ന്യൂഡൽഹി: കഴിഞ്ഞ രണ്ടുമാസമായി നൂറിലേറെ പേരുടെ ജീവനെടുത്ത കലാപം ഉണ്ടായിട്ടും, പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ ഇന്ത്യയെ ബിജെപി കൊല ചെയ്തുവെന്ന രാഹുലിന്റെ പരാമർശം സഭയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. ഈ പരാമർശത്തിന് രാഹുൽ മാപ്പ് പറയണമെന്ന് മുതിർന്ന മന്ത്രിമാർ ആവശ്യപ്പെട്ടു.

മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവം. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ല.മണിപ്പുരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. മണിപ്പുർ ഇപ്പോൾ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ വിമർശിച്ചു.

മണിപ്പുരിൽ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുൽ കുറ്റപ്പെടുത്തി. രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണു കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത്ഷായെയുമാണെന്നു രാഹുൽ പരിഹസിച്ചു.

നേരത്തെ, എംപി സ്ഥാനം തിരികെ നൽകി സഭയിലേക്ക് തിരികെ കൊണ്ടുവന്നതിന നന്ദിയറിയിച്ചാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ''സ്പീക്കർ സർ, ലോക്‌സഭയിൽ എംപിയെന്ന നിലയിൽ എന്നെ തിരികെ കൊണ്ടുവന്നതിന് പ്രത്യേകം നന്ദി. ഇതിനു മുൻപ് ഞാൻ ഇവിടെ പ്രസംഗിച്ച സമയത്ത് അദാനിയെക്കുറിച്ച് പറഞ്ഞ് താങ്കൾക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടാക്കി. ഒരുപക്ഷേ, താങ്കളുടെ മുതിർന്ന നേതാവിനും അത് വലിയ വേദനയുണ്ടാക്കി. ആ വേദനയുടെ ഫലം താങ്കൾക്കും അനുഭവിക്കേണ്ടി വന്നിരിക്കും. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. പക്ഷേ, ഞാൻ പറഞ്ഞത് സത്യമാണ്. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കൾ ഒന്നുകൊണ്ടും പേടിക്കേണ്ട. കാരണം, എന്റെ പ്രസംഗം അദാനിയേക്കുറിച്ചല്ല.' രാഹുൽ പറഞ്ഞു.

''ഇന്ന് ഹൃദയത്തിന്റെ ഉള്ളിൽനിന്ന് സംസാരിക്കാനാണ് എനിക്ക് ഇഷ്ടം. എന്നത്തേയും പോലെ ഇന്ന് സർക്കാരിനെതിരെ കടുത്ത ഭാഷയിൽ ആക്രമണം നടത്താൻ ഞാൻ താൽപര്യപ്പെടുന്നില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് ഞാൻ മണിപ്പുരിൽ പോയിരുന്നു. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയില്ല. ഈ നിമിഷം വരെ അദ്ദേഹം അവിടെ പോയിട്ടില്ല. കാരണം, അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പുർ ഇന്ത്യയിലല്ല. നിങ്ങൾ( ബിജെപി) മണിപ്പൂരിനെ രണ്ടായി ഭിന്നിപ്പിച്ചു. രാഹുൽ പറഞ്ഞു.

'എന്തിനാണ് ഞാൻ ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്ന് ആളുകൾ എന്നോടു ചോദിക്കാറുണ്ട്. എന്തിനാണ് ഈ യാത്രയെന്ന് എനിക്കും ഒരു വ്യക്തതയുണ്ടായിരുന്നില്ല. പക്ഷേ, ഇന്ത്യയെ അറിയാനാണ് ഈ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു.' രാഹുൽ പറഞ്ഞു.ഭാരത് ജോഡോ യാത്രയ്ക്ക് ഇറങ്ങി തിരിക്കുമ്പോൾ, തന്റെ കായികക്ഷമതയെ കുറിച്ച് വിശ്വാസമുണ്ടായിരുന്നു. അത് വിഷമകരമായി തോന്നിയില്ല. ' എന്നാൽ, ഈ രാജ്യം അഹന്ത പൊറക്കുകയില്ല. ഏതാനും ദിവസങ്ങൾക്കകം പഴയ മുറിവ് പുറത്തുവരികയും എനിക്ക് വേദനിക്കുകയും ചെയ്തു.

രാവണനെ രാമനല്ല, അയാളുടെ അഹന്തയാണ് കൊലപ്പെടുത്തിയത്. ' നിങ്ങൾ എല്ലായിടത്തും മണ്ണെണ്ണ വാരി വിതറിയിരിക്കുന്നു. നിങ്ങൾ മണിപ്പൂരിന് തീകൊളുത്തി വിട്ടു. ഇപ്പോൾ അതേ കാര്യം ഹരിയാനയിലും ചെയ്യാൻ ശ്രമിക്കുന്നു.' അദ്ദേഹം പറഞ്ഞു.