തിരുവനന്തപുരം: എക്‌സാലോജിക് വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് പിന്തുണയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് കൊടുക്കേണ്ട രേഖകളെല്ലാം സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു അഴിമതിയും നടന്നിട്ടില്ല. മുഖ്യമന്ത്രിക്കോ വീണക്കോ ഹൈക്കോടതി നോട്ടീസയച്ചിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി. വിഷയം ഹൈക്കോടതി പരിശോധിക്കട്ടെ. ആവശ്യമെങ്കിൽ കൂടുതൽ രേഖകൾ നൽകും. എക്‌സാലോജിക് സേവനം നൽകിയോ എന്ന് അന്വേഷിക്കാൻ ആർ ഒ സിക്ക് അധികാരമില്ലെന്നും ബാലൻ പറഞ്ഞു. മാസപ്പടി കേസ് വിജിലൻസ് കോടതി തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. 'ഇ ഡി, കമ്പനികാര്യ വകുപ്പ് അന്വേഷണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം.'- അദ്ദേഹം പറഞ്ഞു.

വീണ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചതായി രജിസ്ട്രാർ ഒഫ് കമ്പനീസിന്റെ കണ്ടെത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എക്‌സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ സത്യാവാങ്മൂലത്തിലും അപേക്ഷയിലും തെറ്റായ വിവരങ്ങളാണ് ഉള്ളതെന്നാണ് കണ്ടെത്തൽ.