- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് രാഹുൽ ഗാന്ധി തുടക്കമിടും; ബിജെപിക്ക് 6 മണിക്കൂർ 41 മിനിറ്റ്, അഞ്ച് കേന്ദ്രമന്ത്രിമാർ സംസാരിക്കും; കോൺഗ്രസിന് ഒരു മണിക്കൂർ 10 മിനിറ്റ്; രാഹുൽ ഗാന്ധിക്ക് പുറമേ ഗൗരവ് ഗൊഗോയി, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും സംസാരിക്കും; അവിശ്വാസ പ്രമേയ ചർച്ചയിൽ ബിആർഎസ് ഇന്ത്യ മുന്നണിയെ പിന്തുണക്കും
ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേൽ ഇന്ന് ചർച്ച തുടങ്ങും. ലോക്സഭയിൽ ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ആരംഭിക്കും. രണ്ടു ദിവസമായി 12 മണിക്കൂർ ചർച്ചയാണ് അനുവദിച്ചിട്ടുള്ളത്. കോൺഗ്രസിൽ നിന്നും രാഹുൽ ഗാന്ധിയാണ് ചർച്ചയ്ക്ക് തുടക്കമിടുക. അംഗബലം അനുസരിച്ചാണ് കക്ഷികൾക്ക് സഭയിൽ സംസാരിക്കാൻ അവസരം നൽകുന്നത്.
ചർച്ചയിൽ പകുതിയിലേറെ സമയവും ബിജെപിക്കാണ് അനുവദിച്ചിട്ടുള്ളത്. ആറു മണിക്കൂർ 41 മിനിറ്റാണ് ബിജെപിക്ക് നൽകിയത്. കോൺഗ്രസിന് ഒരു മണിക്കൂർ 15 മിനിറ്റും നൽകിയിട്ടുണ്ട്. മറ്റു പാർട്ടികൾക്കും സ്വതന്ത്ര അംഗങ്ങൾക്കും സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശദമായി തന്നെ സഭയിൽ ചർച്ച നടക്കും.
ബിജെപിയിൽ നിന്ന് അഞ്ച് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 15 പേർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു എന്നിവരാണ് സംസാരിക്കുക. കോൺഗ്രസിൽ നിന്നും രാഹുൽ ഗാന്ധിക്ക് പുറമെ, ഗൗരവ് ഗൊഗോയി, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും സംസാരിക്കും.
മറ്റു പ്രധാന പ്രതിപക്ഷ പാർട്ടി നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. രണ്ടു ദിവസത്തെ ചർച്ചയ്ക്ക് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി രാവിലെ 10 ന് ബിജെപി പാർലമെന്ററി പാർട്ടി യോഗവും, പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ യോഗവും ചേരുന്നുണ്ട്. ബിജെപി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് പാർലമെന്റിൽ മറുപടി പറയിക്കാനുള്ള നീക്കമായിട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ ചർച്ചയെ കാണുന്നത്. അവിശ്വാസ പ്രമേയ ചർച്ചയിൽ ബിആർഎസ് ഇന്ത്യ മുന്നണിയെ പിന്തുണക്കും. അതേസമയം ബിജെഡി, വൈഎസ്ആർ കോൺഗ്രസ്. ടിഡിപി പാർട്ടികൾ ബിജെപിയെ പിന്തുണക്കും.
അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുമ്പായി ബിജെപി പാർലമെന്ററി പാർട്ടി യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. അവിശ്വാസ പ്രമേയം പാസാകാൻ ഇടയില്ലെങ്കിലും മണിപ്പുർ വിഷയത്തിൽ സർക്കാരിനെ ചോദ്യമുനയിൽ നിർത്താനാകുമെന്നാണ് പ്രതിപക്ഷം കണക്കാക്കുന്നത്. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ജൂലായ് 20ന് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്.
നരേന്ദ്ര മോദി സർക്കാർ നേരിടുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കാണ് പാർലമെന്റിൽ ഇന്ന് തുടക്കം കുറിക്കുന്നത്. 2018-ലായിരുന്നു ആദ്യത്തേത്. 2018-ൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം 126-നെതിരെ 325 വോട്ടുകൾക്ക് മോദി സർക്കാർ പരാജയപ്പെടുത്തിയിരുന്നു. നിലവിലെ അംഗ സംഖ്യ അനുസരിച്ചും കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകില്ലെന്ന് ഉറപ്പാണ്. എൻഡിഎ സഖ്യകക്ഷികളെ കൂടാതെ വൈ.എസ്.ആർ.കോൺഗ്രസും ബിജെഡിയും സർക്കാരിനെ പിന്തുണയ്ക്കുമെന്നറിയിച്ചിട്ടുണ്ട്. 570 അംഗ ലോക്സഭയിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ പാർട്ടികൾക്ക് ആകെ 142 എംപിമാരെ ഉള്ളൂ.
മറുനാടന് ഡെസ്ക്