ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ വനിതാ സംവരണ ബിൽ കൊണ്ടുവന്നേക്കുമെന്ന് സൂചന. ബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൽ റിപ്പോർട്ടു ചെയ്യുന്നത്. ബില്ലിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതായി സോഴ്‌സുകളെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുതിയ പാർലമെന്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ ഉദ്യോഗസ്ഥർ പരീക്ഷിച്ചിട്ടുണ്ട്.

അതിനിടെ രാജ്യസഭാ വൈസ് ചെയർപേഴ്സൺ പാനലിൽ ഇനി മുതൽ അമ്പത് ശതമാനം പ്രാതിനിധ്യം വനിതാ എംപിമാർക്ക് നൽകിയെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. എട്ടംഗ പാനലിൽ നാല് പേർ വനിതകളാണ്. ബിജെപിയുടെ മൂന്ന് അംഗങ്ങളെയും ബിജെഡിയുടെ ഒരംഗത്തെയും ഉൾപ്പെടുത്തി പാനൽ പുനഃസംഘടിപ്പിച്ചെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. ഇതെല്ലാം വനിതാ സംവരണ ബിൽ പാസാക്കുന്നതിന്റെ ഭാഗമായാണെന്നാണ് സൂചനകൾ.

ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു വനിതാ സംവരണ ബിൽ. 2010 മാർച്ചിൽ രാജ്യസഭ ബിൽ പാസാക്കിയിരുന്നു. 'ചരിത്രപരമായ തീരുമാനങ്ങൾ' ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിലാണു നിർണായക നീക്കം.

മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. അതിനാൽ വനിതാ സംവരണ ബിൽ അടക്കമുള്ള കാര്യങ്ങളിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ലെന്നു ദേശീയ മാധ്യമങ്ങൾ പറയുന്നു. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

പാർലമെന്റിന്റെ അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിച്ചതിനു പിന്നാലെയാണു മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നത്. മന്ത്രിസഭാ യോഗത്തിന്റെ അജൻഡ എന്താണെന്നു വ്യക്തമായിരുന്നില്ലെങ്കിലും, നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ നിർണായക തീരുമാനങ്ങൾ എടുത്തെന്നാണു റിപ്പോർട്ട്.

വനിതാ സംവരണം, വനിതാ സംവരണത്തിനുള്ളിലെ ഒബിസി സംവരണം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റൽ തുടങ്ങിയ പല വിഷയങ്ങളും മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചേക്കും എന്നായിരുന്നു വിവരം. തിങ്കളാഴ്ച പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന ദിനമായിരുന്നു. പുതിയ മന്ദിരത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ന് ലോക്സഭ സമ്മേളിക്കും.

മന്ത്രിസഭാ യോഗത്തിനു മുൻപ് കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലും പ്രൾഹാദ് ജോഷിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പ്രധാനമന്ത്രിയെയും കണ്ടിരുന്നു. ഈ സമ്മേളനത്തിൽ വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെട്ടിരുന്നതാണ്. തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനം സംബന്ധിച്ചുള്ളതടക്കം 8 ബില്ലുകൾ അവതരിപ്പിക്കുമെന്നാണു കേന്ദ്രസർക്കാർ അറിയിപ്പ്.

1996-ൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സർക്കാർ 81-ാം ഭേദഗതി ബില്ലായി പാർലമെന്റിൽ ഇത് അവതരിപ്പിച്ചിരുന്നു. എന്നാൽ സഭയുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ബി ആർ എസും വനിതാ ക്വാട്ടയെ പിന്തുണച്ചിരുന്നുവെങ്കിലും ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള പല പാർട്ടികളും ഇതിനെതിരെ സജീവമായി രംഗത്തുണ്ട്. പ്രധാന എതിർപ്പു നേരിടേണ്ടി വന്നത് സമാജ് വാദി പാർട്ടിയിൽ നിന്നുമായിരുന്നു. എന്നാൽ, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പിന്തുണ ബില്ലിന് ഉള്ളതു കൊണ്ട് തന്നെ പാർലമെന്റിൽ അനായാസം ബിൽ പാസാകുമെന്ന് ഉറപ്പാണ്.

നേരത്തെ വനിതാ സംവരണ ബിൽ കൊണ്ടുവന്നേക്കും എന്ന അഭ്യൂഹങ്ങൾക്കിടെ സ്ത്രീ ശാക്തീകരണം പ്രധാന ചർച്ചാ വിഷയമാക്കി ആർ എസ് എസും രംഗത്തുവന്നിരുന്നു. ശനിയാഴ്ച പൂണെയിൽ സമാപിച്ച ആർ എസ് എസ് അഖില ഭാരതീയ സമന്യായ് ബൈഠക്കിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന് സ്ത്രീ ശാക്തീകരണമായിരുന്നു. യോഗത്തിൽ ആദ്യദിനം ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും പങ്കെടുത്തിരുന്നു.

സ്ത്രീ മുന്നേറ്റം സാധ്യമാക്കാൻ ആർ എസ് എസിന്റെ വിവിധ ക്ഷേത്രസംഘടനകൾ പരിശ്രമിക്കുമെന്ന് സഹ സർകാര്യവാഹ് ഡോ. മന്മോഹൻ വൈദ്യ പറഞ്ഞു. 'സ്ത്രീകൾ ഒരു പ്രധാന പങ്ക് വഹിക്കണം. അതുകൊണ്ട് എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ അഖിലേന്ത്യാ ഏകോപന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു,' മന്മോഹൻ വൈദ്യ പറഞ്ഞു.

ഇന്ത്യൻ ആശയത്തിൽ കുടുംബമാണ് ഏറ്റവും ചെറിയ യൂണിറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിൽ സ്ത്രീകളുടെ പങ്ക് വളരെ പ്രധാനമാണ്. അതിനാൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും സ്ത്രീകൾ നേതൃപരമായ പങ്ക് വഹിക്കണം എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ മേഖലകളിൽ സ്ത്രീകളുടെ വർധിച്ച് വരുന്ന പങ്കാളിത്തത്തെ ആർ എസ് എസ് അഭിനന്ദിച്ചു. ആർ എസ് എസിന്റെ സെന്റിനറി സ്‌കീമിന് കീഴിലാണ് വിഷയം പ്രധാനമായും ചർച്ച ചെയ്തത്.

36 സംഘടനകളിൽ നിന്നായി 246 പ്രതിനിധികൾ പങ്കെടുത്തതായിരുന്നു യോഗം. എല്ലാ മേഖലയിലെയും മഹിളകളെ ഒരുമിച്ച് ചേർക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 411 സ്ത്രീശക്തിസമ്മേളനങ്ങൾ സംഘടിപ്പിക്കും എന്നും ഇതുവരെ 12 സംസ്ഥാനങ്ങളിലായി 73 സമ്മേളനങ്ങൾ സംഘടിപ്പിച്ചുവെന്നും അതിൽ 123000 സ്ത്രീകൾ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.