ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ട് വെളിച്ചത്തുകൊണ്ടുവന്ന അദാനി ഗ്രൂപ്പിന്റെ വിവാദ ഇടപാടുകളെ ചൊല്ലി ഇന്നും പാർലമെന്റിൽ പ്രതിപക്ഷ ബഹളം. അദാനിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും നഷ്ടത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപിക്കാനിടയായ സാഹചര്യത്തെ കുറിച്ചും അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. സംയുക്ത പാർലമെന്ററി സമിതിയോ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതിയോ രൂപവത്കരിച്ച് വിഷയം അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. അദാനിക്കെതിരായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത് വരെ പ്രതിഷേധം തുടരാൻ പ്രതിപക്ഷം തീരുമാനിച്ചു.

തുടർച്ചയായ രണ്ടാം ദിവസമാണ് പാർലമെന്റ് ഈ വിഷയത്തിൽ സ്തംഭിക്കുന്നത്. എന്നാൽ ബജറ്റ് ഉൾപ്പെടെയുള്ള വിഷയം ചർച്ച ചെയ്യേണ്ട സമയം പ്രതിപക്ഷം പാഴാക്കുകയാണെന്ന് ലോക്‌സഭ സ്പീക്കർ കുറ്റപ്പെടുത്തി. അദാനിക്കെതിരായ വെളിപ്പെടുത്തലുകളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സിപിഎം, ശിവസേന ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിഷയം ചർച്ചക്കെടുക്കാനാകില്ലെന്ന് ലോക്‌സഭാ-രാജ്യസഭ അധ്യക്ഷന്മാർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോകസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ബജറ്റ്, ജി20 വിഷയങ്ങളിൽ ചർച്ച നടക്കേണ്ട സമയമാണെന്നും തടസ്സപ്പെടുത്തരുതെന്നും ലോകസഭ സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവിൽ ലോക്‌സഭ രണ്ട് മണിവരെയും രാജ്യസഭ രണ്ടര വരെയും നിർത്തിവെച്ചു.

സഭ ചേരുന്നതിന് മുന്നോടിയായി കോൺഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. പതിനാറ് പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. അദാനിക്കെതിരെ ജെപിസി അന്വേഷണമോ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷമോ നടത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം. നാളെ വീണ്ടും സഭചേരുമ്പോഴും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം തുടരും.

കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഇരുസഭകളിലും പ്രതിഷേധം നടന്നത്. എൽഐസി, എസ്‌ബിഐ പോലുള്ള പൊതുമേഖല സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ച കേന്ദ്ര നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഫെബ്രുവരി ആറിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.