ന്യൂഡൽഹി: രാഹുൽ ഗാന്ധി ലോക്‌സഭയിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശത്തിലാണ് കോൺഗ്രസ് നേതാക്കൾ. ഇന്ന് രാവിലെ അതിവേഗത്തിലാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിന്റെ അയോഗ്യത നീക്കിയ അറിയിപ്പ്് പുറത്തിറക്കിയത്. പിന്നാലെ ഇന്ന് തന്നെ അദ്ദേഹം പാർലമെന്റിൽ എത്തുകയും ചെയ്തു. പ്രതിപക്ഷ ഐക്യം ആവേശത്തോടെയാണ് രാഹുലിനെ സ്വീകരിച്ചതും. ്അതേസമയം പാർലമെന്റംഗത്വം പുനഃസ്ഥാപിക്കപ്പെട്ട രാഹുൽഗാന്ധി ചൊവ്വാഴ്ചത്തെ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കും. ഇതും കോൺഗ്രസിന് ആവേശം പകർന്നിട്ടുണ്ട്.

മണിപ്പുർ സംഘർഷത്തിൽ ഇന്ത്യ സഖ്യത്തിനുവേണ്ടി കോൺഗ്രസ് സഭാകക്ഷി ഉപനേതാവായ ഗൗരവ് ഗൊഗോയി അവതരിപ്പിച്ച പ്രമേയത്തിന്മേൽ ചൊവ്വാഴ്ചയാണ് ചർച്ച. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ മറുപടിയും വോട്ടെടുപ്പും നടക്കും. കോൺഗ്രസിൽനിന്ന് ചർച്ചയ്ക്ക് തുടക്കമിടുക രാഹുൽഗാന്ധിയായിരിക്കുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. രാഹുൽ തന്നെയാകും വിഷയം സംസാരിച്ചു തുടങ്ങുക എന്നാണ് സൂചനകൾ.

സഭയുടെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിവസം മുതൽ തന്നെ മണിപ്പുർ വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ചയെന്ന ആവശ്യവുമായി ഇന്ത്യ സഖ്യം രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ ആവശ്യത്തോട് മുഖം തിരിച്ച കേന്ദ്രം ഹ്രസ്വചർച്ചയാവാമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തുടർച്ചയായി ആവശ്യം ഉന്നയിച്ചിട്ടും അദ്ദേഹം സഭയിൽ പ്രതികരിക്കാൻ തയ്യാറാവാത്തതോടെയാണ് അവിശ്വാസപ്രമേയ ചർച്ച വഴി അദ്ദേഹത്തെ സഭയിൽ മറുപടി നൽകാൻ നിർബന്ധിതനാക്കുക എന്ന നിലപാടിലേക്ക് പ്രതിപക്ഷം എത്തിയത്.

134 ദിവസത്തെ അയോഗ്യത തിങ്കളാഴ്ചയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് നീക്കിയത്. അപകീർത്തിക്കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടുവർഷത്തെ തടവ് ശിക്ഷവിധിച്ചതോടെയാണ് വയനാട് എംപിയായ രാഹുലിന് മേയിൽ ലോക്സഭാ അംഗത്വം നഷ്ടമായത്. അയോഗ്യനാക്കാൻ എടുത്ത വേഗം, അംഗത്വം പുനഃസ്ഥാപിക്കാനില്ലെന്ന വിമർശനങ്ങൾക്കിടെയായിരുന്നു ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. പുനഃസ്ഥാപിക്കാനുള്ള നടപടികൾ നീണ്ടുപോയാൽ പ്രക്ഷോഭങ്ങൾക്കും കോടതിയെ സമീപിക്കാനും കോൺഗ്രസ് നീക്കങ്ങൾ നടത്തിയിരുന്നു.

അയോഗ്യതയ്ക്കിടയിലും കഴിഞ്ഞ ജൂണിൽ രാഹുൽഗാന്ധി മണിപ്പുരിൽ രണ്ടുദിവസത്തെ സന്ദർശനം നടത്തിയിരുന്നു. ദുരിതാശ്വാസക്യാമ്പുകളിലുള്ളവരെ സന്ദർശിക്കാനെത്തിയ രാഹുലിനെ പൊലീസ് തടഞ്ഞിരുന്നു. കലാപബാധിതരെ സന്ദർശിച്ച അദ്ദേഹം മണിപ്പുരിലേത് ഹൃദയഭേദകമായ കാഴ്ചയാണെന്ന് പ്രതികരിച്ചിരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ തനിക്ക് ആവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ രാഷ്ട്രീയ ചോദ്യങ്ങളെ ഒഴിവാക്കിയായിരുന്നു പ്രതികരണം നടത്തിയത്. മണിപ്പുരിലെ വിവിധ വിഭാഗങ്ങളുമായും പൗരപ്രമുഖരുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.

അതേസമയം ഇന്ന് ഇന്ത്യ സംഖ്യത്തിലെ എം പിമാരുടെ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ പാർലമെന്റിലെത്തിയ രാഹുലിന് പക്ഷേ ജനപ്രതിനിധിയെന്ന നിലയിൽ ഔദ്യോഗിക വസതി ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ കോൺഗ്രസ് നേതാവ് ഡൽഹി തുഗ്‌ളക് ലെയിനിലെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. പിന്നീട് നാളിതുവരെ ജനപഥ് റോഡ് 10-ലെ സോണിയ ഗാന്ധിയുടെ വസതിയിലാണ് രാഹുൽ ഗാന്ധിയുടെ വാസം. നിലവിൽ തുഗ്‌ളക് ലെയിനിലെ ബംഗ്‌ളാവ് വേറെയാർക്കും അനുവദിച്ച് നൽകിയിട്ടില്ല. അതിനാൽ തന്നെ രാഹുൽ ഗാന്ധി അപേക്ഷിക്കുന്ന പക്ഷം വീണ്ടും അനുവദിച്ച് നൽകുമെന്നാണ് വിവരം. താമസിയാതെ തന്നെ വസതിയും രാഹുലിന് തിരികെ ലഭിക്കും.

അതേസമയം എം പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതോടെ രാഹുലിന്റെ ഔദ്യോഗിക വസതിയും തിരികെ നേടാനുള്ള ശ്രമം കോൺഗ്രസ് ആരംഭിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രാഹുലിന്റെ ഔദ്യോഗിക വസതിയെ സംബന്ധിച്ച വിഷയം ഹൗസിങ് കമ്മിറ്റിക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. മുൻ കോൺഗ്രസ് അദ്ധ്യക്ഷന്റെ അഭാവത്തിൽ അപേക്ഷ നൽകാൻ അദ്ദേഹം തയ്യാറായെങ്കിലും നിയമപരമായി രാഹുൽ ഗാന്ധി തന്നെ അപേക്ഷിക്കണമെന്ന മറുപടി ലഭിച്ചതായാണ് വിവരം.