- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കൊടിക്കുന്നിലിന്റെ നാമനിർദ്ദേശം ഏകപക്ഷീയമെന്ന് തൃണമൂൽ
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടക്കുമ്പോൾ, ഇന്ത്യ സഖ്യത്തിലും കല്ലുകടിയെന്ന് റിപ്പോർട്ട്. വേറൊന്നുമല്ല, ഓം ബിർളയ്ക്ക് എതിരെ കൊടിക്കുന്നിൽ സുരേഷിനെ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള തീരുമാനം കോൺഗ്രസ് ഏകപക്ഷീയമായി സ്വീകരിച്ചുവെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ അതൃപ്തി.
തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ കോൺഗ്രസ്-തൃണമൂൽ ഇടച്ചിലാണിത്. അവസാന നിമിഷം എടുത്ത തീരുമാനമാണെന്ന് കോൺഗ്രസ് നേതാക്കൾ ന്യായീകരിക്കുന്നു. ഉച്ചയ്ക്ക് മുമ്പ് പെട്ടെന്ന് തീരുമാനമെടുക്കേണ്ടി വന്നതോടെ, ആരുമായും ചർച്ച ചെയ്യാൻ സമയംകിട്ടിയില്ല എന്നതാണ് ന്യായം.
അതേസമയം, നാമനിർദ്ദേശ പത്രിക നൽകിയ കൊടിക്കുന്നിൽ സുരേഷ് തൃണമൂൽ നേതാക്കളെ വിളിച്ച് പിന്തുണ തേടിക്കഴിഞ്ഞു. രാഹുൽ ഗാന്ധിയാകട്ടെ തൃണമൂലിന്റെ രണ്ടാമത്തെ വലിയ നേതാവ് അഭിഷേക് ബാനർജിയുമായി കൂടിക്കാഴ്ച നടത്തി പെട്ടെന്ന് തീരുമാനം എടുക്കേണ്ടി വന്ന സാഹചര്യം വിശദീകരിച്ചു.
എന്നാൽ, തങ്ങളോട് കോൺഗ്രസ് കൂടിയാലോചിക്കാത്തതിൽ ഉള്ള അതൃപ്തി തൃണമൂൽ മറച്ചുവയ്ക്കുന്നില്ല. ' ഞാൻ ടിവിയിൽ വാർത്ത കണ്ടപ്പോഴാണ് അറിഞ്ഞത്. ഡെറക് ഒബ്രിയൻ എന്റെടുത്ത് വന്ന് കാര്യം ചോദിച്ചപ്പോൾ, അത്തരമൊരു ചർച്ചയുണ്ടായില്ലെന്ന് ഞാൻ മറുപടി നൽകി', മുതിർന്ന തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ പ്രതികരിച്ചു. കോൺഗ്രസ് ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂൽ കൊടിക്കുന്നിലിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് തങ്ങൾ പാർട്ടിയോഗം ചേരുമെന്നും, തങ്ങളുടെ നേതാവ് തീരുമാനം എടുക്കുമെന്നും ആയിരുന്നു മറുപടി.
സ്പീക്കർ പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പിന് കളമൊരുങ്ങിയത്. പദവികൾ സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലെത്താത്തതിനെ തുടർന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.
സമവായ ചർച്ചകളിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകാൻ ബിജെപി തയ്യാറാകാതിരുന്നതോടെയാണ് കോൺഗ്രസ് സ്പീക്കർ സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചത്. ഇന്ത്യ സഖ്യ നേതാക്കൾ ബിജെപി നേതൃത്വവുമായി നടത്തിയ ചർച്ച ഫലംകാണാത്തതിനെ തുടർന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
നേരത്തെ രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി സമവായ ചർച്ചകൾ നടത്തിയിരുന്നെങ്കലും അതും ഫലം കണ്ടിരുന്നില്ല. ലോക്‌സഭയിൽ ഇതുവരെയുള്ള സ്പീക്കർമാരെ തിരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടാണ്. ആ ചരിത്രമാണ് ഇതോടെ മാറുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ എൻഡിഎ വീണ്ടും നിർദ്ദേശിച്ചു. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയായ ഓം ബിർള 17-ാം ലോക്‌സഭയിലും സ്പീക്കറായിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. രണ്ടാം തവണ ഒരാൾ സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നത് ഇത് രണ്ടാം തവണയാണ്.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയാൽ പ്രതിപക്ഷം എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നായിരുന്നു അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ബിജെപിച്ചു. നേരത്തെ രാജ്നാഥ് സിങ് ഇന്ത്യാ സഖ്യ നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ്, മമത ബാനർജി എന്നിവരെ രാജ്നാഥ് സിങ് ബന്ധപ്പെട്ടു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ഇതേ ആവശ്യവുമായി പ്രതിപക്ഷ നേതാക്കളെ കണ്ടു. മത്സരം ഒഴിവാക്കണമെന്ന അഭിപ്രായം ഇന്ത്യാ മുന്നണിയിലും ഉയർന്നെങ്കിലും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ തീരുമാനം ഉണ്ടാകാതെ വന്നതോടെ മത്സരത്തിന് വഴിയൊരുങ്ങുകയായിരുന്നു.