- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാർലമെന്റിൽ കത്തികയറാൻ പ്രതിപക്ഷം; രാഹുൽ നേതാവാകുമോ എന്നതും നിർണ്ണായകം
ന്യൂഡൽഹി: പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്നും ഇന്ത്യ സഖ്യ പ്രതിനിധികൾ പിന്മാറി. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവരാണ് പിന്മാറിയത്. ഇന്ത്യ സഖ്യത്തിൽ നിന്നും മൂന്നു പേരാണ് പ്രോടെം സ്പീക്കർ പാനലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം പിന്മാറി. ഡിഎംകെയും പിന്മാറിയത് പ്രതിപക്ഷത്തിന് കരുത്തായി മാറി. ഇതോടെ പ്രതിപക്ഷം ഒറ്റകെട്ടാണെന്ന സന്ദേശവും നൽകാനായി.
ബി.ആർ. അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ ഭരണഘടന ഉയർത്തിപിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാർ ഇന്നു പാർലമെന്റിനുള്ളിൽ പ്രവേശിക്കുക. പാർലമെന്റിലെ മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ ആക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. ഡിഎംകെയോടും പദവി ഏറ്റെടുക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതവർ അംഗീകരിക്കുകയും ചെയ്തു.
അതിനിടെ പ്രോടെം സ്പീക്കർ സ്ഥാനം തനിക്ക് ലഭിക്കേണ്ടതായിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. ഇപ്പോഴത്തെ പ്രോ-ടേം സ്പീക്കർ കാല് മാറി ബിജെപിയിൽ ചേർന്നയാളാണ്. അങ്ങനെ ഒരാളുടെ മുൻപിലാണ് എംപിമാർ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇതിനെ ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യശോഷണമായിട്ട് മാത്രമേ കാണാൻ സാധിക്കൂവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
പ്രോ-ടേം സ്പീക്കറുമായി സഹകരിക്കണോ എന്ന കാര്യത്തിൽ കോൺഗ്രസ് ഇന്ത്യാ മുന്നണിയിലെ പാർട്ടികളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. താൻ ദലിത് വിഭാഗത്തിൽ നിന്നല്ലെന്ന ആരോപണം അമിത് മാളവ്യക്ക് വിവരമില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം മോദി സർക്കാറിന്റെ ആദ്യ പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക.
ആദ്യ രണ്ട് ദിവസങ്ങളിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയും തുടർന്ന് രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും. പ്രോടേം സ്പീക്കർ മുതൽ ചോദ്യപ്പേപ്പർ ചോർച്ച വരെ ചൂടേറിയ വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കും. രാഹുൽ ഗാന്ധിയാണോ പ്രതിപക്ഷ നേതാവെന്നും ഇന്നറിയാം. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് ഇന്ത്യ സഖ്യത്തിലെ എംപിമാർ ഭരണഘടനയുടെ പകർപ്പുമായി ഗാന്ധി പ്രതിമയ്ക്ക് സമീപം ഒത്തുകൂടും.
മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്ത ശേഷമാണ് കോൺഗ്രസ് എംപിമാർ ഗാന്ധി പ്രതിമക്ക് മുന്നിൽ എത്തുക.