ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് തുടർച്ചയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയ്ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. പാർലമെന്റിലെ മുഴുവൻ അംഗങ്ങളുടേയും പേരിൽ അഭിനന്ദനങ്ങളറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അമൃതകാലത്തിൽ സഭാനാഥനായി വീണ്ടും തുടരുകയെന്നത് വലിയ ഉത്തരവാദിത്വമാണെന്നും അങ്ങയുടെ അനുഭവ പരിജ്ഞാനം അടുത്ത അഞ്ച് വർഷവും ഞങ്ങളെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

മുൻപ് കോൺഗ്രസ് നേതാവ് ബൽറാം ജാഖറിന് ആദ്യ അഞ്ചു വർഷം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും സ്പീക്കർ സ്ഥാനത്തെത്താൻ സാധിച്ചു. ആ അവസരം തന്നെയാണ് ബിർളക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിട്ട വേളയിലും യാഥാർത്ഥ്യമാകാതെ പോയ ചരിത്ര തീരുമാനങ്ങൾ അങ്ങ് സഭാനാഥനായ വേളയിലാണ് സാധ്യമായത്. ജനാധിപത്യത്തിന്റെ നീണ്ട യാത്രയിൽ നിരവധി നാഴികക്കല്ലുകൾ നാം പിന്നിട്ടു. കഴിഞ്ഞ ലോക്‌സഭയുടെ കാര്യക്ഷമതയിലും നേട്ടങ്ങളിലും തനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്. പാർലമെന്റ് ചരിത്രത്തിലെ സുവർണകാലഘട്ടമായി 17-ാമത് ലോക്‌സഭ അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

17-ാമത് ലോക്‌സഭയിലായിരുന്നു നാരീശക്തൻ വന്ദൻ അധിനിയം 2023, ജമ്മുകശ്മീർ പുനഃസംഘടനാ നിയമം, ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമം, ഉപഭോക്തൃ സംരക്ഷണ ബിൽ തുടങ്ങി സുപ്രധാനമായ പല ബില്ലുകളും പാസായതെന്നും നരേന്ദ്ര മോദി ഓർമിപ്പിച്ചു.

ഓം ബിർളയെ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിച്ചുകൊണ്ട് സ്പീക്കർ കടമ നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും പറഞ്ഞു. സ്പീക്കറെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിക്കൊപ്പം രാഹുൽ ഓം ബിർളയെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഇരിപ്പടത്തിലേക്ക് ആനയിച്ചു.

'രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിൽ താങ്കളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുഴുവൻ പ്രതിപക്ഷത്തിനും വേണ്ടി, ഇന്ത്യ സഖ്യത്തിന് വേണ്ടി നിങ്ങളെ അഭിനന്ദിക്കുന്നു. സ്പീക്കർ സർ, ഈ സഭ പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളെയാണ്. ആ ശബ്ദങ്ങളുടെ അന്തിമ വിധികർത്താവ് നിങ്ങളാണ്. തീർച്ചയായും സർക്കാരിന് രാഷ്ട്രീയ അധികാരമുണ്ട്. എന്നാൽ പ്രതിപക്ഷവും ഇന്ത്യൻ ജനതയുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നുണ്ട്. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്', രാഹുൽ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കി നിങ്ങൾക്ക് സഭ കാര്യക്ഷമമായി നടത്താമെന്ന ആശയം ജനാധിപത്യവിരുദ്ധമായ ആശയമാണ്. ഈ രാജ്യത്തിന്റെ ഭരണഘടനയും ആശയങ്ങളും പ്രതിപക്ഷം സംരക്ഷിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ തങ്ങളെ അനുവദിച്ചുകൊണ്ട്, ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള നിങ്ങളുടെ കടമ നിങ്ങൾ നിർവഹിക്കുമെന്ന് കരുതുന്നതായും രാഹുൽ കൂട്ടിച്ചേർത്തു. എതിർപ്പിന്റെ ശബ്ദം തകർക്കപ്പെടില്ലെന്നും കൂടുതൽ പുറത്താക്കലുകൾ ഉണ്ടാകില്ലെന്നും തങ്ങൾ പ്രതീക്ഷിക്കുന്നതായി എസ്‌പി നേതാവ് അഖിലേഷ് യാദവ് പ്രത്യാശ പ്രകടിപ്പിച്ചു.

'ഒരു വിവേചനവുമില്ലാതെ ലോക്‌സഭാ സ്പീക്കർ എന്ന നിലയിൽ നിങ്ങൾ എല്ലാ അംഗങ്ങൾക്കും പാർട്ടികൾക്കും തുല്യ അവസരങ്ങളും ബഹുമാനവും നൽകുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. നിഷ്പക്ഷതയാണ് ഈ മഹത്തായ പദവിയുടെ വലിയ ഉത്തരവാദിത്വം. ഒരു ജനപ്രതിനിധിയുടെയും ശബ്ദം ഞെരുക്കപ്പെടില്ല, പുറത്താക്കൽ പോലുള്ള നടപടി ഇനി ഉണ്ടാകില്ല എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നിയന്ത്രണങ്ങൾ പ്രതിപക്ഷത്തുള്ളതുപോലെ ഭരണപക്ഷത്തും ഉണ്ടായിരിക്കണം. നിങ്ങളുടെ എല്ലാ ന്യായമായ തീരുമാനങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കും', അഖിലേഷ് പറഞ്ഞു.