- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ജി 20യുടെ തിളക്കത്തിന് പുറമേ ഇമേജ് മിനുക്കി വനിതാ സംവരണ ബില്ലും; സ്ത്രീജനങ്ങളുടെ മനം കവരുന്ന സംവരണ ബിൽ ബിജെപിക്ക് വൻ രാഷ്ട്രീയ നേട്ടമാകും; വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കേണ്ടെന്നത് മറുകോണിൽ ആശ്വാസവും
ന്യൂഡൽഹി: രാഷ്ട്രീയ തന്ത്രങ്ങളുടെ കാര്യത്തിൽ എതിരാളികളെ കടത്തിവെട്ടുന്ന മികവിലാണ് നരേന്ദ്ര മോദിയും ബിജെപിയും. ബിജെപി അധികാരത്തിലെത്തിയതിന് ശേഷമെല്ലാം ഈ മികവ് രാജ്യത്തു തെളിഞ്ഞു കണ്ടിട്ടുണ്ട്. ഇന്ത്യാ മുന്നണിയെന്ന സംഖ്യം ബിജെപിയെ രാഷ്ട്രീയമായി നേരിടാൻ കച്ചമുറുക്കുമ്പോഴാണ് അവരെ അപ്രസ്കതരാക്കുന്ന വിധത്തിൽ അടുത്ത രാഷ്ട്രീയ തന്ത്രങ്ങളുമായി മോദിയും കൂട്ടരും രംഗത്തുവന്നത്. കോൺഗ്രസ് ഒരുകാലത്തുകൊണ്ടുവന്ന് പാതിവഴിയിൽ ഉപേക്ഷിച്ച വനിതാ സംവരണ ബിൽ പാസാക്കുന്നത് വഴി രാജ്യത്ത വനിതാ വോട്ടർമാരെ തങ്ങൾക്കൊപ്പം നിർത്തുകയാണ് ബിജെപി.
ഇന്ന് ലോക്സഭയിൽ പാസാക്കുന്ന ബിൽ അടുത്ത ദിവസം രാജ്യസഭയിലും പാസാക്കും. കോൺഗ്രസിന്റെ അവകാശവാദത്തെ ഖണ്ഡിക്കാനാണ് മുൻപ് രാജ്യസഭ കടന്ന ബിൽ ഇപ്പോൾ പുതിയ ബില്ലായി അവതരിപ്പിച്ചതും. ലോക്സഭയിലെ അംഗബലവും രാജ്യസഭയിൽ പ്രതിപക്ഷത്തുനിന്നു ലഭിക്കാവുന്ന പിന്തുണയും പരിഗണിക്കുമ്പോൾ, മോദി സർക്കാരിനു ബിൽ നേരത്തേതന്നെ പാസാക്കിയെടുക്കാമായിരുന്നു. 2014ൽ അതിനു ശ്രമിച്ചില്ല. മോദി സർക്കാരിന്റെ മറ്റു പല നിയമനിർമ്മാണങ്ങളും ഭരണഘടനാ ഭേദഗതികളും പോലെയല്ല, പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഉൾപ്പെടെ വനിതാ സംവരണം ആവശ്യപ്പെടുന്നതാണ്.
അതുകൊണ്ടുതന്നെ, വിവാദസ്വഭാവമുള്ളതെന്ന കാരണംപോലും വനിതാ ബില്ലിന്റെ കാര്യത്തിൽ പറയാനാവില്ല. 2019ലെ പ്രകടനപത്രികയിൽ ഇതു ബിജെപിയുടെ വാഗ്ദാനവുമായിരുന്നു. കാശ്മീരിന്റെ കാര്യത്തിൽ എന്നതും പോലെ ഈ വിഷയത്തിലും ബിൽ നിയമമാക്കി നേട്ടമാക്കുകയാണ് ബിജെപി. ജി 20 ഉച്ചകോടിയുടെ തിളക്കത്തിൽ മോദിയും രാജ്യവും നില്ക്കുന്നതിന്റെ പിന്നാലെയാണ് വനിതാ ബില്ലിലൂടെ ഇമേജ് വീണ്ടും ഉയർത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ചുവടുവെപ്പു തന്നെയാണ് ഇതെന്ന് വ്യക്തമാണ്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും ഒഴിവാക്കാനുള്ള ഭരണഘടനാഭേദഗതികൾ കൊണ്ടുവന്ന രീതിയും അതിനു കാട്ടിയ തിടുക്കവും ഇപ്പോഴത്തെ സമീപനവുമായി ചേർത്തുവായിക്കാവുന്നതാണ്. ഉടൻ നടപ്പാക്കാനാവില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് വനിതാ ബിൽ കൊണ്ടുവന്നിട്ടുള്ളത്. സെൻസസ്, മണ്ഡല പുനഃക്രമീകരണം തുടങ്ങിയ കാരണങ്ങൾ ബില്ലിൽതന്നെ പറയുന്നുണ്ട്. ബിൽ പാസാക്കാൻ നിശ്ചയദാർഢ്യവും കഴിവുമുള്ളവരെന്ന് പൊതുതിരഞ്ഞെടുപ്പിൽ അവകാശപ്പെടുകയും അതിലൂടെ സ്ത്രീ വോട്ടർമാരെ പരമാവധി ആകർഷിക്കുകയും ചെയ്യാം. മണ്ഡല പുനഃക്രമീകരണമുൾപ്പെടെ ഉദ്ദേശിക്കുംവിധം പൂർത്തിയായാൽ 2029ലെ തിരഞ്ഞെടുപ്പിലും വനിതാ സംവരണത്തിന്റെ പേരു പറയാം; നിയമസഭാ തിരഞ്ഞെടുപ്പുകളിലും അതു നേട്ടമാക്കാം.
