ന്യൂഡൽഹി: സ്പീക്കർ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭയിൽ അജണ്ടയിലില്ലാത്ത പ്രമേയം അവതരിപ്പിച്ചു അസാധാരണ നീക്കവുമായി സ്പീക്കർ ഓം ബിർല. അടിയന്തരാവസ്ഥയെ അപലപിച്ചു സ്പീക്കർ തന്നെ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസിനെയും പേരെടുത്തു വിമർശിച്ചു. ഉടൻ തന്നെ പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലം ഓർമിപ്പിച്ചു സ്പീക്കർ ഓം ബിർല മൗനപ്രാർത്ഥന നടത്തിയതോടെ പ്രതിപക്ഷ നിരയിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം ഉയർത്തിയത്. ബഹളം ശക്തമായതോടെ സഭ നിർത്തിവയ്ക്കുകയും ചെയ്തു.

ഇന്ദിരാ ഗാന്ധി ഭരണകാലത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ ഈ സഭ അപലപിക്കുന്നു എന്നതായിരുന്നു പ്രമേയം. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്നും ഭരണഘടനയെ ചവിട്ടിമെതിക്കുന്ന സമീപനമാണ് അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് ഭരണകൂടം സ്വീകരിച്ചതെന്നും സ്പീക്കർ പറഞ്ഞു.

ഉടൻ തന്നെ കെ.സി. വേണുഗോപാലും മറ്റ് കോൺഗ്രസ് അംഗങ്ങളും പ്രതിഷേധവുമായി സ്പീക്കർ കസേരക്കരികിലെത്തി മുദ്രാവാക്യം മുഴക്കി. എന്നാൽ പ്രമേയ അവതരണം തുടർന്ന സ്പീക്കർ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടവരെയും മരണമടഞ്ഞവരെയും സ്മരിച്ചുകൊണ്ട് രണ്ടു മിനിട്ട് മൗനമാചരിച്ചു. ഭരണപക്ഷം മൗനം ആചരിക്കുകയും കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം തുടരുകയും ചെയ്‌തെങ്കിലും മറ്റ് കക്ഷികൾ ഇതിൽനിന്നും വിട്ടുനിന്നു. 'അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളുടെ' 50-ാം വാർഷികം ആചരിക്കാൻ അദ്ദേഹം അംഗങ്ങളോട് രണ്ട് മിനിറ്റ് നിശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടതാണ് കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയാക്കിയത്.

ഇന്ദിരാ ഗാന്ധി ഏകാധിപത്യപരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും പ്രതിപക്ഷ നേതാക്കളെ അന്യമായി ജയിലിൽ അടച്ചുവെന്നും ഓം ബിർള പറഞ്ഞു. ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിന് എതിരെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അടിയന്തരാവസ്ഥ കറുത്ത അധ്യായമാണെന്നും കോൺഗ്രസ് സർക്കാർ ഭരണഘടനാ വിരുദ്ധമായ നടപടികൾ സ്വീകരിച്ചുവെന്നും ഓം ബിർള പറഞ്ഞു.

18ാം ലോക്‌സഭ പുതിയ കാഴ്ചപ്പാടോടെ പ്രവർത്തിക്കണമെന്ന് പ്രസംഗത്തിൽ ഓം ബിർള പറഞ്ഞു. ക്രിയാത്മകമായ ചിന്തകൾ ഉയർന്ന് വരണം. വികസിത ഭാരതം എന്ന സങ്കല്പം സാക്ഷാത്കരിക്കാൻ പ്രയത്നിക്കാം. രാജ്യ താൽപര്യത്തിനും ജനനന്മയ്ക്കുമായി സഭ നിയമനിർമ്മാണങ്ങൾ നടത്തണം. രാഷ്ട്രീയ വിചാരധാരയ്ക്ക് അപ്പുറം രാജ്യമാണ് പ്രധാനമെന്നും ഓം ബിർള പറഞ്ഞു.

37 വർഷങ്ങൾക്ക് ശേഷം നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ഓം ബിർള വിജയിക്കുകയായിരുന്നു. പ്രതിപക്ഷ സ്ഥാനാർത്ഥി, എംപി കൊടിക്കുന്നിൽ സുരേഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശബ്ദവോട്ടോടെയായിരുന്നു ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ അദ്ദേഹത്തെ സ്പീക്കറുടെ ചേമ്പറിലേക്ക് ആനയിച്ചു. തുടർന്ന് ഓം ബിർളയെ ആശംസിച്ച് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും സംസാരിച്ചു.

ഓം ബിർള സ്പീക്കറായത് സഭയുടെ ഭാഗ്യമെന്നും നവാഗത എംപിമാർക്ക് ഓം ബിർള പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തിന്റെ ശബ്ദം ഇന്ത്യയുടെ ശബ്ദമാണെന്നും അത് ലോക്‌സഭയിൽ ഉയരാൻ അനുവദിക്കണമെന്നുമായിരുന്നു അനുമോദന പ്രസംഗത്തിലെ രാഹുലിന്റെ വാക്കുകൾ.

രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മത്സരിച്ച് വിജയിച്ചാണ് ഓം ബിർള ലോക്‌സഭയിലെത്തുന്നത്. ഇത് തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തുന്നത്. 17ാം ലോക്‌സഭയിൽ 146 എംപിമാരെ സസ്‌പെഡ് ചെയ്ത ഓം ബിർളയുടെ നടപടി വിവാദമായിരുന്നു. പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. മഹുവ മൊയ്ത്രയ്‌ക്കെതിരായ നടപടിക്ക് അനുമതി നൽകിയത് ഓം ബിർളയായിരുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ അടിയന്തരാവസ്ഥയെ ശക്തമായി അപലപിച്ചതിലും അക്കാലത്ത് ചെയ്ത അതിക്രമങ്ങളെ ഉയർത്തിക്കാട്ടുന്നതിലും ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ച രീതി പരാമർശിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ആ ദിവസങ്ങളിൽ ദുരിതമനുഭവിച്ച എല്ലാവർക്കുമായി മൗനമായി നിൽക്കുക എന്നത് ഒരു അത്ഭുതകരമായ നടപടിയായിരുന്നു.

50 വർഷം മുമ്പാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്, എന്നാൽ ഇന്നത്തെ യുവാക്കൾ അതിനെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്, കാരണം ഭരണഘടനയെ ചവിട്ടിമെതിക്കുമ്പോഴും പൊതുജനാഭിപ്രായം ഞെരുക്കുമ്പോഴും സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുമ്പോഴും എന്ത് സംഭവിക്കും എന്നതിന്റെ ഉചിതമായ ഉദാഹരണമായി ഇത് അവശേഷിക്കുന്നു. അടിയന്തരാവസ്ഥക്കാലത്തെ സംഭവങ്ങൾ സ്വേച്ഛാധിപത്യം എങ്ങനെയായിരിക്കും എന്നതിന് ഉദാഹരണമാണെന്നും മോദി കൂട്ടിച്ചേർത്തു.