- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഗുജറാത്തിൽ തോളോട് തോളോട് ചേർന്നു ബന്ധം; മോദി പ്രധാനമന്ത്രി ആയപ്പോൾ അദാനിയുടെ റിയൽ മാജിക്; ഒരു ബിസിനസിലും തോൽക്കാതെ അദാനിജി ലോക സമ്പന്നന്മാരിൽ രണ്ടാമനായി; മോദി സന്ദർശിച്ച രാജ്യങ്ങളിലെ കരാറുകൾ എല്ലാം നേടി; ലോക്സഭയിൽ കത്തിക്കയറി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഗൗതം അദാനി-നരേന്ദ്ര മോദി ബന്ധത്തെ ചോദ്യം ചെയ്ത് ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി. പാർലമെന്റിൽ, രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിലാണ് രാഹുൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നോക്കിയത്.
'നേരത്തെ പ്രധാനമന്ത്രി അദാനിക്കൊപ്പം തന്റെ വിമാനത്തിലായിരുന്നു യാത്ര, ഇപ്പോൾ നേരേ തിരിച്ചും. ഭാരത് ജോഡോ യാത്രയ്ക്കിടെ. അദാനിയുടെ പേര് ഉയർന്നുവന്നു. അദാനി ഏതു ബിസിനസും ചെയ്യു, ഏല്ലാറ്റിലും വിജയിക്കും, അതെങ്ങനെയെന്നാണ് ആളുകൾ ചോദിച്ചത്.
ഒരു ബിസിനസിലും അദാനി ജി തോൽക്കാറില്ല. സൗരോർജ്ജമായാലും, കാറ്റിൽ നിന്നുള്ള വൈദ്യുതായായാലും. പ്രധാനമന്ത്രിയുമായി അദാനിരക്കുള്ള ബന്ധത്തെ കുറിച്ചാണ് ആളുകൾ ചോദിച്ചത്.'
നരേന്ദ്ര മോദി സന്ദർശിച്ച രാജ്യങ്ങളിൽ എല്ലാം അദാനി കരാറുകൾ നേടിയെടുത്തതായി രാഹുൽ ആരോപിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ തുടങ്ങിയ ബന്ധമാണ്. മോദിക്കൊപ്പം തോളോട് തോളോട് ചേർന്ന് വിശ്വസ്തനായി നിന്ന് ഗുജറാത്തിന്റെ പുനരുത്ഥാനം എന്ന ആശയരൂപീകരണത്തിൽ സഹായിച്ചു. പ്രധാനമന്ത്രി മോദി 2014 ൽ ഡൽഹിയിൽ എത്തിയപ്പോഴാണ് യഥാർത്ഥ മാജിക് സംഭവിച്ചത്, രാഹുൽ പറഞ്ഞു.
നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും രാഹുൽ പിന്മാറിയില്ല. അദാനിയും മോദിയുമായുള്ള ചിത്രം ഉയർത്തി ആയിരുന്നു പ്രസംഗം. മോദിയുമായുള്ള ബന്ധം വഴി അദാനിയുടെ വ്യവസായവും ഉയർച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി.
രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് അദാനിക്ക് നൽകി. വിമാനത്താവളങ്ങൾ നടത്തി പരിചയമില്ലാത്തവരെ അതിന്റെ നടത്തിപ്പ് ഏൽപിക്കരുതെന്ന നിയമം മറികടന്നു കൊണ്ടാണ് അദാനിക്ക് വിമാനത്താവളങ്ങൾ കൈമാറിയതെന്ന് രാഹുൽ പറഞ്ഞു. ആറ് വിമാനത്താവളങ്ങൾ അദാനിയുടെ നിയന്ത്രണത്തിലായി. പ്രധാനമന്ത്രിയാണ് എല്ലാത്തിനും സൗകര്യമൊരുക്കിയത്. നന്ദിപ്രമേയ ചർച്ചയാണെന്നും വലിയ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് തെളിവ് വേണമെന്നും മന്ത്രി കിരൺ റിജിജു പറഞ്ഞു.
