ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം ഇന്ന് പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും ഉച്ചയ്ക്ക് 12 മണി വരെ നിർത്തി വച്ചു. കോൺഗ്രസിന്റെ കെ സി വേണുഗോപാലാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. നീറ്റ് യുജി, യുജിസി നെറ്റ് ചോദ്യ പേപ്പർ ചോർച്ചാ വിഷയങ്ങളും, നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വീഴ്ചകളുമാണ് പ്രതിപക്ഷം ഉന്നയിക്കാൻ തയ്യാറെടുത്തത്.

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയെ കുറിച്ച് തനിക്ക് 22 നോട്ടീസുകൾ കിട്ടിയിട്ടുണ്ടെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. രാഷ്ട്രപതിയുടെ സംയുക്ത സഭാ പ്രസംഗത്തിൽ നീറ്റ് ക്രമക്കേടുകളെ കുറിച്ച് നീതിപൂർവ്വകമായ അന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചാസമയത്ത് നീറ്റ് വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ ഓം ബിർല നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് സ്പീക്കർ 12 മണി വരെ സഭ നിർത്തിവച്ചു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് സഭയിൽ വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവായശേഷം രാഹുൽ ആദ്യമായി സഭയിൽ ഉന്നയിച്ച വിഷയമാണിത്. പ്രധാനമന്ത്രി നീറ്റ് വിഷയത്തിലെ ചർച്ചകളിൽ പങ്കെടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഇന്നലെ പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്ന് സഭയിൽ നീറ്റ് വിഷയത്തിൽ ചർച്ചയുണ്ടാകണമെന്ന് ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന വിഷയമാണിതെന്നു രാഹുൽ പറഞ്ഞു. ഇതു ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുക്കണം. മാധ്യമങ്ങളും ജനങ്ങളും ആ ചർച്ചയിൽ പങ്കാളികളാകണം. വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയത്തിൽ ഇന്ത്യൻ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്ന സന്ദേശമാകണം പാർലമെന്റിൽ നിന്നുണ്ടാകേണ്ടതെന്നും രാഹുൽ പറഞ്ഞു.

അതേസമയം, ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പ്രതിപക്ഷ ബഹളത്തെ തുടർന്ന് 12 മണി വരെ നിർത്തി വച്ചു. സഭ നിർത്തി വച്ച് നീറ്റ് -യുജിസി നെറ്റ് ചോദ്യ പേപ്പർ ചോർച്ച ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് 22 നോട്ടീസുകളാണ് പ്രതിപക്ഷ കക്ഷികൾ നൽകിയത്. എന്നാൽ ചെയർമാൻ ജഗ്ദീപ് ധൻകർ വിസമ്മതിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി. ഇതോടെ 12 മണി വരെ സഭ നിർത്തി വയ്ക്കുകയായിരുന്നു.