- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചാൽ ഞാൻ തകരില്ല; രാഷ്ട്രപതിയെ വരെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചു; ചിലരുടെ മനോനില ഇതോടെ വ്യക്തമായി; രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും ശക്തമായ ഭാഷയിൽ മറുപടിയുമായി പ്രധാനമന്ത്രി; പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണർന്നിട്ടുണ്ടാവില്ലെന്നും പരിഹാസം
ന്യൂഡൽഹി: തനിക്കെതിരെ നടത്തിയ പരാമർശത്തിൽ തെളിവില്ലാത്തതിനാൽ ലോകസഭ രേഖകളിൽ നിന്ന് രാഹുൽഗാന്ധിയുടെ പ്രസംഗം നീക്കം ചെയ്തതിന് പിന്നാലെ രാഹുൽഗാന്ധിക്കും കോൺഗ്രസ്സിനും ശക്തമായ ഭാഷയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെ കടന്നാക്രമിച്ച മോദി രാഹുൽ രാഷ്ട്രപതിയെ വരെ അപമാനിച്ചു സംസാരിച്ചെന്ന് കുറ്റപ്പെടുത്തി. ബിജെപി ഭരണത്തിൽ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും പറഞ്ഞ മോദി യുപിഎ കാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നതെന്നും കുറ്റപ്പെടുത്തി.
പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിക്കെതിരെ പേരെടുത്ത് പറയാതെ മോദി വിമർശനം ഉന്നയിച്ചു. ലോക്‌സഭയിലെ പ്രതികരണത്തിലൂടെ ചിലരുടെ മനോനില വ്യക്തമായെന്ന് മോദി പറഞ്ഞു. ഈ വലിയ നേതാവ് രാഷ്ട്രപതിയെ പോലും അപമാനിച്ചു. എന്താണ് ഇദ്ദേഹത്തിന്റെ വിചാരം ഇത്തരം പ്രതികരണത്തിലൂടെ അദ്ദേഹം സ്വയം വെളിപ്പെട്ടു. പ്രതിപക്ഷത്ത് നിന്നും സംസാരിച്ച ഒരാൾ പോലും രാഷ്ട്രപതിയുടെ പ്രസംഗത്തെ പരാമർശിച്ചില്ല വെറുപ്പിന്റെ രാഷ്ട്രീയമാണ് പുറത്ത് വന്നതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.
പ്രസംഗത്തിന് ശേഷം നന്നായി ഉറങ്ങാൻ സാധിച്ചിട്ടുണ്ടാവുമെന്നും അതിനാൽ സമയത്ത് ഉണരാൻ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. സഭയിൽ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.
'ഇപ്പോൾ രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുണ്ട്. ശക്തവും സ്ഥിരതയുമുള്ള സർക്കാർ നിലവിലുണ്ട്. ഇന്ത്യയിൽ ലോകത്തിന് വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് അഭിമാനകരമാണ്. എന്നാൽ, അതിൽ ചിലർ അസ്വസ്ഥരാണ്. ഉത്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ വളർച്ചയിൽ ലോകം സമൃദ്ധികാണുന്നുവെങ്കിലും ചിലർ അത് അംഗീകരിക്കാൻ തയ്യാറാവുന്നില്ല'- പ്രധാനമന്ത്രി സഭയിൽ പറഞ്ഞു.
കോവിഡ് മഹാമാരിക്കാലത്ത് പല രാജ്യങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയും ഭക്ഷ്യപ്രതിസന്ധിയും അനുഭവിക്കുമ്പോൾ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി. ഇതിൽ ഇന്ത്യക്കാർ അഭിമാനിക്കേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. യു.പി.എ. സർക്കാരിന്റെ പത്തുവർഷ ഭരണകാലത്ത് നാണ്യപ്പെരുപ്പം രണ്ടക്കത്തിലായിരുന്നു. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ 2004-14 കാലഘട്ടം അഴിമതി നിറഞ്ഞതായിരുന്നു. പത്ത് വർഷത്തിനിടെ രാജ്യത്തുടനീളം ഭീകരാക്രമണങ്ങൾ നടന്നു. എന്നാൽ, ചില നല്ലകാര്യങ്ങൾ നടക്കുമ്പോൾ അവർ ദുഃഖിതരായിരിക്കുമെന്നും മോദി കുറ്റപ്പെടുത്തി.
