ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസിന് 40 സീറ്റുകൾ കിട്ടുമോയെന്ന് തനിക്ക് സംശയമാണെന്ന മമത ബാനർജിയുടെ വാക്കുകൾ ഏറ്റുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മോദി.

' പശ്ചിമ ബംഗാളിൽ നിന്ന് വെല്ലുവിളി വന്നുകഴിഞ്ഞു...കോൺഗ്രസിന് 40 സീറ്റ് സംശയമെന്ന്.....നിങ്ങൾക്ക് 40 സീറ്റ് എങ്കിലും കിട്ടട്ടെ എന്നുഞാൻ പ്രാർത്ഥിക്കുന്നു', മോദി പരിഹസിച്ചപ്പോൾ ബിജെപി എംപിമാർ ഡസ്‌കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ലാക്കാക്കിയായിരുന്നു ഇന്ന് മോദിയുടെ അമ്പുകൾ. കഴിഞ്ഞാഴ്ച എൻഡിഎക്ക് 400 ലധികം സീറ്റുകൾ കിട്ടുമെന്ന തരത്തിൽ ഖാർഗെ നടത്തിയ അബദ്ധ പരാമർശം എടുത്തിട്ടു കൊണ്ടായിരുന്നു പരിഹാസം. 'അന്ന് എനിക്ക് അത് പറയാൻ കഴിഞ്ഞില്ല, എന്നാൽ ഖാർഗെ ജിയോട് പ്രത്യേക നന്ദി അറിയിക്കുന്നു. അന്ന് ഞാൻ അദ്ദേഹത്തെ വളരെ ശ്രദ്ധയോടെയും ആസ്വദിച്ചും കേൾക്കുകയായിരുന്നു. കഴിഞ്ഞ വർഷങ്ങളിലെ സംഭവം ഞാൻ ഓർക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചു ... ഇന്നും നിങ്ങൾ കേൾക്കാതിരിക്കാൻ തയ്യാറായി വന്നിരിക്കുന്നു. എന്നാൽ നിങ്ങൾക്ക് എന്റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല. രാജ്യത്തെ ജനങ്ങൾ ഈ ശബ്ദത്തെ ശക്തിപ്പെടുത്തി... ഞാനും ഇത്തവണ തയ്യാറായി എത്തിയിരിക്കുന്നു', പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ലോകസ്ഭയിലും കോൺഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചിരുന്നു. എൻഡിഎ സർക്കാർ 400ലധികം സീറ്റുകളുമായി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഖാർഗെ പോലും പറഞ്ഞതായി മോദി പറഞ്ഞു. നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല. പരമാവധി 100-125 ദിവസങ്ങൾ ബാക്കിയുണ്ട്. രാജ്യം മുഴുവൻ ഇത്തവണ 400 കടക്കുമെന്ന് പറയുന്നു. ഖാർഗെ ജി പോലും അത് പറഞ്ഞുവെന്നും മോദി പരിഹസിച്ചു. ഫെബ്രുവരി 2 ന് രാജ്യസഭയിൽ ഖാർഗെ നടത്തിയ പരാമർശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രസ്താവന.


'ഖാർഗെ കഴിഞ്ഞ ദിവസം ഇത്ര സ്വാതന്ത്ര്യത്തോടെ സംസാരിച്ച് കണ്ടതിൽ ഞാൻ സന്തുഷ്ടനാണ്. പിന്നീട് ഞാൻ മനസ്സിലാക്കി, കോൺഗ്രസിന്റെ രണ്ടു സ്‌പെഷ്യൽ കമാൻഡർമാർ സഭയിൽ ഇല്ലായിരുന്നു. ഖാർഗെ ആ അവസരം നന്നായി ഉപയോഗിച്ചു. ഫോറുകളും സിക്‌സുകളും അടിച്ച് അദ്ദേഹം രസിച്ചു. ഐസ മോക്ക ഫിർ കഹാം മിലേഗ എന്ന പാട്ട് അദ്ദേഹം കേട്ടിരിക്കാം', മോദി പരിഹസിച്ചു. മുതിർന്ന നേതാക്കളായ ജയ്‌റാം രമേശിനെയും, കെ സി വേണുഗോപാലിനെയുമാണ് സ്‌പെഷ്യൽ കമാൻഡർമാർ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. ഇരുവരും വെള്ളിയാഴ്ച സഭയിൽ ഹാജരായിരുന്നില്ല.

ബിജെപിക്ക് മാത്രം 370 സീറ്റുകളും എൻഡിഎ സഖ്യത്തിന് 400 സീറ്റുകളും ലഭിക്കുമെന്നും പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദീഘകാലം പ്രതിപക്ഷത്തിരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്ന് തനിക്കും രാജ്യത്തിനും ബോധ്യമുണ്ടെന്നും മോദി പറഞ്ഞു. 'ഭാരത് ജോഡോ ന്യായ് യാത്ര'യ്ക്കായി ഝാർഖണ്ഡിലെത്തിയ രാഹുൽ ഗാന്ധിയെയും മോദി പരോക്ഷമായി വിമർശിച്ചു. ഒരേ ഉൽപ്പന്നം വീണ്ടും വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസിന്റെ കട അടച്ചുപൂട്ടലിന്റെ വക്കിലാണെന്നായിരുന്നു പരിഹാസം. കുടുംബവാദം എന്നത് ഒരു കുടുംബവും അതിലെ അംഗങ്ങളും ഒരു പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനെക്കുറിച്ചാണ്. കുടുംബം നടത്തുന്ന പാർട്ടികൾ ജനാധിപത്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

പതിവ് പോലെ നെഹ്‌റുവിന് നേരേയും പ്രധാനമന്ത്രി വിമർശനം അഴിച്ചുവിട്ടു.