ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി.ആരോപണങ്ങൾക്ക് രാഹുൽ തെളിവ് ഹാജരാക്കാത്ത പശ്ചാത്തലത്തിലാണ് നടപടി.പരാമർശങ്ങൾ നീക്കാൻ സ്പീക്കർ നിർദ്ദേശം നൽകിയെന്ന് ലോക്‌സഭ വൃത്തങ്ങൾ സ്ഥിരീകരിച്ചു.നടപടിയിൽ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. ലോക്‌സഭയിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.

അദാനി വിവാദത്തിൽ ഇന്നും പാർലമെന്റ് പുകഞ്ഞു.പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നടപടി ആവശ്യപ്പെട്ടു. രാജ്യസഭയിൽ അദാനിയുടെ പേര് പറയാതെ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് ആരോപണം ആവർത്തിച്ചു. രാജ്യസഭ ചെയർമാനും ഭരണപക്ഷവും കോൺഗ്രസിനോട് തെളിവ് ചോദിച്ചു.

ലോക് സഭ ചേർന്നയുടൻ രാഹുൽ ഗാന്ധിക്കെതിരെ ഭരണപക്ഷം നിലപാട് കടുപ്പിച്ചു.ഒരു തെളിവും മേശപ്പുറത്ത് വയ്ക്കാതെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുൽ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്.പ്രധാനമന്ത്രി സഭയിൽ ഇല്ലാതിരുന്നപ്പോൾ.ബിജെപി അഗം നിഷികാന്ത് ദുബൈ നൽകിയ അവകാശ ലംഘന നോട്ടീസിൽ നടപടികൾ തുടങ്ങണമെന്നും രാഹുലിന്റെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്നും പാർലമെന്ററികാര്യമന്ത്രി പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടു.

രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചക്കിടെ അദാനിയുടെ പേര് പരാമർശിക്കാതെയാണ് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ആരോപണമുയർത്തിയത്.പ്രധാനമന്ത്രിയുടെ ഒരു സുഹൃത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക വളർച്ച ആരേയും അമ്പരിപ്പിക്കുന്നതാണെന്നും സുഹൃത്തിന്റെ വളർച്ചക്ക് പിന്നിൽ ആരാണെന്ന് പറയേണ്ടതില്ലല്ലോയെന്നും ഖർഗെ ചോദിച്ചതോടെ സഭ ഇളകിമറിഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേര, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് എന്നിവരുമായി അദാനി സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം ബിജെപി എംപിമാരും നേതാക്കളും രാഹുൽ ഗാന്ധിക്ക് മറുപടിയെന്നോണം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.അതേസമയം വിഷയത്തിൽ രാഹുലിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കിരൺ റിജിജു രംഗത്തെത്തി.

രാഹുൽ ഗാന്ധി ലോക്‌സഭയിൽ നുണയുടെ പെരുമഴ പെയ്യിച്ചെന്ന് രാഹുലിന്റെയും കോൺഗ്രസിന്റെയും ഭാഷ പാക്കിസ്ഥാന്റേതെന്നും റിജിജു ആരോപിച്ചു. അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ സഭയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം അശോക് ഗലോട്ടും, റോബർട്ട് വധേരയും അദാനിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ റിജിജു സഭയിൽ ഉയർത്തി. വിമാനം വാടകക്കെടുത്ത് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിച്ചുവെന്നും റിജിജു വാദിച്ചു. വാർത്തകളിൽ ഹെഡ് ലൈനാകാനാണ് രാഹുലും കൂട്ടരും ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

എന്നാൽ തെരഞ്ഞെടുപ്പ് ഉന്നമിട്ട് ആദിവാസിയെ രാഷ്ട്രപതിയാക്കിയെന്ന പ്രചാരണം ബിജെപി നടത്തുന്നുവെന്ന് അധിർ രഞ്ജൻ ചൗധരി ആരോപിച്ചു. പ്രധാനമന്ത്രി ഒബിസിയാണെന്ന് എപ്പോഴും പറയാത്തത് എന്തുകൊണ്ടെന്നും ചൗധരി ചോദിച്ചു. രാഹുൽ ഗാന്ധിയെ പപ്പു വാക്കിയെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിനെ കുറിച്ച് സർക്കാർ മിണ്ടുന്നില്ലെന്നും അധിർ രഞ്ജൻ ആരോപിച്ചു. എന്നാൽ ആദിവാസിയെന്ന് വിളിച്ച് രാഷ്ട്രപതിയെ അപമാനിച്ചെന്നും പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ ആണ് രാഹുൽ ഗാന്ധി അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ചത്. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.

പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വർഷങ്ങളായുള്ള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതലുള്ള ബന്ധമാണ്. അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയർച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി. രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് അദാനിക്ക് നൽകി. നന്ദിപ്രമേയ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുന്നതെന്തിനെന്ന് ഈ ഘട്ടത്തിൽ സ്പീക്കർ ചോദിച്ചു.

വിമാനത്താവളങ്ങൾ നടത്തി പരിചയമില്ലാത്തവരെ അതിന്റെ നടത്തിപ്പ് ഏൽപിക്കരുതെന്ന നിയമം മറികടന്നു കൊണ്ടാണ് അദാനിക്ക് വിമാനത്താവളങ്ങൾ കൈമാറിയതെന്ന് രാഹുൽ പറഞ്ഞു. വീണ്ടും ഭരണപക്ഷം ബഹളം വെച്ചു. ആറ് വിമാനത്താവളങ്ങൾ അദാനിയുടെ നിയന്ത്രണത്തിലായി. പ്രധാനമന്ത്രിയാണ് എല്ലാത്തിനും സൗകര്യമൊരുക്കിയത്. നന്ദിപ്രമേയ ചർച്ചയാണെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. എന്നിട്ടും രാഹുൽ നിർത്തിയില്ല.

സർക്കാർ പിന്തുണയോടെ എങ്ങനെ ധനം സമ്പാദിക്കാമെന്നതിന്റെ ഉദാഹരണമാണ് അദാനിയെന്ന് അദ്ദേഹം പ്രസംഗം തുടർന്നു. പ്രതിരോധ, ആയുധ നിർമ്മാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നൽകി. 2014 ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പാർലമെന്റ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ അനുവദിക്കരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

രേഖകളില്ലാതെ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവെന്നും ഭരണപക്ഷം ഉന്നയിച്ചു.