തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലെതതി അവിടെ ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയ മുഖങ്ങളിൽ ഒരാളാണ് ശശി തരൂർ. തന്നെ സാന്നിധ്യം കൊണ്ടും പ്രസംഗങ്ങൾ കൊണ്ടും ആരെയും ആകർഷിക്കാൻ കഴിവുള്ള വ്യക്തിത്വം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു വോട്ടുകൾ സമാഹരിക്കാനും തരൂരിന് സാധിച്ചു. ഇപ്പോഴും പാർമെന്റിൽ പ്രസംഗിക്കാനായി തരൂർ എഴുനേറ്റാൽ അദ്ദേഹം പറയുന്ന കാര്യത്തിന് സ്പീക്കർ അടക്കം എല്ലാവരും കാതുകൂർപ്പിക്കും, അതാണ് തരൂരിന്റെ മികവും.

കേരളത്തിൽ തരൂരിന് വലിയ തോതിൽ പിന്തുണ ലഭിക്കുകുയും ചെയ്യുന്നു. മുസ്ലിംലീഗ് അടക്കമുള്ളവർ തരൂരിനെ പിന്തുണയുമായി രംഗത്തുണ്ട് താനും. സൈബറിടത്തിൽ ആയാൽ പോലും വലിയ സ്വീകാര്യതയാണ് തരൂരിന് ലഭിക്കാറുള്ളത്. തരൂരിന്റെ ഒരു ട്വീറ്റ് പോലും നിമിഷ നേരം കൊണ്ട് വൈറലാകും. ഇതിനിടെ മറ്റൊരു രാഷ്ട്രീയ നേട്ടവും തരൂർ സ്വന്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ അനുവദിച്ച എംപി ഫണ്ടിന്റെ നൂറ് ശതമാനവും വിനിയോഗിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ഈ നേട്ടമാണ് തരൂർ കൈവരിച്ചത.

പ്രാദേശിക വികസന ഫണ്ടിൽ 2023-2024 വർഷത്തേക്കായി അനുവദിച്ച മുഴുവൻ തുകയുമാണ് എംപി മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കായി ചെലവിട്ടത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കടൽ ഭിത്തി നിർമ്മാണം, അംഗപരിമിതരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനം, മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന വികസനം തുടങ്ങി പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടത്തിയെന്നാണ് ശശി തരൂർ പ്രസ്താവനയിൽ വിശദമാക്കി.

കായിക മേഖലയ്ക്ക് പ്രോത്സാഹനമായി ബാഡ്മിന്റൺ കോർട്ട്, ഫുട്‌ബോൾ കോർട്ട്, പ്രാക്ടീസ് ഉപകരണങ്ങളും സ്‌കൂളുകൾക്ക് ബസുകൾ, കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, ഹൈബ്രിഡ് കിട്ടണുകൾ എന്നിവയ്ക്കും പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക ചെലവിട്ടതായാണ് ശശി തരൂർ പ്രസ്താവനയിൽ വിശദമാക്കുന്നത്. മിനി മാസ് ലൈറ്റുകൾ, പാലങ്ങൾ എന്നിവയ്ക്ക് പുറമേ പാരമ്പര്യ ഊർജ്ജ സ്രോതസുകൾ ഉപയോഗപ്പെടുത്തുന്നതിനായി സോളാർ മഴവെള്ള സംഭരണികൾ എന്നിവയ്ക്കായും ഫണ്ട് അനുവദിച്ചു.

