- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ലക്ഷദ്വീപ് എംപിയുടെ യോഗ്യത പുനഃ സ്ഥാപിച്ചത് ഒരുമാസത്തിലേറെ കഴിഞ്ഞ്; മുഹമ്മദ് ഫൈസലിന് പാർലമെന്റിൽ കാൽ കുത്താനായത് സുപ്രീം കോടതി ഇടപെട്ടതോടെ; രാഹുലിന് വീണ്ടും വയനാട് എംപിയാകാനുള്ള രേഖകൾ എല്ലാം തയ്യാർ; ഇനി കാക്കുന്നത് സ്പീക്കറുടെ ഒപ്പിനായി
ന്യൂഡൽഹി: രേഖകളെല്ലാം തയ്യാർ. ഇനി വേണ്ടത് ലോക്‌സഭാ സ്പീക്കറുടെ ഒപ്പു മാത്രം. രാഹുലിന്റെ അംഗത്വം പുനഃ സ്ഥാപിക്കാൻ അനാവശ്യ കാലതാമസം വരുത്തുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെ, നാളെ സ്പീക്കർ ഒപ്പുവയ്ക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി അംഗങ്ങൾ. വീണ്ടും കാലതാമസം വരുത്തിയാൽ, പാർട്ടി കോടതിയെ സമീപിക്കുമെന്നാണ് സൂചന.
മോദി സർനെയിം അപകീർത്തി കേസിൽ, രാഹുലിനെ അയോഗ്യനാക്കാൻ കാട്ടിയ വേഗത പുനഃസ്ഥാപിക്കാൻ ഇല്ലെന്നാണ് പരാതി. സ്പീക്കർ കാലതാമസം വരുത്തിയാൽ പ്രതിപക്ഷ സഖ്യം പാർലമെന്റിലും വിഷയം ഉന്നയിക്കും. ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസലിന്റെ കാര്യത്തിൽ, അംഗത്വം പുനഃ സ്ഥാപിക്കാൻ ഒരുമാസത്തിലേറെ സമയം എടുത്തിരുന്നു.
10 വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടർന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. കേരള ഹൈക്കോടതി വിധി മരവിപ്പിച്ചതോടെ, യോഗ്യത പുനഃ സ്ഥാപിച്ച് കിട്ടാൻ അദ്ദേഹത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു. മാർച്ചിൽ സുപ്രീം കോടതി വാദം കേൾക്കുന്നതിന് മുൻപേ യോഗ്യത പുനഃ സ്ഥാപിക്കുകയും ചെയ്തു.
2019 ലെ പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ മോദി സർനെയിം കേസിലാണ് രാഹുലിന് രണ്ടുവർഷം തടവ് ശിക്ഷ വിധിച്ചതും, അയോഗ്യനാക്കിയതും. കോൺഗ്രസ് നാളെ രാവിലെ 1030 ന് ലോക്‌സഭാ എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ നിശ്ചയിക്കാനാണ് യോഗം. രാഹുലിന്റെ യോഗ്യത പുനഃ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചതായും, എത്രയും വേഗം രാഹുലിനെ സഭാ നടപടികളിൽ പങ്കെടുക്കണമെന്നും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി സ്പീക്കറോട് ആവശ്യപ്പെട്ടു. വയനാട് എംപിയായി നാളെയോ മറ്റന്നാളോ സഭാ നടപടികളിൽ പങ്കെടുക്കാൻ കഴിയുമോ, അതോ ഉടക്കിടുമോ എന്നാണ് കോൺഗ്രസ് നേതാക്കൾ ഉറ്റുനോക്കുന്നത്.
അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലും വേണം
സൂററ്റ് കോടതി വിധി പുറപ്പെടുവിട്ട് 26 മണിക്കൂറിനുള്ളിൽ രാഹുലിനെ അയോഗ്യനാക്കിയ കാര്യം കോൺഗ്രസ് നേതാക്കൾ കൂടെ കൂടെ പറയാറുണ്ട്. മണിപ്പൂർ വിഷയത്തിൽ കോൺഗ്രസ് മുന്നോട്ടുവച്ച അവിശ്വാസ പ്രമേയം സഭ ചർച്ചയ്ക്ക് എടുക്കും മുമ്പ് രാഹുലിന് സഭയിൽ എത്താൻ കഴിയണമെന്നാണ് അവരുടെ ആഗ്രഹം. ഓഗസ്റ്റ് 8 നാണ് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നത്. പ്രധാനമന്ത്രി ഓഗസ്റ്റ് 10 ന് ചർച്ചയ്ക്ക് മറുപടി പറയും.
സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ട് 36 മണിക്കൂർ കഴിഞ്ഞു. സൂററ്റ് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റ്, കാലതാമസം വരുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. രാഹുൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കുന്നതിനെ മോദി ഭയപ്പെടുന്നുണ്ടോ എന്നും ജയ്‌റാം രമേശ് ചോദിച്ചു.
ശനിയാഴ്ച രാവിലെ രേഖകൾ ലോക്‌സഭാ സെക്രട്ടറി ജനറലിന് സമർപ്പിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ, അധീർ രഞ്ജൻ ചൗധരി സെക്രട്ടറി ജനറലിനെ ബന്ധപ്പെട്ടപ്പോൾ ഓഫീസ് അവധി ആണെന്ന് അറിയിച്ചതുകൊണ്ട് ലോക്‌സഭാ സെക്രട്ടേറിയറ്റിലേക്ക് തപാലിൽ അയയ്ക്കുകയായിരുന്നു.
സാഹചര്യം വ്യത്യസ്തമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ്
രാഹുലിനെ അയോഗ്യനാക്കിയ സൂററ്റ് കോടതി വിധി വന്നത് പ്രവൃത്തി ദിവസങ്ങളിലാണ്. എന്നാൽ, സുപ്രീം കോടതി വിധി വന്നത് വെള്ളിയാഴ്ചയും. ശനിയും, ഞായറും അവധി. അതുകൊണ്ട് കോൺഗ്രസ് സമർപ്പിച്ച രേഖകൾ തിങ്കളാഴ്ച മാത്രം പരിശോധിക്കുന്നതിൽ അസാധാരണത്വം ഇല്ലെന്നാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