ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കോപ്പി പേസ്റ്റ് ബജറ്റെന്ന് പരിഹസിച്ച് പ്രതിപക്ഷം. കസേര സംരക്ഷണ ബജറ്റ് എന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കോപ്പിയടിച്ചതാണിത്. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും, മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ അവര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്.: സാധാരണ ഇന്ത്യക്കാര്‍ക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ അപ്രന്റിസ് സ്‌കീം ധനമന്ത്രി അടിച്ചുമാറ്റിയെന്നാണ് പാര്‍ട്ടി നേതാക്കളുടെ ആക്ഷേപം. കോപ്പി പേസ്റ്റ് ബജറ്റ് എന്ന് പരിഹസിച്ചത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ്.

പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം കേന്ദ്രം നല്‍കുന്നത് അടക്കം തൊഴില്‍ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ മൂന്നു പദ്ധതികളാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ 2024 ലെ ന്യായപത്രത്തിലെ ഒരുഭാഗമെടുത്ത് നിര്‍ദ്ദിഷ്ട അപ്രന്റിസ്ഷിപ്പ് പദ്ധതിയായ പെഹ്ലി നൗക്കരി പക്കിയുടെ മാതൃകയിലാണ് കേ്ര്രന്ദത്തിന്റെ ഇന്റേണ്‍ഷിപ്പ് പദ്ധതിയെന്ന് ഖാര്‍ഗെ ആരോപിച്ചു.

'യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കുന്ന പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. ഇതാണ് കേന്ദ്രമന്ത്രി ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്"ജയറാം രമേശ് പറഞ്ഞു. അപ്രന്റീസുകള്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടായിരുന്നത്. അപ്രന്റീസുകളുടെ കഴിവ് വര്‍ധിപ്പിച്ചു തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. ലക്ഷക്കണക്കിനു യുവാക്കള്‍ക്ക് മുഴുവന്‍ സമയ തൊഴിലവസരം നല്‍കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടായിരുന്നു. "പത്തു വര്‍ഷമായി ബിജെപി സര്‍ക്കാരോ അവരുടെ പ്രകടന പത്രികയോ തൊഴിലിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. തൊഴിലില്ലായ്മ രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണെന്ന് കേന്ദ്രം ഒടുവില്‍ സമ്മതിച്ചിരിക്കുന്നു" ജയറാം രമേശ് പറഞ്ഞു.

പി.ചിദംബരവും കേന്ദ്രത്തെ പരിഹസിച്ചു. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നു ചിദംബരം പറഞ്ഞു. " തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ധനമന്ത്രി കോണ്‍ഗ്രസ് പ്രകടനപത്രിക വായിച്ചതില്‍ സന്തോഷമുണ്ട്. യുവാക്കള്‍ക്ക് ജോലിയും വേതനവും ഉറപ്പാക്കുന്ന പ്രകടനപത്രികയിലെ 30ാം പേജ് ധനമന്ത്രി അതുപോലെ സ്വീകരിച്ചതിലും സന്തോഷമുണ്ട്"ചിദംബരം എക്‌സില്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മറ്റുചില ആശയങ്ങള്‍ കൂടി കോപ്പി അടച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണെന്നും ചിദംബരം പരിഹാസ രൂപേണ പറഞ്ഞു.

പരാജയപ്പെട്ട ബജറ്റാണിതെന്നും ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികള്‍ക്ക് കൈക്കൂലി നല്‍കുന്ന ബജറ്റാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു. സര്‍ക്കാരിന് തകര്‍ച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.