- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
രാജ്യം മണിപ്പൂരിന് ഒപ്പം; സംസ്ഥാനം വീണ്ടും സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് മടങ്ങി വരും; കലാപത്തിന് വഴിവച്ചത് ഹൈക്കോടതി ഉത്തരവെന്നും അക്രമകാരികൾക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി; മണിപ്പൂർ പരാമർശിക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങി പോയി; ഒളിച്ചോട്ടമെന്ന് മോദി; 2028 ൽ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പരിഹാസം
ന്യൂഡൽഹി: രാജ്യം മണിപ്പൂരിന് ഒപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനം വീണ്ടും സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് മടങ്ങി വരും. മണിപ്പൂരിലെ അക്രമകാരികൾക്കെതിരെ കേന്ദ്രം കർശന നടപടി ഉറപ്പാക്കും. ഉടൻ തന്നെ അവിടെ സമാധാനത്തിന്റെ വെളിച്ചം കൈവരും, അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മോദി പറഞ്ഞു. പ്രസംഗത്തിൽ ഉടനീളം പ്രതിപക്ഷത്തെ കടന്നാക്രമിച്ച മോദി രാഹുൽ ഗാന്ധിക്ക് എതിരെ പരോക്ഷ വിമർശനവും നടത്തി.മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം
പ്രതിപക്ഷത്തിന് ഭാരത മാതാവിനെ കൊല ചെയ്തതിനെ കുറിച്ച് സംസാരിക്കാൻ അർഹതയില്ല, കാരണം അവർ ഭാരത മാതാവിനെ മൂന്നു കഷ്ണമാക്കിയവരാണ്. പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യം ഗമാൻഡിയ സഖ്യമാണെന്നും മോദി പരിഹസിച്ചു. ഇരട്ടയക്ക പണപ്പെരുപ്പം, നയ മരവിപ്പിക്കൽ, അസ്ഥിരത, പ്രീണനം, തൊഴിലില്ലായ്മ, അക്രമം, ഭകാരവാദം എന്നിവയാണ് ഗമാൻഡിയ സഖ്യം ഉറപ്പു നൽകുന്നത്. പരാജയപ്പെട്ട ഉത്പന്നം തന്നെ കോൺഗ്രസ് വീണ്ടും വീണ്ടും പുറത്തിറക്കാൻ ശ്രമിക്കുകയാണെന്നും രാഹുലിനെ ലക്ഷ്യം വച്ച് മോദി പറഞ്ഞു.
പ്രസംഗം ഒന്നര മണിക്കൂർ പിന്നിട്ടിട്ടും മണിപ്പുർ വിഷയം പരാമർശിച്ചില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതു സത്യത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നു മോദി പറഞ്ഞു. പ്രതിപക്ഷത്തിനു രാഷ്ട്രീയക്കളി മാത്രമാണു താൽപര്യം. മണിപ്പുരിൽ കലാപത്തിനു വഴിവച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരിനെ കുറിച്ച് അമിത് ഷാ ഇന്നലെ വിശദമായി സംസാരിച്ചുവെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾക്കു സർക്കാരിൽ പൂർണവിശ്വാസമാണെന്നു പറഞ്ഞാണു മോദി പ്രസംഗം തുടങ്ങിയത്. ഭരണപക്ഷം 'മോദി, മോദി' എന്നു പറഞ്ഞ് ഡെസ്‌കിലടിച്ചു പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷം 'ഇന്ത്യ, ഇന്ത്യ' എന്നും മുദ്രാവാക്യം മുഴക്കി. അംഗങ്ങളോടു നിശബ്ദരാകാൻ സ്പീക്കർ ഓം ബിർല പലതവണ നിർദേശിച്ചു. പ്രസംഗം നീണ്ടുപോയപ്പോൾ, 'മണിപ്പുരിനെപ്പറ്റി പറയൂ' എന്നു പറഞ്ഞ് പ്രതിപക്ഷ നേതാക്കൾ പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ചിരുന്നു.
മോദിയുടെ പ്രസംഗത്തിൽ നിന്ന്..
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങൾ ബിജെപിക്ക് എപ്പോഴും ഭാഗ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ' ഇത്തരം സന്ദർഭങ്ങൾ എനിക്ക് ഭാഗ്യമാണ്. പ്രതിപക്ഷത്തിന് ഇത് പരീക്ഷണവും. ജനങ്ങൾ അവരെ വിലയിരുത്തുകയും, ബിജെപി കൂടുതൽ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുകയും ചെയ്യുന്നതാണ് പതിവ്'.
