- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
രാഹുൽ സംസാരിക്കുന്നത് കേൾക്കാൻ വളരെ ഉത്സാഹത്തോടെ കാത്തിരിക്കുന്നു; രാഹുൽ എന്താണ് ആദ്യം സംസാരിക്കാത്തത്? രാവിലെ എഴുന്നേൽക്കാൻ വൈകിയതാണോ? കോൺഗ്രസ് നേതാവ് അവിശ്വാസ പ്രമേയ ചർച്ചയിൽ ആദ്യം സംസാരിക്കാതെ പിന്മാറിയതിനെ പരിഹസിച്ച് ബിജെപി; മോദി സഭയിൽ ഉള്ളപ്പോഴാകും രാഹുൽ സംസാരിക്കുക എന്നുസൂചന
ന്യൂഡൽഹി: അവിശ്വാസ പ്രമേയം അവതരിപ്പിച്ച് രാഹുൽ ഗാന്ധി ആദ്യം സംസാരിക്കാത്തതിനെ ബിജെപി അംഗങ്ങൾ ലോക്‌സഭയിൽ പരിഹസിച്ചു. അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ആദ്യം സംസാരിച്ചത് കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ്. രാഹുൽ ഗാന്ധി ആദ്യം സംസാരിക്കുമെന്നായിരുന്നു നേതാക്കൾ നേരത്തെ അറിയിച്ചിരുന്നത്. രാഹുൽ സംസാരിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് ലോക്‌സഭ സെക്രട്ടറിയേറ്റിൽ കത്ത് നൽകിയിരുന്നതായും ബിജെപി പറഞ്ഞു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സഭയിൽ ഇക്കാര്യം ഉന്നയിച്ചത്.
ഗൗരവ് ഗോഗോയിയെ ചർച്ച തുടങ്ങാനായി സ്പീക്കർ ഓം ബിർള ക്ഷണിച്ചപ്പോൾ പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തനിക്കൊരു കാര്യം ഉന്നയിക്കാൻ ഉണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റു. ഗോഗോയിക്ക് പകരം രാഹുൽ ആയിക്കും സംസാരിക്കുക എന്ന് കാട്ടി രാവിലെ 11.55 ന് സ്പീക്കറുടെ ഓഫീസിൽ കത്ത് കിട്ടിയതായി തനിക്ക് അറിയാമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. അഞ്ചുമിനിറ്റുള്ളിൽ എന്തുസംഭവിച്ചു? എന്താണ് പ്രശ്‌നം സാർ? ഞങ്ങൾ രാഹുൽ ഗാന്ധി സംസാരിക്കുന്നത് കേൾക്കാൻ വളരെ ഉത്സാഹത്തോടെ കാത്തിരിക്കുകയാണ്.
ഇതിന് ഗോഗോയി ചുട്ട മറുപടിയും നൽകി. ' സ്പീക്കർ സർ, താങ്കളുടെ ഓഫീസിൽ എന്താണ് സംഭവിക്കുന്നതെന്നും എന്തൊക്കെ അപേക്ഷകളാണ് കിട്ടുന്നതെന്നും വെളിപ്പെടുത്തേണ്ടുണ്ടോ? താങ്കളാണ് സഭയുടെ രക്ഷിതാവ്. പ്രധാനമന്ത്രി താങ്കളുടെ ഓഫീസിൽ അറിയിച്ച കാര്യവും ഞങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ടോ?
ഇതോടെ, രോഷാകുലനായി അമിത് ഷാ എഴുന്നേറ്റു. കോൺഗ്രസ് നേതാവ് ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും, അദ്ദേഹത്തിന് വെളിപ്പെടുത്താനുള്ളത് എന്തായാലും പറയണമെന്നുമായി അമിത് ഷാ. ആഭ്യന്തര മന്ത്രിയെ പിന്തുണച്ച് പ്രഹ്ലാദ് ജോഷിയും എത്തി. ഇത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഗോഗോയിക്ക് ഉന്നയിക്കാനാവില്ലെന്ന് ജോഷി പറഞ്ഞു.
സ്പീക്കറുടെ ഓഫീസിൽ വച്ച് പറയുന്ന കാര്യങ്ങളുടെ രഹസ്യാത്മകതയെ കോൺഗ്രസ് എല്ലായ്‌പ്പോഴും മാനിക്കുന്നുവെന്ന് ഗോഗോയി പറഞ്ഞു. ' എന്റെ ഓഫീസും സഭയുടെ ഭാഗമാണ്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ താങ്കൾ പരാമർശിക്കരുത്' , സ്പീക്കർ ഓം ബിർള പറഞ്ഞു. പൊതുവിടത്തിൽ അറിയാവുന്ന കാര്യം മാത്രമാണ് താൻ പറഞ്ഞതെന്നും, രഹസ്യങ്ങൾ ഒന്നും പുറത്തുപറഞ്ഞിട്ടില്ലെന്നും ജോഷി പറഞ്ഞു. ഇതിന് ഗോഗോയി ഇങ്ങനെ മറുപടി നൽകി: താങ്കൾ പാർലമെന്ററി കാര്യമന്ത്രിയാണ്. താങ്കളുടെ കടമകൾ ഓർക്കണം. സ്പീക്കറുടെ ഓഫീസിൽ സംഭവിച്ച കാര്യങ്ങൾ പുറത്തുപറയരുത്'.
അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിക്കാത്തതിൽ പരിഹാസവുമായി ബിജെപി നേതാവ് നിഷികാന്ത് ദുബെയും രംഗത്തെത്തി. രാഹുൽ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് നിഷികാന്ത് ദുബെ ചോദിച്ചു. രാവിലെ എഴുന്നേൽക്കാൻ വൈകിയതാണോ എന്നും നിഷികാന്ത് ദുബെ പരിഹസിച്ചു
അതേസമയം, മോദി സഭയിലുള്ളപ്പോൾ ആയിരിക്കും രാഹുൽ ഗാന്ധി സംസാരിക്കുകയെന്നാണ് സൂചന. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി ലോക്‌സഭയിൽ സംസാരിക്കുന്നത്. ഗൗരവ് ഗോഗോയ് തന്നെ ആദ്യം സംസാരിക്കുമെന്ന് തീരുമാനിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. മണിപ്പൂർ കത്തുന്നത്, ഇന്ത്യ കത്തുന്നത് പോലെയെന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഗൗരവ് ഗൊഗോയ് പറഞ്ഞത്. പാർലമെന്റ് മണിപ്പൂരിലെ ജനങ്ങളുടെ വേദനക്ക് ഒപ്പം നിൽക്കണം. മണിപ്പൂരിനായാണ് ഇന്ത്യ മുന്നണി അവിശ്വാസം കൊണ്ടുവന്നതെന്ന് ഗൗരവ് പറഞ്ഞു.
എന്തുകൊണ്ട് കലാപം നടക്കുന്ന മണിപ്പൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയില്ലെന്നും ഗൗരവ് ചോദിച്ചു. എന്തുകൊണ്ട് മണിപ്പൂർ മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെട്ടില്ല? രണ്ട് വിഭാഗങ്ങൾ ഇതു പോലെ ഏറ്റുമുട്ടുന്നത് മുൻപ് കണ്ടിട്ടില്ല. പാർലമെന്റൽ മോദി മൗനവ്രതത്തിൽ ആയിരുന്നു. മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നത്. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതുകൊണ്ടാണ് മോദി പാർലമെന്റിന് പുറത്ത് സംസാരിക്കാൻ തയ്യാറായത്. കലാപകാരികൾ സുരക്ഷ സേനയിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിക്കുന്നു. ബിജെപി നേതാക്കൾ തന്നെ ചോദിക്കുന്നു മണിപ്പൂരിൽ എന്ത് നടക്കുന്നുവെന്ന്. ബിജെപി തെരഞ്ഞെടുപ്പിൽ തീവ്ര വിഭാഗങ്ങളുടെ പിന്തുണ തേടിയെന്നും ഗൊഗോയ് കുറ്റപ്പെടുത്തി.
നിർണായക സമയങ്ങളിലൊക്കെ മോദി മൗനത്തിലായിരുന്നുവെന്നും ഗൊഗോയ് വിമർശിച്ചു. മണിപ്പൂരിലേക്ക് ഉടൻ തിരിച്ചുവരുമെന്ന് പറഞ്ഞ് പോയ കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരിൽ പിന്നെ പോയില്ല. ബീരേൻസിങ്ങ് സർക്കാരിന് ലഹരി മാഫിയകളുമായി ബന്ധം. കോവിഡ് സമയത്തെ ജനം ദുരിതത്തിലായിരുന്നപ്പോൾ മോദി ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചരാണത്തിന് പോയി. ഇത് എന്ത് തരം ദേശീയവാദമെന്ന് മനസ്സിലാകുന്നില്ല. അദാനി, ചൈന വിഷയത്തിലൊക്കെ മോദി മൗനത്തിലായിരുന്നു. വടക്ക് കിഴക്കൻ മേഖലയിൽ സമാധാനം വേണം.
വടക്ക് കിഴക്കൻ മേഖലയിൽ കലാപം ഉണ്ടായപ്പോൾ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും അവിടം സന്ദർശിച്ചു. കോക്രജാറിൽ കലാപം ഉണ്ടായപ്പോൾ പ്രധാനമന്ത്രി മന്മോഹൻ സിങ് സഭയിൽ സംസാരിച്ചു. മൂന്ന് കാര്യങ്ങൾ ഇന്ത്യ മുന്നണി ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കണം. മണിപ്പൂർ സന്ദർശിക്കണം. പ്രതിനിധി സംഘത്തെയും ഒപ്പം കൊണ്ടുപോകണം. മണിപ്പൂർ മുഖ്യമന്ത്രിയെ നീക്കണം. പോപ്പുലർ ഫ്രണ്ടിനെയും ഇന്ത്യൻ മുജാഹിദ്ദീനെയും പറ്റി മോദി സംസാരിക്കുമ്പോൾ ഇന്ത്യ ഐഐടിയേയും ഐഎസ്ആർഒയേയും കുറിച്ച് സംസാരിക്കും.
മറുനാടന് മലയാളി ബ്യൂറോ