- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല; ഗൗതം അദാനിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ലളിതമായ ചോദ്യത്തിന് ഉത്തരമില്ല; അവരിരുവരും സുഹൃത്തുക്കൾ അല്ലെങ്കിൽ അന്വേഷണത്തിന് ഉത്തരവിടാൻ എന്തിന് മടിക്കുന്നു? തന്റെ പ്രസംഗഭാഗം നീക്കം ചെയ്തത് എന്തിനെന്നും രാഹുൽ ഗാന്ധി; പാർലമെന്റിലേക്കുള്ള വരവ് മോദിയുടെ പ്രസംഗമധ്യേ
ന്യൂഡൽഹി: എന്തിനാണ് തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ പാർലമെന്ററ് രേഖകളിൽ നിന്ന് നീക്കം ചെയ്തതെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിക്കിടെ പാർലമെന്റിലേക്ക് എത്തിയ രാഹുൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. താൻ ചൊവ്വാഴ്ച ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ ഗൗതം അദാനിയുമായി അദ്ദേഹത്തിന്റെ ബന്ധത്തെ കുറിച്ച് ലളിതമായ ചോദ്യങ്ങളാണ് ചോദിച്ചത്. അദ്ദേഹം അതിന് മറുപടി പറഞ്ഞില്ല. അത് സത്യം പുറത്തുകൊണ്ടുവരുന്നു. അവർ സുഹൃത്തുക്കൾ അല്ലായിരുന്നുവെങ്കിൽ, അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടാൻ സമ്മതിക്കുമായിരുന്നു. പ്രതിരോധ മേഖലയിലെ ഷെൽ കമ്പനികളെ സംബന്ധിച്ച ആരോപണങ്ങളിലും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല, രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്. ഇത് ദേശീയ സുരക്ഷയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വിഷയമാണ്. പ്രധാനമന്ത്രിക്ക് പറയാമായിരുന്നു, ശരി ഞങ്ങൾ അതന്വേഷിക്കാം എന്ന്, പക്ഷേ അദ്ദേഹം അത് ചെയ്തില്ല, രാഹുൽ ഗാന്ധി പറഞ്ഞു.
#WATCH | "Why my words were expunged?," says Congress MP Rahul Gandhi as he arrives in Parliament in the middle of PM's speech during motion of thanks to President's address, in Lok Sabha pic.twitter.com/rIcLV1REHk
- ANI (@ANI) February 8, 2023
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഭാഗങ്ങൾ ലോക്സഭ രേഖകളിൽ നിന്ന് നീക്കിയിരുന്നു. ആരോപണങ്ങൾക്ക് രാഹുൽ തെളിവ് ഹാജരാക്കാത്ത പശ്ചാത്തലത്തിലാണ് നടപടി.പരാമർശങ്ങൾ നീക്കാൻ സ്പീക്കർ നിർദ്ദേശം നൽകിയെന്ന് ലോക്സഭ വൃത്തങ്ങൾ സ്ഥിരീകരിച്ചു.നടപടിയിൽ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി.
തന്റെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിക്കെതിരെ പേരെടുത്ത് പറയാതെ മോദി വിമർശനം ഉന്നയിച്ചിരുന്നു. ലോക്സഭയിലെ പ്രതികരണത്തിലൂടെ ചിലരുടെ മനോനില വ്യക്തമായെന്ന് മോദി പറഞ്ഞു. ഈ വലിയ നേതാവ് രാഷ്ട്രപതിയെ പോലും അപമാനിച്ചു. എന്താണ് ഇദ്ദേഹത്തിന്റെ വിചാരം ഇത്തരം പ്രതികരണത്തിലൂടെ അദ്ദേഹം സ്വയം വെളിപ്പെട്ടു. പ്രതിപക്ഷത്ത് നിന്നും സംസാരിച്ച ഒരാൾ പോലും രാഷ്ട്രപതിയുടെ പ്രസംഗത്തെ പരാമർശിച്ചില്ല വെറുപ്പിന്റെ രാഷ്ട്രീയമാണ് പുറത്ത് വന്നതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.
പ്രസംഗത്തിന് ശേഷം നന്നായി ഉറങ്ങാൻ സാധിച്ചിട്ടുണ്ടാവുമെന്നും അതിനാൽ സമയത്ത് ഉണരാൻ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും പ്രധാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. സഭയിൽ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ ആണ് രാഹുൽ ഗാന്ധി അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ചത്. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.
പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വർഷങ്ങളായുള്ള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതലുള്ള ബന്ധമാണ്. അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയർച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി. രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് അദാനിക്ക് നൽകി. നന്ദിപ്രമേയ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുന്നതെന്തിനെന്ന് ഈ ഘട്ടത്തിൽ സ്പീക്കർ ചോദിച്ചു.
വിമാനത്താവളങ്ങൾ നടത്തി പരിചയമില്ലാത്തവരെ അതിന്റെ നടത്തിപ്പ് ഏൽപിക്കരുതെന്ന നിയമം മറികടന്നു കൊണ്ടാണ് അദാനിക്ക് വിമാനത്താവളങ്ങൾ കൈമാറിയതെന്ന് രാഹുൽ പറഞ്ഞു. വീണ്ടും ഭരണപക്ഷം ബഹളം വെച്ചു. ആറ് വിമാനത്താവളങ്ങൾ അദാനിയുടെ നിയന്ത്രണത്തിലായി. പ്രധാനമന്ത്രിയാണ് എല്ലാത്തിനും സൗകര്യമൊരുക്കിയത്. നന്ദിപ്രമേയ ചർച്ചയാണെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. എന്നിട്ടും രാഹുൽ നിർത്തിയില്ല.
സർക്കാർ പിന്തുണയോടെ എങ്ങനെ ധനം സമ്പാദിക്കാമെന്നതിന്റെ ഉദാഹരണമാണ് അദാനിയെന്ന് അദ്ദേഹം പ്രസംഗം തുടർന്നു. പ്രതിരോധ, ആയുധ നിർമ്മാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നൽകി. 2014 ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പാർലമെന്റ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ അനുവദിക്കരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