- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ; 23 ദിവസത്തെ സമ്മേളനത്തിൽ ഏവരും ഉറ്റുനോക്കുന്നത് ഏകസിവിൽ കോഡ് ബില്ലിന്റെ അവതരണം; ഒപ്പം ഡൽഹി ഓർഡിനൻസിന് പകരമായ ബിൽ കൂടി വരുന്നതോടെ സമ്മേളനം പ്രക്ഷുബ്ധം ആയേക്കും; സമ്മേളനം പഴയ പാർലമെന്റ് മന്ദിരത്തിലും പുതിയ മന്ദിരത്തിലുമായി ചേരാൻ സാധ്യത
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 ന് ആരംഭിക്കും. ഓഗസ്റ്റ് 11 വരെയാണ് സമ്മേളനമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ശനിയാഴ്ച ട്വീറ്റ് ചെയ്തു. നിയമനിർമ്മാണമടക്കമുള്ള കാര്യങ്ങളിൽ എല്ലാ കക്ഷികളും ക്രിയാത്മക ചർച്ചകൾ ഉയർത്തുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. 23 ദിവസം നീണ്ടുനിൽക്കുന്ന വർഷകാല സമ്മേളനത്തിൽ ആകെ 17 സിറ്റിങ്ങുകൾ ഉണ്ടാകും.
അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷം ഐക്യസമ്മേളനവും മറ്റും വിളിച്ചുകൂട്ടി ബിജെപിക്ക് എതിരെ ഒറ്റക്കെട്ടായി നീങ്ങാൻ ശ്രമിക്കുന്ന സമയത്ത് ചേരുന്ന സമ്മേളനം, പ്രക്ഷുബ്ധമായേക്കും. ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും, സർക്കാർ സംവാദം അനുവദിക്കുമോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പ്രതിപക്ഷം നിരന്തരം ഉന്നയിക്കുകയും, പ്രധാനമന്ത്രി മൗനം പാലിക്കുകയും ചെയ്യുന്ന വിഷയങ്ങളിലും ചർച്ച അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജയ്‌റാം രമേശ് പ്രതികരിച്ചു.
ഏകസിവിൽ കോഡ് നിയമം പാസാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി തന്നെ പൊതുവിടത്തിൽ ചർച്ച മുന്നോട്ടുവച്ച പശ്ചാത്തലത്തിലാണ് സമ്മേളനം ചേരുന്നത്. എഎപി ഒഴികെയുള്ള കക്ഷികൾ ഏക സിവിൽ കോഡിന് എതിരായ ശബ്ദമാണ് ഉയർത്തുന്നത്. ഈ വിഷയം ചർച്ചചെയ്യാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി തിങ്കളാഴ്ച യോഗംചേരും. നിയമകമ്മിഷൻ, നിയമകാര്യ വകുപ്പ്, ലെജിസ്ലേറ്റീവ് വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ അഭിപ്രായം സമിതി കേൾക്കും. വിഷയം വിശദമായി ചർച്ചചെയ്യുമെന്നും രാഷ്ട്രീയത്തിനുപരിയായാണ് പരിശോധിക്കുകയെന്നുമാണ് സമിതി അധ്യക്ഷനും ബിജെപി. നേതാവുമായ സുശീൽ കുമാർ മോദി വ്യക്തമാക്കിയത്. വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി കമ്മീഷൻ ജൂൺ 14-ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു മാസമാണ് അഭിപ്രായങ്ങൾ അറിയിക്കാൻ കമ്മിഷൻ സമയം നൽകിയിരിക്കുന്നത്. ഏക സിവിൽ കോഡ് ബിൽ വർഷകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശീതകാലസമ്മേളനം പഴയ പാർലമെന്റ് മന്ദിരത്തിൽ ആരംഭിച്ച ശേഷം പിന്നീട് പുതിയ മന്ദിരത്തിലേക്ക് മാറാനാണ് സാധ്യത. പുതിയ മന്ദിരം മെയ് 28 നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ സഭാ നടപടികൾ മലയാളം അടക്കം 22 ഔദ്യോഗിക ഭാഷകളിൽ തത്സമയ പരിഭാഷയോടെ കേൾക്കാൻ ആകും എന്ന സവിശേഷതയുമുണ്ട്.
സമ്മേളനത്തിൽ ഡൽഹി ഓർഡിൻസിന് പകരമായ ബിൽ സർക്കാർ അവതരിപ്പിച്ചേക്കും. ഡൽഹി സർക്കാരിന് സർവീസ് വിഷയങ്ങളിൽ കൂടുതൽ നിയമപരവും, ഭരണപരവുമായ അധികാരം നൽകുന്ന സുപ്രീം കോടതി വിധിയെ റദ്ദാക്കുന്ന തരത്തിലായിരുന്നു ഓർഡിനൻസ്. പാർലമെന്റിൽ ഈ നിയമത്തെ തള്ളിപ്പറയുന്നതിന് കോൺഗ്രസ് നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഐക്യ സമ്മേളനത്തിൽ കെജ്രിവാൾ ഇടയുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രിസഭ അനുമതി നൽകിയ ദി നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബില്ലും സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
മറുനാടന് മലയാളി ബ്യൂറോ