ഇപ്പോഴത്തെ നിലയിൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കേണ്ട് എന്നത് ഒരു വശത്ത് അവരെ തന്നെ ആശ്വാസം കൊള്ളിക്കുകയും ചെയ്യുന്നു. 2029ൽ നടപ്പിലാക്കാൻ മാത്രമാണ് സാധ്യതയുള്ളത്. എല്ലാ രാഷ്ട്രയ പാർട്ടികൾക്കും മുന്നൊരുക്കത്തിന് സാവകാശം ലഭിക്കുമെന്നതാണ് പ്രത്യേകത. ആദ്യം സെൻസസ്, പിന്നെ മണ്ഡല പുനഃക്രമീകരണം, അതിനുശേഷം മാത്രം വനിതാ സംവരണം ഇതാണ് മോദി സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന വഴി. െസൻസസും മണ്ഡല പുനഃക്രമീകരണവും സമയമെടുക്കുന്ന പ്രക്രിയകളാണ്.
വനിതാ സംവരണത്തിൽ വിവിധ പാർട്ടികൾക്കുള്ള നിലപാട് പരിഗണിക്കുമ്പോൾ, ഭരണഘടനാഭേദഗതിക്ക് പകുതിയോളം സംസ്ഥാനങ്ങളുടെ അംഗീകാരം നേടുകയെന്നതു സമയമെടുക്കുന്ന കാര്യമല്ല. പക്ഷേ, സെൻസസ് എപ്പോൾ നടക്കുമെന്നു വ്യക്തതയില്ല. ഈ അവ്യക്തത സംവരണം നടപ്പാക്കലിനെയും ബാധിക്കും. എങ്ങനെയുള്ള മണ്ഡലപുനഃക്രമീകരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നതും പ്രസക്തമാണ്. മണ്ഡലങ്ങളുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക, മണ്ഡലങ്ങളുടെ അതിരുകൾ മാറ്റുക ഇങ്ങനെ രണ്ടുവിധമാണു പുനഃക്രമീകരണം.
10 വർഷത്തിലൊരിക്കലുള്ള സെൻസസ് കഴിഞ്ഞാൽ ലോക്സഭയുടെയും നിയമസഭകളുടെയും മണ്ഡലപുനഃക്രമീകരണം നടത്തണമെന്നാണു വ്യവസ്ഥ. 1961ലും 1971ലും സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനഃക്രമീകരിച്ചു. അങ്ങനെ ഇപ്പോഴത്തെ 543 സീറ്റ് എന്ന കണക്കിലെത്തി.
1976ൽ പാസാക്കിയ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണം 2001ലെ സെൻസസ് വരെ മരവിപ്പിച്ചു. പുനഃക്രമീകരണം വീണ്ടും 25 വർഷത്തേക്കുകൂടി മരവിപ്പിക്കാൻ 2001ൽ, വാജ്പേയി സർക്കാരിന്റെ കാലത്ത് ഭരണഘടനാ ഭേദഗതി പാസാക്കി. 2026നുശേഷമുള്ള സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനഃക്രമീകരണമെന്നാണ് അതിലൂടെ വ്യക്തമായത്.
ഇപ്പോഴത്തെ സ്ഥിതിയെടുത്താൽ, 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവച്ചു. അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പാണ്. അതിനു മുൻപ് സെൻസസ് നടപടികൾ തുടങ്ങാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. തിരഞ്ഞെടുപ്പിനുശേഷം സെൻസസും അതിന്റെ അടിസ്ഥാനത്തിൽ പുനഃക്രമീകരണവും സാധ്യമായാൽ 2029ലെ പൊതു തിരഞ്ഞെടുപ്പിൽ വനിതാ സംവരണ വ്യവസ്ഥ പാലിക്കപ്പെടുമെന്നു കണക്കാക്കാം. പുനഃക്രമീകരണത്തിനു ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും സംവരണ തത്വം പാലിക്കപ്പെടും.
എന്നാൽ, അത്രവേഗം കാര്യങ്ങൾ നടക്കുമോ? നിലവിൽ ഭരണഘടനയിൽ പറയുന്നതനുസരിച്ചാണെങ്കിൽ, 2026നുശേഷമുള്ള സെൻസസിന്റെ അടിസ്ഥാനത്തിലാണ് പുനഃക്രമീകരണം നടക്കേണ്ടത്. നടപടികൾ വേഗത്തിലാക്കണമെങ്കിൽ ഈ വ്യവസ്ഥ ഭേദഗതി ചെയ്യണം. അതിനു പകരം, 2026നുശേഷം സെൻസസ് എന്നു സർക്കാർ തീരുമാനിക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.
മണ്ഡലപുനഃക്രമീകരണത്തിന് ആളെണ്ണ അനുപാതം കർശനമായി പാലിക്കാൻ സർക്കാർ തീരുമാനിക്കുമോയെന്നതും ഇപ്പോൾ വ്യക്തതയില്ലാത്ത സംഗതിയാണ്. ആളെണ്ണ അനുപാതത്തിൽ പുനഃക്രമീകരണം നടത്തിയാൽ കേരളത്തിൽ 20 ലോക്സഭാ സീറ്റ് എന്ന സ്ഥിതി തുടരാമെന്നും യുപിയുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ സീറ്റെണ്ണം വർധിക്കാമെന്നുമാണു ചില പഠനങ്ങൾ പറയുന്നത്.
മറുനാടന് ഡെസ്ക്