- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും
ന്യൂഡൽഹി: ശനിയാഴ്ച പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് കടക്കും. ഇന്ന് പാർലമെന്റിലെ അവസാന ദിനം ആയതു കൊണ്ട് തന്നെ അയോധ്യ വിഷയം സഭയിൽ ഉന്നയിക്കാനാണ് ഭരണപക്ഷത്തിന്റെ തന്ത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിൽ ഇന്ന് പ്രസംഗിച്ചേക്കുമെന്നാണ് സൂചന. ഹിന്ദി ഹൃദയഭൂമി പിടിക്കാൻ അയോധ്യ ധാരാളമാണെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെയാണ് തനിക്ക് മൂന്നാമൂഴം ഉറപ്പാണെന്നും 400 സീറ്റ് ലഭിക്കുമെന്നും പ്രധാനമന്ത്രി സഭയിലും അടിവരയിട്ടത്.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവും പ്രാണപ്രതിഷ്ഠയും സംബന്ധിച്ച വിഷയത്തിൽ ഇരുസഭകളിലും ചർച്ച നടക്കും. ഇതിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ചീഫ് വിപ്പ് ഡോ. ലക്ഷ്മികാന്ത് ബാജ്പേയി ഇരുസഭകളിലെയും പാർട്ടി അംഗങ്ങൾക്ക് വെള്ളിയാഴ്ച വിപ്പ് നൽകി. ജനുവരി 31-ന് ആരംഭിച്ച ബജറ്റ് സമ്മേളനം വെള്ളിയാഴ്ചവരെയാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, അജൻഡകളൊന്നും പറയാതെ കഴിഞ്ഞദിവസം സമ്മേളനം ശനിയാഴ്ചവരെ നീട്ടുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് രണ്ടാംവാരത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കമ്മിഷന്റെ പര്യടനം അടുത്തയാഴ്ച തുടങ്ങും. സ്ഥാനാർത്ഥിനിർണയ, സീറ്റ് വിഭജന ചർച്ചകൾ പാർട്ടികളും മുന്നണികളും സജീവമാക്കി. നേട്ടം മുന്നിൽക്കണ്ടുള്ള വിവിധ പാർട്ടികളുടെ കൂടുമാറ്റങ്ങളും അരങ്ങേറുകയാണ്. ഭരണപക്ഷം ഈ ദിവസങ്ങളിലായെ തെരഞ്ഞെടുപ്പിനുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കിയിട്ടുണ്ട്.
2019-ൽ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. മാർച്ച് 10-നായിരുന്നു തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ 16 മുതൽ മെയ് 19 വരെയായിരുന്നു വോട്ടെടുപ്പ്. മെയ് 23-ന് വോട്ടെണ്ണി. സമാനമായ തിരഞ്ഞെടുപ്പുക്രമം തന്നെയാണ് ഇത്തവണയും കമ്മിഷൻ ആലോചിക്കുന്നതെന്നാണ് സൂചന. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 2019-ലെ 10.36 ലക്ഷത്തിൽനിന്ന് ഇക്കുറി 11.8 ലക്ഷമായി ഉയരും. ഇതൊക്കെ കണക്കാക്കിയാവും എത്ര ഘട്ടങ്ങളായി വേണം വോട്ടെടുപ്പ് നടത്തേണ്ടതെന്ന് തീരുമാനിക്കാൻ.
കമ്മിഷന്റെ പര്യടനത്തിന്റെ തുടക്കം ഒഡിഷയിൽനിന്നാണ്. ഈമാസം 15 മുതൽ 17 വരെയാണ് ഒഡിഷപര്യടനം. ആന്ധ്രാപ്രദേശിൽ കമ്മിഷൻ ഒരുവട്ടം പര്യടനം നടത്തിയിരുന്നു. ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നടക്കേണ്ടത്. ഒഡിഷയിലും പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് എന്നതിനാൽ വിശദമായ അവലോകനംതന്നെ സംസ്ഥാനത്തുണ്ടാകും.
പിന്നാലെ ബിഹാർ, തമിഴ്നാട് സംസ്ഥാനങ്ങൾ സന്ദർശിക്കും. ഈ മാസം അവസാനവും മാർച്ച് ആദ്യവുമായി പശ്ചിമബംഗാൾ, യു.പി. സംസ്ഥാനങ്ങളിൽ കമ്മിഷനെത്തും. ഉടനെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ജമ്മു-കശ്മീരിൽ കമ്മിഷൻ പര്യടനത്തിന് മുമ്പായി ഉന്നതോദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തും.
തിരഞ്ഞെടുപ്പ് കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ 14-ന് വിരമിക്കാനിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി പുതിയ കമ്മിഷണറെ കണ്ടെത്താനുള്ള യോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു. 15-നുമുമ്പ് പുതിയ കമ്മിഷണറുടെ നിയമനമായില്ലെങ്കിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും കമ്മിഷണർ അരുൺ ഗോയലും മാത്രമാകും ഒഡിഷ പര്യടനത്തിലുണ്ടാവുക.