ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെ ചൊല്ലി ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തോടെയാണ് ഇന്ന് ലോക്‌സഭാ നടപടികൾ തുടങ്ങിയത്. തന്റെ മൈക്ക് ഓഫ് ചെയ്തതായി രാഹുൽ ഗാന്ധി ആരോപിച്ചതോടെ സഭയിൽ അസാധാരണ രംഗങ്ങൾ അരങ്ങേറി. മൈക്ക് ഓൺ ചെയ്യാൻ രാഹുൽ സ്പീക്കറോട് ആവശ്യപ്പെടുകയും, സ്പീക്കർ ഓം ബിർള അതിന് ചുട്ട മറുപടി നൽകുകയും ചെയ്തു. പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ ഇന്ത്യ സഖ്യ അംഗങ്ങൾ പ്രതിഷേധിച്ചതാണ് സഭാന്തരീക്ഷം പ്രക്ഷുബ്ധമാക്കിയത്.പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിലുള്ള വാക്‌പോരിന്റെ വീഡിയോ കോൺഗ്രസ് തന്നെ എക്‌സിൽ പോസ്റ്റ് ചെയ്തു.

കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡയാണ് ആരോപണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി സംഭവിച്ച പരീക്ഷാ പേപ്പർ ചോർച്ച രാജ്യത്തെ യുവാക്കുളുടെ ഭാവി താറുമാറാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉത്തരവാദിത്വത്തിൽനിന്ന് ഓടിയൊളിക്കുകയാണ്. ഈ വിഷയം സഭയിൽ ഉന്നയിക്കുന്നതിനെ രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തയതെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യണമെന്നും ദീപേന്ദർ ഹൂഡ ആവശ്യപ്പെട്ടു.

രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച കഴിഞ്ഞ ശേഷം നീറ്റ് വിഷയം എടുക്കാമെന്നും സഭാ ചട്ടങ്ങൾ പാലിക്കണമെന്നുമാണ് സ്പീക്കർ രാഹുലിനെ ഉപദേശിച്ചത്. എന്നാൽ, രാഹുലും പ്രതിപക്ഷവും വഴങ്ങിയില്ല. യുവാക്കളെ ബാധിക്കുന്ന വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും സംയുക്തമായി സന്ദേശം നൽകണമെന്നും ചർച്ച വേണമെന്നും രാഹുൽ നിലപാടെടുത്തു. എന്തായാലും താൻ രാഹുലിന്റെ മൈക്ക് ഓഫ് ചെയ്‌തെന്ന രാഹുലിന്റെ പരാമർശം സ്പീക്കറെ ചൊടിപ്പിച്ചു. ' മൈക്ക് ഓഫ് ചെയ്യാൻ എന്റെ കയ്യിൽ ബട്ടൺ ഒന്നുമില്ല,. നേരത്തെ അങ്ങനെ ഒരു സംവിധാനം ഉണ്ടായിരുന്നു. ഇപ്പോഴില്ല' ഓം ബിർള പറഞ്ഞു.

എന്നാൽ, പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ ഗൂഢാലോചന ഉണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. 'നരേന്ദ്ര മോദി ഈ വിഷയത്തിൽ നിശ്ശബ്ദമായിരിക്കെ, യുവാക്കൾക്ക് വേണ്ടി രാഹുലാണ് സഭയിൽ ശബ്ദം ഉയർത്തുന്നത്. എന്നാൽ, ഇത്തരമൊരു ഗൗരവമേറിയ വിഷയത്തിൽ യുവാക്കളുടെ ശബ്ദം അടിച്ചമർത്താൻ പാർലമെന്റിൽ മൈക്രോഫോൺ ഓഫ് ചെയ്യുകയാണ്, ' കോൺഗ്രസിന്റെ പോസ്റ്റിൽ പറഞ്ഞു.