- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
രാഹുലിനെ അയോഗ്യനാക്കിയത് ഒറ്റ ദിവസത്തിനകം; തിരിച്ചെടുക്കാൻ അതേവേഗതയില്ല; നീണ്ടു പോയാൽ കോൺഗ്രസ് അതും രാഷ്ട്രീയ ആയുധമാക്കും; നാളെ തന്നെ രാഹുലിന്റെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം; രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിക്കണമെന്ന കത്തും സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പും ലോക്സഭാ സെക്രട്ടേറിയറ്റിന് കൈമാറി
ന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേചെയ്ത സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. രാഹുലിനെ അയോഗ്യനാക്കാൻ അതിവേഗമാണ് നീക്കം നടന്നതെങ്കിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ ആ വേഗത ഉണ്ടായില്ല. ഇന്നലെ കോടതി ഉത്തരവും കത്തും താൻ കൊണ്ടുചെന്നിട്ടും നേരിൽ വാങ്ങാൻപോലും സ്പീക്കറോ സെക്രട്ടറി ജനറലോ തയ്യാറായില്ലെന്നാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയത്.
രാഹുലിനെ തിരിച്ചെടുക്കുന്ന കാര്യം സ്പീക്കറുമായി ചർച്ചചെയ്ത ശേഷം ലോക്സഭാ സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊള്ളുക. അയോഗ്യനാക്കി മാർച്ച് 24-ന് പുറത്തിറക്കിയ വിജ്ഞാപനത്തിന് സമാനമായ ഉത്തരവാണ് അംഗത്വം പുനഃസ്ഥാപിക്കുമ്പോഴും ലോക്സഭാ സെക്രട്ടറി ജനറൽ പുറത്തിറക്കേണ്ടത്. രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്ന കത്തും സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പും കോൺഗ്രസിന്റെ സഭാനേതാവ് അധീർ രഞ്ജൻ ചൗധരി ശനിയാഴ്ച ലോക്സഭാ സെക്രട്ടേറിയറ്റിന് കൈമാറി.
തിങ്കളാഴ്ച അംഗത്വം പുനഃസ്ഥാപിക്കുകയാണെങ്കിൽ ചൊവ്വാഴ്ച സഭയിൽ ആരംഭിക്കുന്ന അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുലിന് പങ്കെടുക്കാം. വെള്ളിയാഴ്ചയാണ് രാഹുൽഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നത്. ഇതനുസരിച്ച്, ശിക്ഷ സ്റ്റേ ചെയ്തനിമിഷംമുതൽ രാഹുൽഗാന്ധി ലോക്സഭാംഗമാണ്. എന്നാൽ, ഇക്കാര്യത്തിൽ ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾമാത്രമേ, സാങ്കേതികമായി അംഗത്വം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. ഇത് വൈകിപ്പിക്കാൻ ശ്രമം ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്.
മുൻകാല പ്രാബല്യത്തോടെയാണ് അംഗത്വം പുനഃസ്ഥാപിക്കുന്നത്. അല്ലെങ്കിൽ, ലോക്സഭാംഗത്വ കാലയളവിൽ വിടവുണ്ടാകും. ഇത് സങ്കീർണമായ നിയമപ്രശ്‌നങ്ങൾക്ക് വഴിതുറക്കും. കോടതി ഉത്തരവും കത്തും താൻ കൊണ്ടുചെന്നിട്ടും നേരിൽ വാങ്ങാൻപോലും സ്പീക്കറോ സെക്രട്ടറി ജനറലോ തയ്യാറായില്ലെന്നും അവധി ആയതിനാൽ തപാൽ വിഭാഗത്തിൽ നൽകാനാണ് നിർദേശിച്ചതെന്നും അധീർ രഞ്ജൻ ചൗധരി ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ചയും അയോഗ്യത നീക്കുന്നതിൽ നടപടിയൊന്നും ഉണ്ടായില്ല. സുപ്രീംകോടതി വിധിവന്ന വെള്ളിയാഴ്ചതന്നെ കോൺഗ്രസിന്റെ ലോക്‌സഭ നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയെ കണ്ട് എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് തന്റെ ഓഫിസിൽ കിട്ടിയശേഷം നടപടി സ്വീകരിക്കാമെന്നായിരുന്നു മറുപടി. വെള്ളിയാഴ്ച രാത്രി സുപ്രീംകോടതി ഉത്തരവ് കിട്ടിയപ്പോൾ അധീർ രഞ്ജൻ സ്പീക്കറെ വിളിച്ച് കൂടിക്കാഴ്ചക്ക് സമയംതേടി.
