- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
രാജ്യസഭയിൽ ഭൂരിപക്ഷത്തിനരികെ എൻഡിഎ, വേണ്ടത് നാലു സീറ്റു മാത്രം
ന്യൂഡൽഹി: രാജ്യസഭയിൽ ഏപ്രിലിൽ ഒഴിവുവരുന്ന 56 സീറ്റുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ 30 സീറ്റുകളിൽ ബിജെപി ജയിച്ചതോടെ, എൻഡിഎയ്ക്ക് ഇനി ഭൂരിപക്ഷത്തിന് ഇനി വേണ്ടത് നാലു സീറ്റുകൾ മാത്രം. 240 അംഗ രാജ്യസഭയിൽ 121 ആണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ബിജെപി നേടിയ മുപ്പത് സീറ്റുകളിൽ 20 സീറ്റുകളിൽ എതിരില്ലാതെയും 10 സീറ്റുകളിൽ തിരഞ്ഞെടുപ്പിലൂടെയുമാണ് ബിജെപി പ്രതിനിധികളെ തിരഞ്ഞെടുത്തത്. ഇതോട് രാജ്യസഭയിൽ എൻഡിഎ സഖ്യത്തിന്റെ അംഗബലം 117 ആയി.
എൻഡിഎയുടെ 117 എംപിമാരിൽ 97 പേരും ബിജെപിയിൽനിന്നുള്ളതാണ്. ഇതോടെ രാജ്യസഭയിൽ ഏറ്റവും അംഗസംഖ്യയുള്ള പാർട്ടിയായി ബിജെപി തുടരും. 97 അംഗങ്ങളിൽ അഞ്ചു പേർ നാമനിർദേശത്തിലൂടെ എത്തിയവരാണ്. 29 എംപിമാരുള്ള കോൺഗ്രസാണ് രാജ്യസഭയിലെ രണ്ടാമത്തെ വലിയ പാർട്ടി. മോദി സർക്കാരിന് ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരന്നെങ്കിലും രാജ്യസഭയിൽ എൻഡിഎ ഇതര കക്ഷികളുടെ സഹായത്തോടെയാണ് ബിജെപി ബില്ലുകൾ പാസാക്കിവരുന്നത്.
നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ രണ്ട് സീറ്റ് അധികം ബിജെപിക്ക് ചൊവ്വാഴ്ചയിലെ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചു. ഉത്തർപ്രദേശിൽ എസ്പി എംഎൽഎമാരും ഹിമാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎമാരും കൂറുമാറി വോട്ട് ചെയ്തതോടെയാണ് ബിജെപിക്ക് രണ്ട് എംപിമാരെ കൂടുതലായി ലഭിച്ചത്.
കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിലായി 15 സീറ്റുകളിലേക്കാണ് പ്രതിനിധികളെ തിരഞ്ഞെടുത്തത്. ക്രോസ് വോട്ടിങ്ങിലൂടെ നാടകീയമായ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളാണ് ബിജെപി നേടിയത്. മൂന്നു സീറ്റുകൾ കോൺഗ്രസും രണ്ടു സീറ്റ് സമാജ്വാദി പാർട്ടിയും നേടി. നേരത്തെയുണ്ടായിരുന്നതിനേക്കാൾ രണ്ടു സീറ്റ് ബിജെപിക്ക് അധികം ലഭിച്ചു, ഒന്ന് ഉത്തർപ്രദേശിൽനിന്നും മറ്റൊന്ന് ഹിമാചലിൽനിന്നും.
ഹിമാചലിൽ കോൺഗ്രസിലെ ആറ് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ബിജെപിയുടെ ഹർഷ് മഹാജനു വോട്ട് ചെയ്തതോടെ, കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിങ്വി അപ്രതീക്ഷിത തോൽവി നേരിട്ടത്. ഇരു സ്ഥാനാർത്ഥികൾക്കു 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണു ബിജെപി വിജയിച്ചത്.
യുപിയിലെ 10 സീറ്റിൽ ബിജെപി 8 എണ്ണം നേടി. സമാജ് വാദി പാർട്ടിക്ക് 2 സീറ്റ്. പത്താം സീറ്റിൽ ബിജെപിയും എസ്പിയും തർക്കമുന്നയിച്ചതോടെ പലതവണ നിർത്തിവച്ച വോട്ടെണ്ണലിന്റെ ഫലം രാത്രി വൈകിയാണ് പ്രഖ്യാപിച്ചത്. ഈ സീറ്റിലേക്ക് എസ്പിയുടെ ആലോക് രഞ്ജനും ബിജെപി യുടെ സഞ്ജയ് സേത്തും തമ്മിലുള്ള മത്സരത്തിൽ എസ്പിയുടെ 7 എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതോടെ ബിജെപി വിജയമുറപ്പിച്ചു.
കർണാടകയിലെ 4 രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസ് മൂന്നും ബിജെപി ഒന്നും വീതം നേടി. ഒരു ബിജെപി എംഎൽഎ കൂറുമാറി കോൺഗ്രസിന് വോട്ടു ചെയ്തപ്പോൾ മറ്റൊരു ബിജെപി എംഎൽഎ വിട്ടുനിന്നു. ഇതോടെ എൻഡിഎയുടെ അട്ടിമറിനീക്കവും വിഫലമായി.