മോദിയുടെ വാക്കുകൾ ഇങ്ങനെ..
ഇന്ത്യയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള പ്രസംഗമാണ് രാഷ്ട്രപതി പാർലമെന്റിൽ നടത്തിയത്. യഥാർത്ഥ്യബോധവും, വികസന കാഴ്ചപ്പാടും രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ വലിയ മാറ്റം രാജ്യത്തുണ്ടായി. രാജ്യം അഴിമതി മുക്തമായി. സമ്പദ് വ്യവസ്ഥയും മെച്ചപ്പെട്ടു. ജി 20 അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യയെത്തിയത് അഭിമാനകരമായ നേട്ടമാണ്.
എന്നാൽ ചിലർക്ക് ഇതെല്ലാം സങ്കടമുണ്ടാക്കുന്നു. അവർ ആത്മപരിശോധന നടത്തട്ടെ, ഈ സർക്കാർ സ്ഥിരതയുള്ളതാണ്. നിരാശയിൽ കഴിയുന്ന ചിലർക്ക് ഇതൊന്നും ഉൾക്കൊള്ളാനാവുന്നില്ല. ഈ വികസനത്തിൽ അവർ തീർത്തും നിരാശരാണ്. ഈ നിരാശയ്ക്ക് കാരണങ്ങളുണ്ട്. സ്ഥിരതയുള്ള സർക്കാരാണിത് നിരാശയിൽ കഴിയുന്ന ചിലർക്ക് ഇതൊന്നും ഉൾക്കൊള്ളാനാവുന്നില്ല. ഈ വികസനത്തിൽ അവർ തീർത്തും നിരാശരാണ്. ഈ നിരാശക്ക് കാരണങ്ങളുണ്ട്. അവർക്ക് ഇതൊക്കെ ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ്.
അവരുടെ ഭരണകാലം അഴിമതിയുടെ യുഗമായിരുന്നു. ടുജി, കോമൺവെൽത്ത് ഗെയിംസ് തുടങ്ങി അഴിമതിയുടെ ചെളി പുരണ്ട നിരവധി കാര്യങ്ങൾ അവരുടെ കാലത്താണ്. അന്താരാഷ്ട്ര തലങ്ങളിൽ ഇരുണ്ട യുഗമായാണ് രേഖപ്പെടുത്തിയത്. 2004 മുതൽ 2014 വരെയുള്ള പത്ത് വർഷക്കാലം നഷ്ടങ്ങളുടേത് മാത്രം. അവർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകുന്നുവെന്നത് തന്നെ. 2014ന് മുൻപ് രാജ്യത്തെ സമ്പദ് വ്യവസ്ഥയും, വിലക്കയറ്റവുമൊക്കെ എങ്ങനെയായിരുന്നു തൊഴില്ലായ്മ നിർമ്മാർജ്ജനം ചെയ്യുമെന്ന് പറഞ്ഞു. എന്നിട്ടെന്തായി യുപിഎ ഭരണകാലത്ത് ഒരു ദശാബ്ദം ഭീകരാക്രമണം പതിവായിരുന്നു. അപ്പോൾ ആക്രമണങ്ങളുണ്ടാകുക സ്വാഭാവികം.
