തിരുവനന്തപുരം: തട്ടം പരാമർശ വിവാദത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. അഖിലേന്ത്യാ അധ്യക്ഷൻ  എ.എ. റഹീം എംപി. സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാർ നടത്തിയ തട്ടം പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി വിശദീകരണം നൽകിയതാണെന്ന് റഹീം പറഞ്ഞു.

''സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് പ്രസംഗത്തിനിടയിൽ അഭിപ്രായം പറഞ്ഞത്. ആ അഭിപ്രായത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരണം നൽകിയിരുന്നു. അതിനുശേഷം അഭിപ്രായം തിരുത്തി പാർട്ടി നിലപാടിനൊപ്പമാണ് അദ്ദേഹമെന്നു വ്യക്തമാക്കിയിരുന്നു. അത് അവിടെ അവസാനിച്ചു. ആ വിഷയത്തിൽ ചർച്ചയും ആവേശവും കാണിച്ചു ചർച്ച മുന്നോട്ടുപോകുന്നത് സദ്ദുദേശപരമല്ല. ദുരുദേശപരമാണ്. ഇനിയും ആ ചർച്ചയെ വലിച്ചുനീട്ടികൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇനിയുള്ള ചോദ്യവും അതിൽ ആഗ്രഹിക്കുന്ന വിശദീകരണവുമെല്ലാം വീണ്ടും ആ വിഷയത്തെ സജീവമാക്കി നിർത്തുന്നതിനുള്ളതാണ്. അതു സമൂഹത്തിനു ഗുണം ചെയ്യുന്ന കാര്യമല്ല.

ഈ അഭിപ്രായം ഉന്നയിച്ചത് ഡിവൈഎഫ്‌ഐ നേതാവല്ല. ഡിവൈഎഫ്‌ഐ നേതാവ് ഉന്നയിച്ചതായിരുന്നെങ്കിൽ ഞങ്ങൾ അതിന്മേൽ അഭിപ്രായം വ്യക്തമാക്കിയേനെ. സിപിഎം എന്ന രാഷ്ട്രീയ സംഘടനയുടെ സംസ്ഥാന സമിതി അംഗമാണ് അഭിപ്രായം പറയുന്നത്. മാധ്യമങ്ങൾ ആ വിവാദത്തിൽ തന്നെ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. ആ ദുരുദേശം മനസ്സിലാക്കാൻ ഡിവൈഎഫ്‌ഐക്ക് സാധിക്കും.'' എ.എ.റഹീം പറഞ്ഞു.

കഴിഞ്ഞദിവസം ഡൽഹിയിലുണ്ടായ മാധ്യമവേട്ട കേന്ദ്രസർക്കാരിന്റെ ആസൂത്രിതമായ രാഷട്രീയ തീരുമാനമാണ്. ഇതിനുപിന്നിലെ ലക്ഷ്യം ഇനിയാരും തങ്ങൾക്കെതിരെ പ്രതികരിക്കരുത് എന്നാണ്. എതിർശബ്ദങ്ങളെ പല്ലും നഖവും ഉപയോഗിച്ച് അടിച്ചമർത്തുന്നത് ധിക്കാരപരമായ സമീപനമാണ്. സംഭവത്തിൽ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം രാജ്യമാകെ ഉയർത്തിക്കൊണ്ടുവരുമെന്നും റഹീം കൂട്ടിച്ചേർത്തു.