ന്യൂഡൽഹി: എം പിമാർ സ്‌കൂൾ കുട്ടികളല്ല, തങ്ങളോട് മാന്യമായി പെരുമാറണമെന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനോട് ജയ ബച്ചൻ. ചോദ്യോത്തരവേളയിൽ ഒരു ചോദ്യം ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം ബഹളം കൂട്ടുന്നതിനിടെയാണ് സംഭവം. ചോദ്യം ഒഴിവാക്കിയതിനെ സഭയിൽ ചോദ്യം ചെയ്തത് ജയ ബച്ചൻ, ദീപേന്ദർ സിങ് ഹൂഡ, തുടങ്ങിയവരായിരുന്നു. ചോദ്യം ഒഴിവാക്കിയത് എങ്ങനെ സംഭവിച്ചുവെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശിനോട് പ്രതിപക്ഷാംഗങ്ങൾ ആരാഞ്ഞു.

ബഹളത്തിനിടെ എത്തിയ ചെയർമാൻ ജഗ്ദീപ് ധൻകർ പ്രതിപക്ഷാംഗങ്ങൾ സീറ്റുകളിൽ ഇരിക്കണമെന്നും, ചോദ്യത്തിലേക്ക് താൻ മടങ്ങി വരാമെന്നും പറഞ്ഞു. ഹൂഡ പ്രതിഷേധം തുടർന്നപ്പോൾ താങ്കൾ മിസ്സിസ് ബച്ചന്റെ വക്താവല്ല എന്ന് ജഗ്ദീപ് ധൻകർ പറഞ്ഞു. അവർ മുതിർന്ന സഭാംഗമാണ്.താങ്കൾ അവരെ പിന്തുണയ്‌ക്കേണ്ട കാര്യമില്ല എന്നും കൂട്ടിച്ചേർത്തു.

ഒഴിവാക്കിയ 18 ാം നമ്പർ ചോദ്യത്തിലേക്ക് 19 ാംമത്തെ ചോദ്യത്തിന് മറുപടി പൂർണമായ ശേഷം തിരിച്ചെത്താമെന്നും ധൻകർ പറഞ്ഞു,രാജ്യത്ത് നിങ്ങൾ പറയുന്നതെന്തും ബഹുമാനിക്കപ്പെടും. മികച്ച നടിയായ നിങ്ങൾ നിരവധി റീടേക്കുകളും എടുത്തിട്ടില്ലേയെന്നും ധൻകർ ചോദിച്ചു. അപ്പോൾ ജയ ബച്ചൻ ഇടപെട്ട് തന്നെ സംസാരിക്കാൻ അനുവദിക്കണമെവന്നും, ഉപാദ്ധ്യക്ഷനോട് തനിക്ക് വളരെ ബഹുമാനമാണെന്നും പറഞ്ഞു.

താങ്കളോ ഡപ്യൂട്ടി ചെയർമാനോ പറഞ്ഞാൽ ഞങ്ങൾ ഇരിക്കുമെന്ന് ബഹളത്തിനിടെ സംസാരിച്ച ജയാ ബച്ചൻ പറഞ്ഞു. മറ്റ് അംഗങ്ങൾ ഇരിക്കാൻ ആംഗ്യം കാണിക്കേണ്ടതില്ല. ചോദ്യം ഇപ്പോൾ ചോദിക്കാൻ പറ്റില്ലെന്നും അതു പിന്നീട് ചോദിക്കാൻ അവസരം നൽകാമെന്നും താങ്കൾ പറഞ്ഞാൽ ഞങ്ങൾക്ക് മനസിലാകും. എംപിമാർ സ്‌കൂൾ കുട്ടികളല്ല, ഞങ്ങളോട് മാന്യമായി പെരുമാറണം എന്നായിരുന്നു ജയാ ബച്ചന്റെ മറുപടി. താങ്കൾ പറഞ്ഞതിനെ മാനിക്കുന്നുവെന്നും സഭയ്ക്ക് അതിന്റേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്നും അതു പാലിക്കണമെന്നും ജഗ്ദീപ് ധൻകർ മറുപടി നൽകി.