉയർത്താൻ ഇടക്കാല ബജറ്റിൽ നിർദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വീഡിയോ പ്രസംഗത്തിൽ പറഞ്ഞു.
''റൂഫ്ടോപ് സോളർ പദ്ധതി ഒരു കോടി കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി ലഭിക്കാൻ മാത്രമല്ല, മിച്ചമുള്ള വൈദ്യുതി സർക്കാരിന് വിറ്റ് പ്രതിവർഷം 15,000 രൂപ മുതൽ 20,000 രൂപ വരെ അധിക വരുമാനം നേടാനും സഹായിക്കും.'' അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്