ന്യൂഡൽഹി: കോൺഗ്രസും രാഹുൽഗാന്ധിയുമായിരുന്നു അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള തന്റെ മറുപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യലക്ഷ്യങ്ങൾ. രാഹുലിന്റെ മാ ഭാരതി, മൊഹബത്ത് കി ദുക്കാൻ പരാമർശങ്ങളെയാണ് മോദി ലാക്കാക്കിയത്. ഒരുവട്ടമല്ല, പലവട്ടം രാഹുലിന്റെ പേരുപറയാതെ മോദി വിമർശനം ഉന്നയിച്ചു.

' ഇവിടെ ചില ആളുകൾ ഭാരതമാതാവിന്റെ മരണം ആഗ്രഹിക്കുകയാണ്, എങ്ങനെയാണ് അവർക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുക, രാഹുലിന്റെ ഇന്നലത്തെ പ്രസംഗം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ മൊഹബത്ത് കി ദുക്കാൻ(സ്‌നേഹത്തിന്റെ കട) പരാമർശത്തെ പൊളിച്ചടുക്കാനാണ് മോദി രണ്ടാമതായി ശ്രമിച്ചത്. ' അവർ മൊഹബത്ത് കി ദുക്കാനെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ, അവർ നടത്തുന്നതുകൊള്ളയുടെ കടയാണ്, വെറുപ്പിന്റെ കടയണ്, അവർ വിഭജനവും, അടിയന്തരാവസ്ഥയും, അതിക്രമവും, പ്രീണനരാഷ്ട്രീയവും വിൽക്കുന്നു.

രാഷ്ട്രീയത്തിൽ 13 തവണ തുടക്കമിട്ടിട്ടും വിജയിക്കാത്ത നേതാവാണ് രാഹുൽ എന്ന അമിത് ഷായുടെ ഇന്നലത്തെ പരാമർശവും മോദി ഏറ്റുപിടിച്ചു. ' വർഷങ്ങളായി അവർ പരാജയപ്പെട്ട ഉത്പന്നമാണ് പുറത്തിറക്കുന്നത്. ഓരോ തവണയും അത് പരാജയപ്പെടും, രാഹുലിനെ ലാക്കാക്കി പ്രധാനമന്ത്രി പറഞ്ഞു.

രാഹുൽ പറഞ്ഞത്

മണിപ്പുരിൽ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണു കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത്ഷായെയുമാണെന്നു രാഹുൽ പരിഹസിച്ചു

'എന്തിനാണ് ഞാൻ ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്ന് ആളുകൾ എന്നോടു ചോദിക്കാറുണ്ട്. എന്തിനാണ് ഈ യാത്രയെന്ന് എനിക്കും ഒരു വ്യക്തതയുണ്ടായിരുന്നില്ല. പക്ഷേ, ഇന്ത്യയെ അറിയാനാണ് ഈ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു.' രാഹുൽ പറഞ്ഞു.ഭാരത് ജോഡോ യാത്രയ്ക്ക് ഇറങ്ങി തിരിക്കുമ്പോൾ, തന്റെ കായികക്ഷമതയെ കുറിച്ച് വിശ്വാസമുണ്ടായിരുന്നു. അത് വിഷമകരമായി തോന്നിയില്ല. ' എന്നാൽ, ഈ രാജ്യം അഹന്ത പൊറക്കുകയില്ല. ഏതാനും ദിവസങ്ങൾക്കകം പഴയ മുറിവ് പുറത്തുവരികയും എനിക്ക് വേദനിക്കുകയും ചെയ്തു.

രാവണനെ രാമനല്ല, അയാളുടെ അഹന്തയാണ് കൊലപ്പെടുത്തിയത്. ' നിങ്ങൾ എല്ലായിടത്തും മണ്ണെണ്ണ വാരി വിതറിയിരിക്കുന്നു. നിങ്ങൾ മണിപ്പൂരിന് തീകൊളുത്തി വിട്ടു. ഇപ്പോൾ അതേ കാര്യം ഹരിയാനയിലും ചെയ്യാൻ ശ്രമിക്കുന്നു.' അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ രാഹുലിന്റെ ഓഫീസ് ആക്രമണവും ആയുധമാക്കി

മണിപ്പൂർ വിഷയത്തിലെ അടിയന്തര പ്രമേയത്തിനുള്ള മറുപടി ചർച്ചയിൽ പ്രതിപക്ഷ ഐക്യത്തെ രൂക്ഷമായി പരിഹസിച്ചും വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി കേരളത്തിലെ സംഭവം മോദി ഉയർത്തികാട്ടി. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമണമാണ് മോദി ആയുധമാക്കിയത്.

പ്രതിപക്ഷ ഐക്യത്തെ വിമർശിക്കാനായാണ് മോദി, രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്തത് പരാമർശിച്ചത്. വയനാട്ടിൽ കോൺഗ്രസിന്റെ ഓഫീസ് അടിച്ച് തകർത്തവരുമായാണ് കോൺഗ്രസ് സൗഹൃദം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മോദി പ്രസംഗത്തിനിടെ പറഞ്ഞത്. ഇക്കാര്യമടക്കം ചൂണ്ടികാട്ടിയ പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായാണ് വിമർശിച്ചത്.

കോൺഗ്രസിന്റെ വീഴ്‌ച്ചയെയും രൂക്ഷമായി മോദി വിമർശിച്ചു. അഹങ്കാരമാണ് കോൺഗ്രസിനെ നാന്നൂറ് സീറ്റിൽ നിന്ന് നാൽപ്പതിലേക്ക് എത്തിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ ചിഹ്നം തന്നെ എല്ലാ അധികാരവും ഒരു കുടുംബത്തിന്റെ കൈയിലെന്നത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം ഉണ്ട്. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല.

പ്രതിപക്ഷത്തിന്റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തിൽ സന്തോഷമില്ല. അഴിമതി പാർട്ടികൾ ഒന്നായിരിക്കുന്നുവെന്നും മോദി വിമർശിച്ചു. അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് നന്ദിയെന്നും പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സർക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തോട് ജനങ്ങൾ 'അവിശ്വാസം കാണിച്ചു'. 2024 ൽ ബിജെപിക്ക് റെക്കോർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു.

പ്രതിപക്ഷത്തിന് രാജ്യത്തേക്കാൾ വലുത് പാർട്ടിയാണ്. എന്നാൽ രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. രാജ്യത്തെ യുവാക്കൾക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിക്കായെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. അതുപോലെ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും മോദി അവകാശപ്പെട്ടു.