ലോകരാഷ്ട്രങ്ങൾ ഇന്ത്യയുടെ വികസനത്തെ ഉറ്റുനോക്കുന്നു. അഴിമതിയുടെ രാഷ്ട്രീയത്തോടാണ് ഇവർക്ക് താൽപര്യം. ജനപക്ഷ രാഷ്ട്രീയത്തോടല്ല. അപ്പോൾ പുതിയ രാഷ്ടീയം വരുമ്പോൾ അവർ ചോദ്യം ചെയ്യും ക്രിയാത്മക വിമർശനമാണ് ആവശ്യം. അവർക്കെതിരായ അഴിമതികൾ പുറത്ത് വരുമ്പോൾ ഇഡിയടക്കമുള്ള ഏജൻസികളെ കുറ്റം പറയും. ഇഡിക്ക് മാത്രമേ പ്രതിപക്ഷത്തെ ഇപ്പോൾ ഒന്നിപ്പിക്കാനാവൂ. ഹാർവാർഡ് സർവകലാശാല കോൺഗ്രസിന്റെ വളർച്ചയേയും, തളർച്ചയേയും കുറിച്ച് ഇപ്പോൾ പഠിക്കുന്നു. കോൺഗ്രസിന്റെ തകർച്ച തുടർക്കഥയാകും. ജനങ്ങളുമായി കോൺഗ്രസിന് ബന്ധമില്ല. പ്രതിപക്ഷവും, മാധ്യമങ്ങളും വിചാരിച്ചാൽ മോദി തകരില്ല.
തന്റെ ജീവൻ ഇന്ത്യക്കായി സമർപ്പിച്ചിരിക്കുന്നു. വാർത്ത തലക്കെട്ടുകളെ ആശ്രയിച്ചല്ല മോദിയിലുള്ള ജനങ്ങളുടെ വിശ്വാസം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ എവിടെയും ഏശില്ല. സാധാരണക്കാരോ, കർഷകരോ ഈ നുണകൾ വിശ്വസിക്കില്ല. സർക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളാരും ഈ നുണപ്രചരണം വിശ്വസിക്കില്ല. ഈ ആരോപണങ്ങൾക്ക് ജനം മറുപടി നൽകും. രാജ്യത്തെ ജനങ്ങളാണ് തന്റെ സുരക്ഷാ കവചം. നുണകൾക്ക് ഈ കവചത്തെ ഭേദിക്കാനാവില്ല. കോൺഗ്രസ് കുടുംബത്തെ സംരക്ഷിക്കുന്നു ,താൻ രാജ്യത്തെയും.
ജമ്മു കശ്മീരിലെ ലാൽ ചൗക്കിൽ മുൻപ് പതാക ഉയർത്താൻ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യം മാറിയതുകൊണ്ടാണ് ചിലർക്ക് അവിടെ പതാക ഉയർത്താൻ കഴിഞ്ഞത്. ബുള്ളറ്റ് പ്രൂഫ് ഇല്ലാതെ അവിടെ സഞ്ചരിക്കാൻ കഴിഞ്ഞു. ഈ സർക്കാരിന് പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പ്രതിബദ്ധതയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കോൺഗ്രസ് അവരെ ഓർക്കുന്നത്. അവരെ കോൺഗ്രസ് ചതിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷം കനത്ത മുദ്രാവാക്യങ്ങളുമായി പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. ബിആർഎസ് അംഗങ്ങൾ ആദ്യം തന്നെ പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പിന്നാലെ കോൺഗ്രസ് അംഗങ്ങളും സഭവിട്ടു. പ്രസംഗം ബഹിഷ്‌കരിക്കുന്നതിൽ പ്രതിപക്ഷ നിരയിൽ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഡിഎംകെ, എൻസിപി, തൃണമൂൽ എംപിമാർ സഭയിൽ തുടർന്നു. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം.
ഇറങ്ങി പോയ കോൺഗ്രസ് എംപിമാർ പിന്നീട് സഭയിലേക്ക് തിരിച്ചെത്തി. കോൺഗ്രസ് നിരയിൽ ആദ്യമെത്തിയത്. ശശി തരൂരായിരുന്നു. സഭയിലേക്ക് തിരിച്ചെത്തിയ തരൂരിന് മോദി നന്ദി പറഞ്ഞു. പിന്നാലെ കാർത്തി ചിദംബരവും സഭയിലെത്തി. വൈകാതെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുഴുവൻ കോൺഗ്രസ് എംപിമാരും മടങ്ങിയെത്തി.എന്നാൽ പ്രസംഗത്തിനിടെ പലവട്ടം ബിജെപി എംപിമാർ നരേന്ദ്ര മോദിക്ക് ജയ് വിളിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