ന്യൂഡൽഹി: ഭരണഘടന ഉയർത്തി പിടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൃഢപ്രതിജ്ഞ ചെയ്താണ് രാഹുൽ സത്യവാചകം ചൊല്ലിയത്. ഭരണപക്ഷത്തിന്റെ ഭാഗത്തേക്ക് ഭരണഘടന ഉയർത്തി കാട്ടിയാണ് രാഹുൽ ചേംബറിലേക്ക് കയറിയത്. പ്രതിപക്ഷം നിറഞ്ഞ കയ്യടികളോടെയും മുദ്രാവാക്യങ്ങളോടെയും രാഹുലിനെ സ്വീകരിച്ചു.

ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രംഗത്തെത്തി. അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാൻ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയിരുന്നു. മുപ്പത്തി മൂന്നാമതായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. മീററ്റ് എംപിയായി അരുൺ ഗോവിലും 39-ാമതായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു.

വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചിരുന്നു. റായ്ബറേലി എംപിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. പേര് വിളിച്ചപ്പോൾ തന്നെ വൻ കരഘോഷങ്ങളുമായാണ് രാഹുലിനെ ഇന്ത്യാ മുന്നണി നേതാക്കൾ വരവേറ്റത്. ഭാരത് ജോഡോ മുദ്രാവാക്യങ്ങളുമായാണ് എംപിമാർ രാഹുലിനെ സ്വീകരിച്ചത്. അമേഠി എംപി കിശോരിലാൽ ശർമയാണ് രാഹുലിന് ശേഷം സത്യപ്രതിജ്ഞ ചെയ്തത്.

ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തത്. ഉത്തർപ്രദേശിൽ മികച്ച വിജയം നേടാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എസ് പി നേതാവിന്റെ സത്യപ്രതിജ്ഞ.