സുപ്രീംകോടതി വിധിപ്പകർപ്പും എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന കോൺഗ്രസ് പാർട്ടിയുടെ കത്തും കൈമാറുന്നതിന് വേണ്ടിയായിരുന്നു ഇത്. ശനിയാഴ്ചയാകട്ടെ എന്ന മറുപടിയാണ് ലഭിച്ചത്. ശനിയാഴ്ച രാവിലെ അദ്ദേഹം വീണ്ടും സ്പീക്കറെ വിളിച്ചു. രേഖകൾ ലോക്‌സഭ സെക്രട്ടറി ജനറലിന്റെ ഓഫിസിൽ ഏൽപിക്കാനായിരുന്നു മറുപടി. സെക്രട്ടറി ജനറലിനെ അധീർ രഞ്ജൻ വിളിച്ചു. ശനിയാഴ്ച ഓഫിസ് അവധിയാണെന്നായിരുന്നു വിശദീകരണം. അടിയന്തര സന്ദർഭങ്ങളിൽ അവധി നോക്കാതെ കത്ത് വാങ്ങാൻ ഒരു സംവിധാനം ഉണ്ടാവില്ലേ എന്നായി അധിർ രഞ്ജൻ ചൗധരി.
സ്പീക്കർക്കുള്ള കത്തുമായി ആരെയെങ്കിലും അയച്ചാൽ മതിയെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. തൊട്ടുപിന്നാലെ ബന്ധപ്പെട്ട രേഖകൾ അടങ്ങുന്ന കവർ അധീർ രഞ്ജൻ ചൗധരി ദൂതൻ വശംകൊടുത്തയച്ചു. രാഹുലിനെ മാർച്ചിൽ അയോഗ്യനാക്കിയ വിജ്ഞാപനം, സുപ്രീംകോടതി വിധിപ്പകർപ്പ്, എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സഭാനേതാവെന്ന നിലയിൽ അധിർ രഞ്ജൻ ചൗധരി സ്പീക്കർക്ക് നൽകുന്ന കത്ത് എന്നിവയായിരുന്നു കവറിൽ. ലോക്‌സഭ സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി കത്ത് സ്വീകരിച്ചതായി മറുപടിക്കത്ത് നൽകി. ഈ കത്തിൽ അണ്ടർ സെക്രട്ടറിയുടെ ഒപ്പുണ്ടെങ്കിലും സീൽ പതിച്ചിട്ടില്ല.
കത്ത് സ്വീകരിച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. ശനി, ഞായർ എന്നീ അവധിദിവസങ്ങൾ കഴിഞ്ഞ് പാർലമെന്റ് വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ചയെങ്കിലും നടപടി ഉണ്ടാകുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭ ചർച്ചക്കെടുക്കുന്നത് ചൊവ്വാഴ്ചയാണ്. അതിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് ശ്രമം. എന്നാൽ, സ്പീക്കർ ഒഴിഞ്ഞുമാറുകയാണെന്ന സംശയത്തിലാണ് കോൺഗ്രസ്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് കോടതി വിധിവന്ന് രണ്ടു മാസത്തിനു ശേഷമാണ് എംപി സ്ഥാനം തിരിച്ചുനൽകിയത്.
അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുൽ പങ്കെടുക്കുമെന്ന ഭയം പ്രധാനമന്ത്രിക്കുള്ളതുകൊണ്ടാണോ തീരുമാനമെടുക്കാത്തതെന്ന് ജയറാം രമേഷ് ട്വിറ്ററിൽ ചോദിച്ചു. എന്നാൽ ശനി, ഞായർ ദിവസങ്ങൾ ഓഫീസുകൾക്ക് അവധിയായതിനാലാണ് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തപാൽ വിഭാഗത്തിൽ ഏൽപ്പിക്കാൻ നിർദേശിച്ചതെന്നാണ് ലോക്സഭാ സെക്രട്ടറി ജനറൽ കോൺഗ്രസ് നേതാക്കൾക്ക് നൽകിയ മറുപടി. അണ്ടർ സെക്രട്ടറി രേഖകൾ സ്വീകരിച്ചിട്ടുണ്ട്. അതിനിടെ, അംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടികൾ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയേക്കാമെന്ന ആശങ്ക കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്