കൊച്ചി : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ഉടന്‍ നിശ്ചയിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജി പി നദ്ദയുടെ കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ നദ്ദയ്ക്ക് ജനുവരി വരെ കാലാവധി നീട്ടി നല്‍കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായാല്‍ കേരളത്തില്‍ അടക്കം ബിജെപിയില്‍ കേന്ദ്ര ഇടപെടല്‍ സജീവമാകും. ഈ സംഘടനാ അഴിച്ചു പണി കഴിഞ്ഞാലുടന്‍ ഓരോ സീറ്റിലും മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളില്‍ അന്തിമ തീരുമാനം എടുക്കും. കേരള നിയമസഭയില്‍ കരുത്തു കാട്ടുകയാണ് ബിജെപിയുടെ ലക്ഷ്യം.

തൃശൂര്‍ ലോക്സഭയില്‍ സുരേഷ് ഗോപി ജയിച്ചു. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തുമെത്തി. ഇതോടെ ജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി കേരളത്തിലും ബിജെപി മാറിയെന്നാണ് വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തി. ഇതിനൊപ്പം രണ്ടാമത് എത്തിയ മണ്ഡലങ്ങളിലും ബിജെപി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വലിയ തോതില്‍ വോട്ടുയര്‍ത്തിയ മണ്ഡലങ്ങളിലും ബിജെപി നേരത്തെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ഇപ്പോഴേ ഒരുക്കം തുടങ്ങാനും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ 60 നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രവര്‍ത്തനം നടത്താനമാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ബിജെപിയുടെ വിശാല നേതൃയോഗം ജൂലൈ 9ന് തിരുവനന്തപുരത്ത് ചേരും. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി.നദ്ദ യോഗത്തില്‍ പങ്കെടുക്കും. ഈ യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കും. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ബിജെപി ചര്‍ച്ചയാക്കും. ഇതിനൊപ്പം കരുവന്നൂര്‍ അടക്കമുള്ള വിവാദങ്ങളില്‍ കേന്ദ്ര ഏജന്‍സിയുടെ നടപടികളും തുടരും. സിപിഎമ്മിന്റെ അടിസ്ഥാന വോട്ടുകള്‍ ബിജെപിയില്‍ എത്തുന്ന സാഹചര്യം പരമാവധി മുതലെടുക്കാനാണ് നീക്കം. സുരേഷ് ഗോപിയുടെ ജനകീയത പരമാവധി ഉപയോഗിക്കാനാണ് തീരുമാനം.

കേരളവും അനുകൂലമായി പാകപ്പെട്ടു കഴിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു സംസ്ഥാനത്തുണ്ടായ വന്‍ മുന്നേറ്റമെന്നാണ് ബിജെപി വിലയിരുത്തല്‍. ഒരു സീറ്റില്‍ ജയിക്കുകയും ഒന്നിലധികം സീറ്റുകളില്‍ ജയത്തിനടുത്തെത്തുകയും 20 ശതമാനത്തിനടുത്തു വോട്ട് വര്‍ധിപ്പിക്കുകയും ചെയ്തതു കേരള ജനത ബി.ജെ.പിക്ക് അനുകൂലമായി മാറിയതുകൊണ്ടാണെന്നും ബിജെപി വിലയിരുത്തല്‍.

ടി.പി.ചന്ദ്രശേഖരന്റെ െകാലപാതകത്തിലെ അന്വേഷണം പിണറായി വിജയനിലേക്ക് എത്തുമെന്നായപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. കെ.കെ.രമ എംഎല്‍എ ആയെങ്കിലും ചന്ദ്രശേഖരന് നീതി കിട്ടിയിട്ടില്ല. ചന്ദ്രശേഖരന്റെ വിധി മറ്റാര്‍ക്കും വരാതെ സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നത് തട്ടിപ്പാണ്. വെള്ളാപ്പള്ളി നടേശന്‍ അടക്കം സിപിഎം ഭീഷണി നേരിടുന്നവരെ സംരക്ഷിക്കുമെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ വിജയമാണ് തൃശൂരിലുണ്ടായതെന്നു കേന്ദ്ര ടൂറിസം, പെട്രോളിയം. പ്രകൃതി വാതക വകുപ്പു സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ വലിയ മുന്നേറ്റമാണ് തനിക്കു മന്ത്രിസ്ഥാനം ലഭിക്കാന്‍ കാരണമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ-ഫിഷറീസ്-അനിമല്‍ ഹസ്ബന്ററി വകുപ്പു സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.