ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് പരിഗണിക്കണമെന്ന കരട് റിപ്പോർട്ട് അംഗീകരിക്കാതെ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി. ഇന്ന് ചേർന്ന കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ മൂന്ന് മാസത്തേക്ക് കൂടി സമയ പരിധി നീട്ടാൻ ആവശ്യപ്പെട്ടതോടെയാണ് ബില്ലുകളുടെ കരട് റിപ്പോർട്ടിന് അംഗീകാരം കിട്ടാതിരുന്നത്. നവംബർ ആറിനാണ് അടുത്ത യോഗം.

വിവാഹേതര ബന്ധം കുറ്റകരമാക്കാനും ഉഭയസമ്മതമില്ലാതെയുള്ള സ്വവർഗ രതിയും കുറ്റകരണമാക്കണമെന്നാണ് കരട് റിപ്പോർട്ടിലുള്ളത്. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി മൂന്ന് ബില്ലുകളാണ് പാനലിന്റെ പരിഗണനയിലുള്ളത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയാണവ.

വിവാഹേതര ബന്ധം കുറ്റകരമാണെന്ന വകുപ്പ് ഈയടുത്താണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതിനെ മറികടക്കുന്ന രീതിയിലാണ് പാർലമെന്ററി കാര്യസമിതിയുടെ പുതിയ നീക്കം. ഭാരതീയ ശിക്ഷാ നിയമം പാർലമെന്ററി സമിതി യോഗത്തിൽ പരിശോധിച്ചപ്പോൾ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.

മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും സ്വവർഗബന്ധം കുറ്റകരമാക്കുന്ന 377ാം വകുപ്പും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വകുപ്പ് ലിംഗസമത്വം ഉറപ്പാക്കി കൊണ്ടുവരണമെന്നാണ് ശുപാർശ.

ഐ.പി.സി, സി.ആർ.പി.സി എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമുള്ള മൂന്ന് ബില്ലുകളുടെ കരട് റിപ്പോർട്ടുകൾ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമാണ് ഇന്ന് ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്നത്. അതേസമയം, നിലവിലെ ആവശ്യം വീണ്ടും ഉന്നയിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കാനാണ് പാർലമെന്റ് പാനലിന്റെ നീക്കം.