- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഫ്രാൻസിസ് ജോർജ് എത്തിയത് ഓട്ടോറിക്ഷയിൽ
ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിൽ നിന്നുള്ള എംപിമാർ. ഭരണഘടന ഉയർത്തിക്കാട്ടിയാണ് കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെ ഭൂരിഭാഗം എംപിമാരും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നാല് എംപിമാർ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഹൈബി ഈഡൻ എംപി ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്.
കേരളത്തിൽ നിന്നുള്ള 17 എംപിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്‌മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ, അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് എംപിമാരായി സത്യപ്രതിജ്ഞ ചൊല്ലിയത്.
മലയാളത്തിലാണ് ഭൂരിഭാഗം എംപിമാരും സത്യവാചകം ചൊല്ലിയത്. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു കോൺഗ്രസ് എംപിമാരുടെ സത്യപ്രതിജ്ഞ. ഷാഫി പറമ്പിൽ, കെസി വേണുഗോപാൽ, എൻകെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, എന്നിവർ ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലിയപ്പോൾ ഹൈബി ഈഡൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ വാചകങ്ങൾ പറഞ്ഞത്. ദൈവനാമത്തിൽ മറ്റ് നേതാക്കൾ പ്രതിജ്ഞയെടുത്തപ്പോൾ കെ രാധാകൃഷ്ണൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് പ്രതിജ്ഞയെടുത്തത്.
അതേ സമയം ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പാർലമെന്റിലെത്തിയത് ഓട്ടോറിക്ഷയിലാണ്. ഓട്ടോ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ചത്. വന്യജീവി വിഷയത്തിൽ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. ലോക്‌സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ റബർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടിക്കുന്നിൽ സുരേഷിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എംപിമാർ ആഗ്രഹിച്ചിരുന്നത്. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് സിപിഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോ ടേം സ്പീക്കറാക്കിയിട്ടുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
പ്രതിപക്ഷ ബഹളത്തോടെ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായത്. പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മെഹ്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടർന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടെം സ്പീക്കറെ സഹായിക്കുന്നവരുടെ പാനൽ വായിച്ചപ്പോഴേക്കും പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. പ്രോടെം സ്പീക്കർ വിളിച്ചിട്ടും കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്തില്ല. പ്രതിപക്ഷ എംപിമാരെ നോക്കി പ്രധാനമന്ത്രി കൈകൂപ്പുകയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ 'നീറ്റ്, നീറ്റ്' എന്നു വിളിച്ച് പ്രതിപക്ഷം ബഹളംവച്ചു.
വയനാട് മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോടെം സ്പീക്കർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാർ ലോക്‌സഭയിലെത്തിയത്. പ്രധാനമന്ത്രിക്കുശേഷം മറ്റു കേന്ദ്ര മന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉൾപ്പെടെ പൂർത്തിയായ ശേഷമാണ് സംസ്ഥാനങ്ങൾ അനുസരിച്ച് എംപിമാരുടെ സത്യപ്രതിജ്ഞ നടന്നത്. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.