'ദൈവം കാരുണ്യവാനാണ്. ദൈവം മറ്റൊരാളെ മാധ്യമമാക്കി മാറ്റുന്നു. പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി ഞാൻ കാണുന്നു', മോദി പറഞ്ഞു. 2018 ൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി കൊണ്ടു വന്ന അവിശ്വാസ പ്രമേയവും പ്രധാനമന്ത്രി പരാമർശിച്ചു. ' അന്നും ഞാൻ ഇങ്ങനെ പറഞ്ഞിരുന്നു, ഇത് ഞങ്ങളുടെ സർക്കാരിന്റെ ബലപരീക്ഷണമല്ല, മറിച്ച് അവരുടേതാണ്...വോട്ടെടുപ്പ് നടന്നപ്പോൾ, അവർ പിന്നിലായി', പ്രധാനമന്ത്രി പറഞ്ഞു.
' വോട്ടെടുപ്പ് നടന്നപ്പോൾ, ജനങ്ങൾ അവരിൽ അവിശ്വാസം രേഖപ്പെടുത്തി. എൻഡിഎക്കും, ബിജെപിക്കും കൂടുതൽ വോട്ടുകിട്ടി. ഒരുതരത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഞങ്ങൾക്ക് നല്ല ശകുനമാണ്. ബിജെപിയും, എൻഡിഎയും മുൻ റെക്കോഡുകൾ ഭേദിച്ച് വൻഭൂരിപക്ഷത്തോടെ മടങ്ങി വരുമെന്ന് നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞു', മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് പ്രതിപക്ഷത്തിൽ വിശ്വാസമില്ല. പ്രതിപക്ഷത്തിന് രാജ്യത്തേക്കാൾ, അധികാരത്തോടാണ് കൂറെന്ന് പലവട്ടം തെളിയിച്ചുകഴിഞ്ഞു. പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരേ രണ്ടാം തവണയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. 2028ൽ പ്രതിപക്ഷം വീണ്ടും തങ്ങൾക്കെതിരേ അവിശ്വാസം കൊണ്ടുവരുമെന്നും മോദി പരിഹസിച്ചു.
പ്രതിപക്ഷത്തിന് രാജ്യത്തെ ജനങ്ങളുടെ പട്ടിണി പ്രശ്‌നമല്ല, അധികാരത്തോട് ആർത്തി മാത്രം. ആവശ്യത്തിന് സമയം കിട്ടിയിട്ടും പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയചർച്ചയ്ക്കായി വേണ്ട വിധം തയ്യാറെടുക്കാനായിട്ടില്ല. അവരെ പിന്തുണയ്ക്കുന്നവർ പോലും നിരാശരാണ്. രാജ്യം നിങ്ങളെ ഉറ്റുനോക്കുകയാണ്, പക്ഷേ ഓരോ വട്ടവും നിങ്ങൾ അവരെ നിരാശപ്പെടുത്തുന്നു, മോദി പറഞ്ഞു.
പ്രതിപക്ഷം നോബോളുകളുടെ പരമ്പര തന്നെ എറിയുമ്പോൾ സർക്കാർ സിക്‌സുകൾ അടിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം അവരുടെ അധിക്ഷേപവും, മോശം പരാമർശങ്ങളും എല്ലാം ടോണിക് പോലെയാണ്. എന്തിനാണ് അവരിത് ചെയ്യുന്നത്? പ്രതിപക്ഷത്തിന് ഒരുരഹസ്യവരമുണ്ടെന്നാണ് ഞാൻ കരുതുന്നത്. അവർ ആർക്കെതിരെ സംസാരിക്കുന്നുവോ, അവർ പുഷ്ടി പ്രാപിക്കും.
നമ്മൾ ഇപ്പോൾ ഊന്നൽ കൊടുക്കേണ്ടത് രാജ്യത്തിന്റെ വികസനത്തിനാണ്. അതാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. മൂന്നുപതിറ്റാണ്ടിന് ശേഷം 2014 ലാണ് ഭൂരിപക്ഷ സർക്കാർ അധികാരത്തിൽ വരുന്നത്. 2019 ൽ ഭൂരിപക്ഷം കൂടിയത് എൻഡിഎ സർക്കാരിന്റെ മികച്ച ട്രാക്ക് റെക്കോഡ് കാരണമാണ്. രാജ്യത്തെ യുവാക്കൾക്കായി അഴിമതി രഹിത ഭരണമാണ് ഞങ്ങൾ സമ്മാനിച്ചത്. തുറന്നആകാശത്ത് ഉയരത്തിൽ പറക്കാനുള്ള അവസരവും ധൈര്യവും അവർക്ക് ഞങ്ങൾ നൽകി, മോദി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