ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങൾ ബിജെപിക്ക് എപ്പോഴും ഭാഗ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ' ഇത്തരം സന്ദർഭങ്ങൾ എനിക്ക് ഭാഗ്യമാണ്. പ്രതിപക്ഷത്തിന് ഇത് പരീക്ഷണവും. ജനങ്ങൾ അവരെ വിലയിരുത്തുകയും, ബിജെപി കൂടുതൽ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുകയും ചെയ്യുന്നതാണ് പതിവ്'.

'ദൈവം കാരുണ്യവാനാണ്. ദൈവം മറ്റൊരാളെ മാധ്യമമാക്കി മാറ്റുന്നു. പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി ഞാൻ കാണുന്നു', മോദി പറഞ്ഞു. 2018 ൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി കൊണ്ടു വന്ന അവിശ്വാസ പ്രമേയവും പ്രധാനമന്ത്രി പരാമർശിച്ചു. ' അന്നും ഞാൻ ഇങ്ങനെ പറഞ്ഞിരുന്നു, ഇത് ഞങ്ങളുടെ സർക്കാരിന്റെ ബലപരീക്ഷണമല്ല, മറിച്ച് അവരുടേതാണ്...വോട്ടെടുപ്പ് നടന്നപ്പോൾ, അവർ പിന്നിലായി', പ്രധാനമന്ത്രി പറഞ്ഞു.

' വോട്ടെടുപ്പ് നടന്നപ്പോൾ, ജനങ്ങൾ അവരിൽ അവിശ്വാസം രേഖപ്പെടുത്തി. എൻഡിഎക്കും, ബിജെപിക്കും കൂടുതൽ വോട്ടുകിട്ടി. ഒരുതരത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഞങ്ങൾക്ക് നല്ല ശകുനമാണ്. ബിജെപിയും, എൻഡിഎയും മുൻ റെക്കോഡുകൾ ഭേദിച്ച് വൻഭൂരിപക്ഷത്തോടെ മടങ്ങി വരുമെന്ന് നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞു', മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് പ്രതിപക്ഷത്തിൽ വിശ്വാസമില്ല. പ്രതിപക്ഷത്തിന് രാജ്യത്തേക്കാൾ, അധികാരത്തോടാണ് കൂറെന്ന് പലവട്ടം തെളിയിച്ചുകഴിഞ്ഞു.

പ്രതിപക്ഷത്തിന് രാജ്യത്തെ ജനങ്ങളുടെ പട്ടിണി പ്രശ്‌നമല്ല, അധികാരത്തോട് ആർത്തി മാത്രം. ആവശ്യത്തിന് സമയം കിട്ടിയിട്ടും പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയചർച്ചയ്ക്കായി വേണ്ട വിധം തയ്യാറെടുക്കാനായിട്ടില്ല. അവരെ പിന്തുണയ്ക്കുന്നവർ പോലും നിരാശരാണ്. രാജ്യം നിങ്ങളെ ഉറ്റുനോക്കുകയാണ്, പക്ഷേ ഓരോ വട്ടവും നിങ്ങൾ അവരെ നിരാശപ്പെടുത്തുന്നു, മോദി പറഞ്ഞു.

പ്രതിപക്ഷം നോബോളുകളുടെ പരമ്പര തന്നെ എറിയുമ്പോൾ സർക്കാർ സിക്‌സുകൾ അടിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം അവരുടെ അധിക്ഷേപവും, മോശം പരാമർശങ്ങളും എല്ലാം ടോണിക് പോലെയാണ്. എന്തിനാണ് അവരിത് ചെയ്യുന്നത്? പ്രതിപക്ഷത്തിന് ഒരുരഹസ്യവരമുണ്ടെന്നാണ് ഞാൻ കരുതുന്നത്. അവർ ആർക്കെതിരെ സംസാരിക്കുന്നുവോ, അവർ പുഷ്ടി പ്രാപിക്കും.

നമ്മൾ ഇപ്പോൾ ഊന്നൽ കൊടുക്കേണ്ടത് രാജ്യത്തിന്റെ വികസനത്തിനാണ്. അതാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. മൂന്നുപതിറ്റാണ്ടിന് ശേഷം 2014 ലാണ് ഭൂരിപക്ഷ സർക്കാർ അധികാരത്തിൽ വരുന്നത്. 2019 ൽ ഭൂരിപക്ഷം കൂടിയത് എൻഡിഎ സർക്കാരിന്റെ മികച്ച ട്രാക്ക് റെക്കോഡ് കാരണമാണ്. രാജ്യത്തെ യുവാക്കൾക്കായി അഴിമതി രഹിത ഭരണമാണ് ഞങ്ങൾ സമ്മാനിച്ചത്. തുറന്നആകാശത്ത് ഉയരത്തിൽ പറക്കാനുള്ള അവസരവും ധൈര്യവും അവർക്ക് ഞങ്ങൾ നൽകി, മോദി പറഞ്ഞു.