ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ബഹളത്തോടെയാണ് തുടക്കമായിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള എംപി കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കറാക്കാത്തതിലും, നീറ്റ് വിവാദത്തിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഭരണഘടനയുടെ പകർപ്പ് കൈയിലേന്തിക്കൊണ്ടാണ് ഗാന്ധി പ്രതിമയിരുന്ന സ്ഥലത്തുനിന്നും പ്രതിപക്ഷം സഭയിലേക്ക് മാർച്ച് നടത്തിയത്. സഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടരുകയാണ്.

കേരളത്തിൽ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായാണ് നടക്കുക. അതേ സമയം കേരളത്തിലെ 20-ൽ 15 മണ്ഡലങ്ങളെയും (75 ശതമാനം) പ്രതിനിധീകരിക്കുന്നത് 60 വയസ്സ് കഴിഞ്ഞവരാണ്. ഇതിൽ അഞ്ചുപേർക്ക് (25 ശതമാനം) 70 കഴിഞ്ഞു.

മലപ്പുറത്ത് ജയിച്ച ഇ.ടി. മുഹമ്മദ് ബഷീറാണ് കൂട്ടത്തിൽ സീനിയർ; 77 വയസ്സ്. രണ്ടാമൻ കണ്ണൂരിലെ കെ. സുധാകരൻ (76). കോഴിക്കോട്ടെ എം.കെ. രാഘവൻ (72), ചാലക്കുടിയിലെ ബെന്നി ബെഹനാൻ (71), കാസർകോട്ടെ രാജ്‌മോഹൻ ഉണ്ണിത്താൻ (71) എന്നിവരാണ് തൊട്ടുപിന്നിൽ.

ആറ്റിങ്ങലിലെ അടൂർ പ്രകാശിനും കോട്ടയത്തെ ഫ്രാൻസിസ് ജോർജിനും പ്രായം 69. ശശി തരൂർ (68), ആന്റോ ആന്റണി (67) എംപി. അബ്ദുസ്സമദ് സമദാനി (65), സുരേഷ് ഗോപി (65), എൻ.കെ. പ്രേമചന്ദ്രൻ (64), കൊടിക്കുന്നിൽ സുരേഷ് (62), കെ.സി. വേണുഗോപാൽ (61), കെ. രാധാകൃഷ്ണൻ (60) എന്നിവരും അറുപത് പിന്നിട്ടു.

കോൺഗ്രസിലെ ഹൈബി ഈഡൻ (എറണാകുളം), ഷാഫി പറമ്പിൽ (വടകര), ഡീൻ കുര്യാക്കോസ് (ഇടുക്കി) എന്നിവരാണ് കേരളത്തിൽ നിന്നുള്ള യുവ എംപി.മാർ. 41 വയസ്സുള്ള ഹൈബിയാണ് ഏറ്റവും ജൂനിയർ. ഷാഫിക്കും ഇതേ പ്രായമാണെങ്കിലും രണ്ടുമാസത്തെ സീനിയോരിറ്റിയുണ്ട്. ഹൈബി ജനിച്ചത് 1983 ഏപ്രിൽ 19-ന്. ഷാഫി ഫെബ്രുവരി 12-നും.

ഡീൻ കുര്യാക്കോസ് 42 കടന്നു. 54 വയസ്സുമായി രാഹുൽ ഗാന്ധിയും വി.കെ. ശ്രീകണ്ഠനും ഇവർക്ക് മുന്നിലുണ്ട്. രാഹുലിന് പകരം വയനാട്ടിൽ നിന്ന് ലോക്സഭയിലെത്താൻ സാധ്യതയുള്ള പ്രിയങ്കാ ഗാന്ധിക്ക് 52 ആണ് പ്രായം. ഇത്തവണ കേരളത്തിൽ മത്സരിച്ച 60 മുന്നണി സ്ഥാനാർത്ഥികളിൽ 32 പേരും (53 ശതമാനം) 60 കഴിഞ്ഞവരായിരുന്നു. 11 പേർ 70 കടന്നവരും. 40 വയസ്സിന് താഴെ ഏഴുപേർ മാത്രമായിരുന്നു.