സർക്കാർ പിന്തുണയോടെ എങ്ങനെ ധനം സമ്പാദിക്കാമെന്നതിന്റെ ഉദാഹരണമാണ് അദാനിയെന്ന് അദ്ദേഹം പ്രസംഗം തുടർന്നു. പ്രതിരോധ, ആയുധ നിർമ്മാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നൽകി. 2014 ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ അനുവദിക്കരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. രേഖകളില്ലാതെ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ആനുകൂല്യം കിട്ടുന്നത് അദാനിക്കെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രയോജനം കിട്ടുന്നതും അദാനിക്കാണ്. പൊതു മേഖലാ ബാങ്കുകളും, എൽഐസിയും അദാനിക്ക് തീറെഴുതി. ഇവിടങ്ങളിലെ സാധാരണക്കാരുടെ പണം അദാനി ഗ്രൂപ്പിന്റെ കൈയിലെത്തിയിട്ടുണ്ട്. എത്ര തവണ അദാനിയുമായി വിദേശയാത്ര നടത്തി, എത്ര കരാറുകൾ അതിന് ശേഷം ഒപ്പിട്ടു, തുടങ്ങിയ ഗൗരവമേറിയ ചോദ്യങ്ങളും പ്രധാനമന്ത്രിയോട് രാഹുൽ ചോദിച്ചു.
ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്‌നങ്ങൾ ജനങ്ങൾ പങ്കുവച്ചു. കർഷകർ അവരുടെ പ്രശ്‌നങ്ങൾ പറഞ്ഞു. ഉത്പന്നങ്ങൾക്ക് വിലയില്ലെന്ന പരാതി കേട്ടു. ആദിവാസികൾ അടക്കമുള്ളവർ അവരുടെ പ്രശ്‌നങ്ങൾ പറഞ്ഞു.
അഗ്‌നി വീറുകൾക്ക് പറയാനുള്ളതും കേട്ടു. പദ്ധതിയിൽ പെൻഷൻ ഇല്ലാത്തതിലെ ആശങ്ക പങ്കുവച്ചു. നാല് വർഷത്തിന് ശേഷം ജോലിയില്ലാതാകുമോ എന്ന ആശങ്ക അവർ പങ്കുവച്ചു. അജിത് ഡോവലാണ് അഗ്നിവീർ പദ്ധതി സൈന്യത്തിന്റെ മേൽ അടിച്ചേൽപ്പിച്ചതെന്ന വികാരമാണ് വിരമിച്ച സൈനികർക്കുള്ളതെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തിനെതിരെ ഭരണപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ചപ്പോൾ സ്പീക്കർ ഇടപെട്ടെങ്കിലും, അത് കൂസാതെ രാഹുൽ തുടരുകയായിരുന്നു.
അതേസമയം, അദാനി വിവാദത്തിൽ ഇന്നും പാർലമെന്റിൽ പ്രതിഷേധം തുടർന്നു. ചോദ്യോത്തര വേളക്കിടെ ലോക് സഭയും, രാജ്യസഭയും പിരിഞ്ഞു. നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസടക്കം 15 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. എന്നാൽ പ്രതിഷേധം തുടരണമെന്ന നിലപാടാണ് ആം ആദ്മി പാർട്ടിയും ബി ആർ എസും സ്വീകരിച്ചത്. തൃണമൂൽ കോൺഗ്രസ് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മമത ബാനർജിക്കെതിരെ കോൺഗ്രസ് അതിരൂക്ഷ വിമർശനം ഉയർത്തി.
മമതയും അദാനിയും മോദിയും തമ്മിൽ നല്ല ബന്ധമാണെന്നും അതുകൊണ്ടാണ് അദാനിക്കെതിരെ മമത മിണ്ടാത്തതെന്നും ലോക് സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി ആരോപിച്ചു. അദാനിക്കെതിരെ ജെപിസി അന്വേഷണം കോൺഗ്രസ് ആവശ്യപ്പട്ടപ്പോൾ, സുപ്രീം കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസ് സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