ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോലിന്റെ പിന്നാലെ നടന്നതിൽ അഭിമാനമെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തെ രൂക്ഷഭാഷയിൽ പരിഹസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് കുറേക്കാലത്തേക്ക് അധികാരത്തിലെത്താൻ കഴിയില്ലെന്നും വീണ്ടും പ്രതിപക്ഷത്തിരിക്കാൻ ജനം ആശീർവദിക്കുമെന്നും മോദി വ്യക്തമാക്കി. പ്രതിപക്ഷത്തെ പലർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ല. മികച്ച പ്രതിപക്ഷമാകാനുള്ള അവസരം കോൺഗ്രസ് നഷ്ടമാക്കിയെന്നും മോദി വിമർശിച്ചു.

കോൺഗ്രസ് ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ പലരേയും ഇനി സന്ദർശക ഗ്യാലറിയിൽ കാണാമെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നു. സീറ്റുകൾ മാറുന്നതിനായി പലരും ശ്രമിക്കുന്നു. പല നേതാക്കളും ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് പകരം രാജ്യസഭാംഗമാക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണിരിക്കുകയാണ്. കോൺഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണ് ചിന്തിച്ചത്. കുടുംബാധിപത്യം കോൺഗ്രസിനെ നശിപ്പിച്ചു. ക്രിയാത്മക പ്രതിപക്ഷമാകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു.

പ്രതിപക്ഷത്ത് ദീർഘകാലം തുടരാനുള്ള തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകൾ സർക്കാർ അധികാരത്തിലിരുന്ന അതേ രീതിയിൽ നിങ്ങൾ പ്രതിപക്ഷത്ത് ഇരിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ, നിങ്ങളുടെ ആഗ്രഹം ജനങ്ങൾ സാക്ഷാത്കരിക്കും- മോദി പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ ആഴ്ച നടത്തിയ നന്ദി പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിലാണ് മോദിയുടെ പരാമർശം.

കഴിഞ്ഞ വട്ടം തന്നെ പലരും സീറ്റുകൾ മാറിയിരുന്നു. ഇത്തവണയും പലരും സീറ്റുകൾ മാറാനും രാജ്യസഭാംഗങ്ങൾ ആകാനും ശ്രമിക്കുകയാണെന്നാണ് കേട്ടത്. അവർ നിലവിലെ സ്ഥിതിഗതികൾ മനസ്സിലാക്കി അവരുടേതായ പാത തിരഞ്ഞെടുക്കുകയാണ്. ഇത്തവണ പ്രതിപക്ഷത്തിരിക്കുന്ന പലരും അടുത്ത തവണ സന്ദർശ ഗ്യാലറിയിലായിരിക്കും. രാജ്യത്തിന് ഒരു നല്ല പ്രതിപക്ഷം വേണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു." മോദി പറഞ്ഞു.

പത്ത് വർഷത്തെ ഭരണാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 2014-ൽ ഇന്ത്യ പതിനൊന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നു. ഇന്ന് രാജ്യം അഞ്ചാംസ്ഥാനത്താണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നിശബ്ദരാണ്. മൂന്നാം തവണ അധികാരത്തിലേറുന്നതോട് കൂടി ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റോയിയുടെ പരാമർശത്തിൽ മോദി ക്ഷുഭിതനായി. കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കുമിടയിൽ ന്യൂനപക്ഷങ്ങളില്ലേയെന്ന് മോദി ചോദിച്ചു. "മത്സ്യത്തൊഴിലാളികൾ ഒരുപക്ഷേ നിങ്ങളുടെ പ്രദേശത്ത് ന്യൂനപക്ഷ വിഭാഗമാകില്ല, മൃഗങ്ങളെ മെയ്‌ക്കുന്നവർ ഒരുപക്ഷേ നിങ്ങളുടെ സ്ഥലത്തെ ന്യൂനപക്ഷത്തിൽ നിന്നുള്ളവരല്ലായിരിക്കാം, ചിലപ്പോൾ കർഷകരും സ്ത്രീകളും നിങ്ങളുടെ സ്ഥലത്ത് ന്യൂനപക്ഷത്തിൽ ഉൾപ്പെടില്ലായിരിക്കാം, നിങ്ങൾക്ക് എന്താണ് പറ്റിയത് എത്രകാലം നിങ്ങൾ വിഭജനത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും എത്രകാലത്തോളം നിങ്ങൾ ഇങ്ങനെ സമൂഹത്തെ വിഭജിക്കും" മോദി ചോദിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും കുടുംബാധിപത്യ പ്രവണതയ്‌ക്കെതിരെയും മോദി വിമർശനം തൊടുത്തു. "ഒരു വസ്തു തന്നെ വീണ്ടും വീണ്ടും പുറത്തിറക്കുക വഴി, കോൺഗ്രസിന്റെ കട പൂട്ടാറായി. ഒരു കുടുംബം മാത്രം പാർട്ടി നടത്തുന്നതും തീരുമാനമെടുക്കുന്നതുമാണ് കുടുംബാധിപത്യം. രാജ്‌നാഥ് സിങ്ങും അമിത് ഷായും അങ്ങനെയുള്ള കുടുംബാധിപത്യത്തിന്റെ ഭാഗമല്ല." മോദി പറഞ്ഞു.

അഞ്ച് വർഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. "10 വർഷത്തെ ഞങ്ങളുടെ ഭരണം പരിശോധിച്ചു നോക്കുക. ഇന്ന് ഇന്ത്യ അതിവേഗത്തിൽ വളരുകയും ശക്തമായ സാമ്പത്തിക നില കൈവരിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു തന്നെ മൂന്നാം സർക്കാരിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഇത് മോദിയുടെ ഗ്യാരന്റിയാണ്. ഞങ്ങൾ ദരിദ്രർക്കായി നാലു കോടിയോളം വീടുകളാണ് നിർമ്മിച്ചു നൽകിയത്. നഗരങ്ങളിലെ ദരിദ്രർക്കായി 80 ലക്ഷം വീടുകൾ നിർമ്മിച്ചു. കോൺഗ്രസിനാണെങ്കിൽ ഇതൊക്കെ ചെയ്യാൻ നൂറു വർഷമെങ്കിലും എടുക്കും. അപ്പോഴേക്കും അഞ്ചു തലമുറ കഴിഞ്ഞിരിക്കും." മോദി പരിഹസിച്ചു.

ഞങ്ങളുടെ സർക്കാർ മൂന്നാമതും അധികാരത്തിലേറാനുള്ള സമയം വിദൂരമല്ല. 100 മുതൽ 125 ദിവസം മാത്രമേ അതിനായി ബാക്കിയുള്ളൂ. ഞാൻ അക്കങ്ങളിലേക്കൊന്നും പോകുന്നില്ല, എന്നാൽ എനിക്ക് രാജ്യത്തിന്റെ മനഃസ്ഥിതി അറിയാം. എൻഡിഎയ്ക്ക് 400ൽ അധികം സീറ്റുകളും ബിജെപിക്കു മാത്രം 370 സീറ്റുകളും ലഭിക്കും. മൂന്നാം ടേം വലിയ തീരുമാനങ്ങളുടേത് ആയിരിക്കും" മോദി വിശദീകരിച്ചു.