- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം; ഫലസ്തീൻ ഐക്യദാർഢ്യ റാലിയുമായി മുന്നോട്ടുപോയത് വിഭാഗീയത ആളിക്കത്തിക്കുമെന്ന് ആശങ്ക; പാർട്ടി വിരുദ്ധമല്ലെന്ന് ആര്യാടൻ ഷൗക്കത്ത് പ്രഖ്യാപിച്ചെങ്കിലും കെപിസിസിക്ക് അതൃപ്തി
മലപ്പുറം: കെപിസിസിയുടെ താക്കീതും, മുന്നറിയിപ്പും ഒന്നും വകവയ്ക്കാതെ എ ഗ്രൂപ്പിന്റെ ഫലസ്തീൻ ഐക്യദാർഢ്യ ജനസദസ്. ആര്യാടൻ ഷൗക്കത്തും, ആര്യാടൻ ഫൗണ്ടേഷനുമാണ് ജനസദസ്സിന് നേതത്വം നൽകിയത്. കനത്ത മഴ പോലും വകവയ്ക്കാതെയാണ് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് റാലിയുമായി മുന്നോട്ടുപോയത്. ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തർക്കം മുറുകിയതോടെയാണ് എ വിഭാഗം റാലി നടത്തിയത്. അയ്യായിരത്തിലധികം പേർ പങ്കെടുത്ത റാലി മലപ്പുറം ടൗൺഹാളിന് സമീപത്ത് നിന്ന് തുടങ്ങി കിഴക്കേത്തല ജങ്ഷൻ വരെയാണ് നടത്തിയത്.
തങ്ങളുടെ സ്ഥാനാർത്ഥികളെ ഡി.സി.സി. പ്രസിഡന്റ് വി എസ്. ജോയിയും എ.പി. അനിൽകുമാറുമടങ്ങുന്ന കെ.സി. വേണുഗോപാലിന്റെ സംഘം വെട്ടിനിരത്തുകയാണെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആരോപണം. വിഭാഗീയത ശക്തമായി നിൽക്കുന്നതിനിടെയാണ് ആര്യാടൻ ഫൗണ്ടേഷൻ ഫലസ്തീൻ ഐക്യദാർഢ്യറാലി പ്രഖ്യാപിച്ചത്. കെപിസിസി മുന്നറിയിപ്പിനെ തുടർന്ന് ആര്യാടൻ ഷൗക്കത്ത് നടത്തുന്ന മലപ്പുറത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ഭൂരിഭാഗം നേതാക്കളും പിന്മാറിയിരുന്നു. അതേസമയം, പ്രധാന നേതാക്കൾ വന്നില്ലെങ്കിലും പരിപാടി നടക്കുമെന്ന് ആര്യാടൻ ഫൗണ്ടേഷൻ അറിയിച്ചിരുന്നു.യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നൽകി.
കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കെപിസിസി മുന്നറിയിപ്പ് നൽകിയെങ്കിലും, ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് പിന്മാറുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു. താക്കീത് നൽകിക്കൊണ്ടുള്ള കെപിസിസി നിർദ്ദേശം കിട്ടിയിട്ടില്ല. ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനം അല്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞിരുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ വേണ്ടിയല്ല ആര്യാടൻ ഫൗണ്ടേഷനെന്ന് ആര്യാടൻ ഷൗക്കത്ത് ജനസദസ്സിൽ പറഞ്ഞു..
'ആര്യാടൻ എന്തിന് വേണ്ടി ജീവിച്ചുവോ അത് അദ്ദേഹത്തിന്റെ കാലശേഷവും നടപ്പിലാക്കാനാണ് ആര്യാടൻ ഫൗണ്ടേഷൻ രൂപീകരിച്ചത്. നമ്മൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൗരന്മാരാണ്. ഒരിക്കലും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തില്ല. അതിന് വേണ്ടിയല്ല ആര്യാടൻ ഫൗണ്ടേഷൻ', എന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകൾ.
മലപ്പുറത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്തത് വലിയ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ചാണ്. ആര്യാടന്റെ നേതൃത്വത്തിലുണ്ടാക്കിയ കോൺഗ്രസാണ് മലപ്പുറത്തെ കോൺഗ്രസ്. ആര്യാടൻ ഫൗണ്ടേഷന് രണ്ടുദ്ദേശങ്ങളാണ് ഉള്ളത്. ഒന്ന്, കോൺഗ്രസ് പ്രവർത്തകരെ ആശയപരമായി ആയുധവത്കരിക്കുക. രണ്ട്, മലപ്പുറത്ത് നടക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുക. ഫലസ്തീൻ ഐക്യദാർഢ്യസദസ്സിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടൻ ഫൗണ്ടേഷൻ ആദ്യം നടത്തിയത് എ.ഐ.സി.സി. ആഹ്വാനപ്രകാരമുള്ള പരിപാടിയാണ്. മൗലാന അബുൾ കലാം ആസാദ് കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികം ആഘോഷം ഉദ്ഘാടനം ചെയ്തത് യുഡിഎഫ് കൺവീനർ എം.എം. ഹസ്സനാണ്. എംപിമാരും എംഎൽഎമാരും പങ്കെടുത്തു. അതെങ്ങനെയാണ് പാർട്ടി വിരുദ്ധമായി തീർന്നത് എന്നെനിക്ക് അറിയില്ല. രണ്ടാമത് നടത്തിയത് ആര്യാടൻ അവാർഡ് വിതരണമാണ്. പ്രതിപക്ഷനേതാവിന് അവാർഡ് കൊടുത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തത് കെ.സി. വേണുഗോപാലാണ്', ആര്യാടൻ ഷൗക്കത്ത് ചൂണ്ടിക്കാട്ടി.
നേരത്തെ, ഡി.സി.സി. ഫലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയിരുന്നു. അര്യാടൻ ഷൗക്കത്തും സി. ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾ ഡി.സി.സിയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തരുതെന്ന് ആര്യാടൻ ഷൗക്കത്തിന് കെസിപിപി നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരും. ആര്യാടൻ ഷൗക്കത്ത് നടത്തുന്നത് പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ടുള്ള പരിപാടിയാണെന്നും കോൺഗ്രസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
മലപ്പുറത്തെ കോൺഗ്രസ് നേതാക്കളെ അണിനിരത്തി പാർട്ടി സംഗമം നടത്തിയതാണ്. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ നേരത്തെയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചപ്പോൾ താക്കീത് നൽകിയതാണ്. പാർട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ ഒരുതരത്തിലുള്ള വിഭാഗീയതയും അനുവദിക്കില്ലെന്നും കെപിസിസി നേതൃത്വം മുന്നറിയിപ്പ് നൽകി.
ഫലസ്തീൻ ഐക്യദാർഢ്യ റാലിയെ വിഭാഗീയതക്കുള്ള മറയായി അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണം. അതിനാൽ സമാന്തര പരിപാടിയിൽ നിന്ന് പിന്തിരിയണം. സംഘടന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഭാഗീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് തള്ളിയാണ് ആര്യാടൻ ഷൗക്കത്ത് ഫലസ്തീൻ ഐക്യദാർഢ്യ ജനസദസ്സുമായി മുന്നോട്ടുപോയത്.