സംസ്ഥാനത്തെ ആദ്യത്തെ ഒക്കുപ്പേഷൻ തെറാപ്പി റൂം സ്ഥാപിച്ചത് എംപി ഫണ്ടിലൂടെയാണ്. കടലാക്രമണം രൂക്ഷമായ കൊച്ചുതോപ്പ്, പൊഴിയൂർ, പരുത്തിയൂർ, കൊല്ലങ്കോട് പ്രദേശങ്ങളിൽ കടൽ ഭിത്തി നിർമ്മാണത്തിനായി 1.5 കോടി രൂപയാണ് എംപി ഫണ്ടിൽ നിന്ന് ചെലവിട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിൽ തെർമൽ ഇമേജിങ് ക്യാമറ സ്ഥാപിക്കാനുള്ള ഇടപെടലുകൾക്കൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും എംപി സജീവമായിരുന്നു.

തരൂരിനെ കൂടാതെ കോട്ടയം എംപി തോമസ് ചാഴികാടനും ഫണ്ടി വിനിയോഗത്തിൽ മുന്നിലാണ്. കേന്ദ്ര സർക്കാർ അനുവദിച്ച ഏഴു കോടി രൂപയും പദ്ധതികൾക്കായി വിനിയോഗിച്ചു. എംപിമാർക്ക് പ്രതിവർഷം 5 കോടി രൂപയാണ് ഫണ്ട്. 5 വർഷ കാലാവധിയിൽ 25 കോടി രൂപയാണ് ലഭിക്കുക. എന്നാൽ കോവിഡ് വന്നതോടെ 2 വർഷത്തെ ഫണ്ട് മുടങ്ങി. എന്നാൽ പിന്നീട് എല്ലാവർക്കും 17 കോടി വീതം അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചു. 2021-22, 2022-23 കാലഘട്ടത്തിൽ അനുവദിച്ചത് 7 കോടിയാണ്. ഈ തുകയുടെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച ശേഷമാകും അടുത്തഘട്ട തുകയായ 10 കോടി അനുവദിക്കുക. ഇത് ഒരുമിച്ച് അനുവദിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

അതേസമയ എംപിമാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ടിനുള്ള പുതുക്കിയ മാർഗരേഖക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. കേരളത്തിന് പ്രതികൂലമാണെന്ന വിമർശനമാണ് ഉയർന്ന്. അതിനാൽ മാർഗരേഖ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള സിപിഎം എംപി ഡോ. ജോൺ ബ്രിട്ടാസ് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ, ലോക്‌സഭ സ്പീക്കർ ഓം ബിർല, കേന്ദ്ര പദ്ധതി നിർവഹണ സ്ഥിതിവിവര വകുപ്പ് സഹമന്ത്രി റാവു ഇന്ദർജിത്ത് സിങ് എന്നിവർക്ക് കത്തയച്ചിരുന്നു.

ഇതുവരെ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരുപോലെ എംപി ലാഡ്‌സ് ഫണ്ട് വിനിയോഗിക്കാമായിരുന്നുവെന്നും കേരളത്തിലെ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് കത്തിൽ വ്യക്തമാക്കി. അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗരേഖ പ്രകാരം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പദ്ധതികൾക്ക് ഇനി എംപി ഫണ്ട് നൽകാനാവില്ല.

സ്വകാര്യ ട്രസ്റ്റുകളെപ്പോലും എംപി ലാഡ്‌സ് പദ്ധതിയിൽ പരിഗണിക്കാമെന്ന് പുതിയ മാർഗരേഖ വ്യക്തമാക്കുമ്പോഴാണ് എയ്ഡഡ് സ്ഥാപനങ്ങളെ മാറ്റിനിർത്തുന്നത്. എംപി ലാഡ്‌സ് ഫണ്ടിലുണ്ടാകുന്ന പലിശയുടെ പ്രയോജനം ഈ സ്‌കീമിലെ പദ്ധതികൾക്ക് വിനിയോഗിക്കാമെന്ന നിലവിലുള്ള ചട്ടവും മാറ്റിയ കേന്ദ്ര സർക്കാർ പലിശയിനത്തിലുള്ള വരുമാനം 2023 സെപ്റ്റംബറിനുശേഷം കേന്ദ്ര സർക്കാർ തിരിച്ചുപിടിക്കുമെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്.