- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെയും കുടുംബത്തെയും അവഹേളിക്കാൻ ഗൂഢാലോചന
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ഇടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുറുകിയതോടെ വെട്ടിലാണ് സിപിഎം. മുൻപ് ബിനീഷ് കോടിയേരിയെ പിന്തുണയ്ക്കാതിരുന്ന സിപിഎം ഇത്തവണ വീണയെ പിന്തുണച്ചു കൊണ്ടാണ് രംഗത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെയാണ് ആക്രമണം എന്നാണ് സിപിഎം വിലയിരുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിരോധം തീർത്ത് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലനും രംഗത്തെത്തി.
അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ വിപുലമായ അധികാരങ്ങളോടെ പ്രവർത്തിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്‌ഐഒ) കൈമാറിയ വിഷയത്തിലാണ് ബാലൻ പ്രതികരിച്ചത്. വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം മുഖ്യമന്ത്രിയെയും കുടുംബത്തെയും അവഹേളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണു എ.കെ.ബാലന്റെ വിമർശനം.
"ഫെബ്രുവരി 12ാം തീയതി ഹൈക്കോടതി പരിഗണിക്കുന്ന കേസിൽ കേന്ദ്ര കോർപറേറ്റ് മന്ത്രാലയം ആറംഗ സംഘത്തെ വീണ്ടും അന്വേഷണത്തിന് വയ്ക്കുകയാണ്. മൂന്നംഗ സംഘം നിലവിൽ അന്വേഷണം നടത്തുന്നതിനു പുറമേയാണിത്. കേന്ദ്ര ഏജൻസികൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങളുടെ പരിഹാസ്യമായ തെളിവാണിത്. ഒരു മനുഷ്യനെ, കുടുംബത്തെ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും നടക്കുന്ന ഗൂഢാലോചനയാണിത്. ഇതിനു പിന്നിൽ ശക്തികളുണ്ട്. പൊതുസമൂഹത്തിനു കുറച്ചുദിവസങ്ങൾ കഴിഞ്ഞാൽ അതിൽ വ്യക്തത വരും" എ.കെ.ബാലൻ പറഞ്ഞു.
"വിഷയത്തിൽ അഴിമതി ആരോപിച്ച് വിജിലൻസ് കോടതിയിൽ ഒരു പരാതിയെത്തി. അത് കോടതി തള്ളി. അതിനെതിരായ ഒരു റിവിഷൻ പെറ്റീഷൻ ഹൈക്കോടതിയിലുണ്ട്. മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ മകൾക്കോ എതിരെ ഒരു നോട്ടിസ് പോലും ഹൈക്കോടതി ഇതുവരെ അയച്ചിട്ടില്ല. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി ആറംഗ കമ്മിഷനെ വച്ചത്. എങ്ങനെ വേട്ടയാടിയാലും പിണറായി വിജയനും കുടുബത്തിനും എതിരെ പ്രതികൂലമായ വിധി ഉണ്ടാക്കാൻ കഴിയില്ല"ബാലൻ പറഞ്ഞു.
അതേസമയം വീണക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നൽകുന്നത് ശക്തമായ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ്. ബിജെപിയിൽ ചേർന്ന പിസി ജോർജ്ജിന്റേയും മകൻ ഷോൺ ജോർജിന്റേയും ഇടപെടലിന്റെ ഫലമാണ് തീരുമാനം. ബാഹ്യ സമ്മർദ്ദങ്ങൾക്ക് ഏജൻസികൾ വഴിപ്പെടില്ല. ഗുരുതര തട്ടിപ്പുകൾ കൈകാര്യംചെയ്യുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷിക്കണമെന്നാണ് നിർദ്ദേശം. ഇതിന് വേണ്ടിയാണ് ഹൈക്കോടതിയിൽ ഹർജിയുമായി ഷോൺ ജോർജ്ജ് പോയതും. ഈ സാഹചര്യത്തിൽ ഇനിയുള്ള എട്ടുമാസം പിണറായി കുടുംബത്തിന് നിർണ്ണായകമാണ്.
വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിവിവാദം കത്തിപ്പുകയവേ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നതതലത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിപ്പട്ടികയിലുള്ളവരെ അറസ്റ്റു ചെയ്യാൻ അധികാരമുള്ള ഏജൻസിയാണ് ഇത്. മറ്റ് അന്വേഷണ സംവിധാനങ്ങൾക്ക് പ്രതികളെ അറസ്റ്റു ചെയ്യാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ എസ് എഫ് ഐ ഒ അന്വേഷണം പിണറായിക്കും മകൾക്കും നിർണ്ണായകമാണ്. ഭാര്യ വിരമിച്ചപ്പോൾ കിട്ടിയ പണം കൊണ്ടാണ് മകൾ ബിസിനസ് തുടങ്ങിയതെന്ന് കഴിഞ്ഞി ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കാൻ സാധ്യത ഏറെയാണ്. വീണയെ ഉടൻ ചോദ്യം ചെയ്തേയ്ക്കും.
അഡീഷണൽ ഡയറക്ടർ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. കോർപ്പറേറ്റ്കാര്യമന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും ഈ സംഘത്തിൽ ഉൾപ്പെടും. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിനെ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായി നിശ്ചയിച്ചതായി ഉത്തരവിൽ അറിയിച്ചു. ഇപ്പോഴുള്ള അന്വേഷണോദ്യോഗസ്ഥരും സംഘത്തിലുണ്ട്. എട്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. എക്സാലോജിക് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ആരോപണം ഉയർന്നതിനെപ്പറ്റി നിയമസഭയിൽ ചർച്ചവന്നപ്പോൾ തന്റെ കൈകൾ ശുദ്ധമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രാഷ്ട്രീയലക്ഷ്യംവച്ചാണ് കേന്ദ്രാന്വേഷണമെന്ന് സിപിഎമ്മും കുറ്റപ്പെടുത്തിയിരുന്നു. അന്നു തന്നെ കേന്ദ്ര ഏജൻസിയുടെ അന്വേണഷവും വരുന്നുവെന്നതാണ് വസ്തുത.
ഇടപാടിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർ.ഒ.സി. (രജിസ്ട്രാർ ഓഫ് കമ്പനീസ്) യുടെ റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ആർ.ഒ.സി. ആവശ്യപ്പെട്ട രേഖകൾ എക്‌സാലോജിക്ക് സമർപ്പിച്ചിരുന്നില്ല. കരാറിന്റെ വിശദാംശങ്ങളും ഹാജരാക്കിയില്ല. ജി.എസ്.ടി. അടച്ചുവെന്ന് മാത്രമാണ് എക്‌സാലോജിക് മറുപടി നൽകിയത്. ഇടപാട് വിവരം സി.എം.ആർ.എൽ. മറച്ചുവെച്ചെന്നും റിലേറ്റഡ് പാർട്ടിയായ എക്‌സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആർ.ഒ.സി. റിപ്പോർട്ടിൽ പരാമർശിച്ചു. ഈ ആർ.ഒ.സി. റിപ്പോർട്ടാണ് വിഷയത്തിൽ കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്.