ന്യൂഡൽഹി: രാജ്യസഭാ ചെയർമാന്റെ അഭാവത്തിൽ രാജ്യസഭ നിയന്ത്രിച്ച് ഒളിമ്പ്യൻ താരം പി ടി ഉഷ. രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അവധിയായതിനാലാണ് പി ടി ഉഷ രാജ്യസഭ നിയന്ത്രിച്ചത്.രാജ്യസഭ നിയന്ത്രിക്കുന്നതിനുള്ള വൈസ് ചെയർമാന്മാരുടെ പാനലിലേക്ക് പി.ടി ഉഷയെ നേരത്തെ രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ നാമനിർദ്ദേശം ചെയ്തിരുന്നു.

നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗത്തെ വൈസ് ചെയർമാന്മാരുടെ പാനലിലേക്ക് നിയോഗിക്കുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ ആദ്യമായി രാജ്യസഭ നിയന്ത്രിച്ച നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമെന്ന ബഹുമതി ഉഷയ്ക്ക് സ്വന്തം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട പി.ടി ഉഷ എംപി, ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിതയെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു.

ഡിസംബറിലാണ് ഉഷ ഉപാധ്യക്ഷ പാനലിൽ ഉൾപ്പെട്ടത്. ആദ്യമായി പാനലിൽ ഉൾപ്പെട്ട നാമനിർദ്ദേശം ചെയ്യപ്പെട്ട എംപി ഉഷയാണ്. രാജ്യസഭാ ചെയർമാനും ഡെപ്യൂട്ടി ചെയർമാനും അവധിയായിരിക്കുമ്പോൾ സഭ നിയന്ത്രിക്കാനാണ് ഉപാധ്യക്ഷന്മാരുടെ പാനൽ രൂപീകരിച്ചത്.സഭ നിയന്ത്രിച്ചതിന്റെ വീഡിയോ ഉപാധ്യക്ഷ പാനലിലുള്ള ഉഷ ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്നും ഈ യാത്രയിൽ നാഴികക്കല്ലുകൾ തീർക്കാൻ കഴിയുമെന്നും ട്വിറ്റിൽ പറഞ്ഞു.

'ഫ്രാങ്ക്‌ലിൻ ഡി റൂസ്വെൽറ്റ് പറഞ്ഞ വാക്കുകൾ രാജ്യസഭാ സെഷൻ നിയന്ത്രിച്ചപ്പോൾ എനിക്ക് ഓർമ വന്നു. അധികാരമുള്ളവർക്ക് കൂടുതൽ ഉത്തരവാദിത്തവുമുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് എന്റെ മനസിലേക്ക് ഓടി വന്നത്. ജനങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തോടെ ഈ യാത്രയിൽ നാഴികക്കല്ലുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' ഉഷ തന്റെ ട്വീറ്റിൽ പറഞ്ഞു.

 

നേരത്തെ ഏഷ്യൻ അത്ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.2022 ജൂലായിലാണ് ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.