- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വെള്ളിയാഴ്ച പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം
ന്യൂഡൽഹി: നീറ്റിലെയും, മറ്റുമത്സര പരീക്ഷകളിലെയും ക്രമക്കേടുകളെ ചൊല്ലി വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, വിഷയം നാളെ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെങ്കിൽ, ഏതുചോദ്യത്തിനും ഉത്തരം പറയാമെന്ന നിലപാടിലാണ് സർക്കാർ.
സിബിഐ അന്വേഷണവും, പ്രത്യേക അന്വേഷണ സമിതിയും അടക്കം നീറ്റ് വിഷയത്തിൽ സാധ്യമായതെല്ലാം ചെയ്തുകഴിഞ്ഞുവെന്നാണ് സർക്കാർ പറയുന്നത്. പ്രത്യേക സമിതിയുടെ റിപ്പോർട്ട് വന്നാലുടൻ തുടർനടപടികളിലേക്ക് നീങ്ങും. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പുനൽകുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും വെള്ളിയാഴ്ച അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടുമെന്ന് ഇന്ത്യാ സഖ്യം വ്യക്തമാത്തി. നീറ്റ് വിഷയം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിക്കും. വിഷയത്തിൽ ചർച്ച അനുവദിച്ചില്ലെങ്കിൽ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാനും സഖ്യം തീരുമാനിച്ചതായാണ് വിവരം. വ്യാഴാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യാ സഖ്യ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.
നീറ്റ്, അഗ്‌നിവീർ, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില, സിബിഐ, ഇ.ഡി തുടങ്ങിയ സർക്കാർ ഏജൻസികളെയും ഗവർണർമാരുടെ ഓഫിസുകളെയും ദുരുപയോഗം ചെയ്യൽ എന്നീ വിഷയങ്ങളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയ്ക്കിടെ പാർലമെന്റിൽ ഉന്നയിക്കും. തിങ്കളാഴ്ച പ്രതിപക്ഷ എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ഒത്തുകൂടാനും യോഗത്തിൽ തീരുമാനമായി.
നീറ്റ് വിഷയം നാളെ വെള്ളിയാഴ്ച പ്രതിപക്ഷം ഉന്നയിക്കുമ്പോൾ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മറുപടി പറയും. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തപ്പോൾ പ്രധാനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പാർലെമന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യവേ, രാഷ്ട്രപി ദ്രൗപതി മുർമു നീറ്റ് വിഷയത്തിൽ നീതിപൂർവ്വകമായ അന്വഷണം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.